ന്യൂദെൽഹി:ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റിട്ട മാധ്യമപ്രവർത്തക റാണ അയ്യൂബിനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ദൽഹി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഹിമാൻഷു രമൺ സിംഗ് ദെൽഹി പോലീസിന് നിർദ്ദേശം നൽകി. ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിർദ്ദേശം. 2016 – 17 കാലത്ത് ഹിന്ദു ദൈവങ്ങളെ അപമാനിച്ചുകൊണ്ട് ഇന്ത്യ വിരുദ്ധ വികാരം പ്രചരിപ്പിക്കാനും മതസ്പർദ്ധ വളർത്താനും സമൂഹമാധ്യമങ്ങളിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകൻ കോടതിയിൽ ഹർജി നൽകിയത്. പ്രഥമദൃഷ്ട്യാ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ കടുത്ത ശത്രുത വളർത്തുന്നതിനുള്ള കുറ്റം ചെയ്തതിന് 153 എ പ്രകാരവും മന:പൂർവ്വം മത വികാരങ്ങളെ അപമാനിക്കാൻ ഉദ്ദേശിച്ചു നടത്തുന്ന പ്രവർത്തനങ്ങൾക്കെതിരെ 295 എ പ്രകാരവും കേസെടുക്കാനുള്ള തെളിവുകൾ ഉണ്ടെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു. പരാതിക്കാരന്റെ ഹർജിയിൽ ഉന്നയിച്ച വസ്തുതകൾ കണക്കിലെടുക്കുമ്പോൾ സർക്കാർ സംവിധാനത്തിന്റെ ഇടപെടൽ ഇക്കാര്യത്തിൽ ഉണ്ടാകണമെന്നും പരാതിക്കാരന് തെളിവ് ശേഖരിക്കാൻ കഴിയാത സാഹചര്യത്തിൽ അതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ദക്ഷിണ ദെൽഹിയിലെ സൈബർ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസറുടെ പരാതിയുടെ ഉള്ളടക്കമനുസരിച്ച് കേസ് രജിസ്റ്റർ ചെയ്ത് ന്യായമായ അന്വേഷണം നടത്താനാണ് കോടതി നിർദ്ദേശം നൽകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: