ന്യൂദെൽഹി:പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31ന് രാഷ്‌ട്രപതി ദ്രൗപതി മുർമുവിന്റെ പ്രസംഗത്തോടെ ആരംഭിക്കും. സമ്മേളനത്തിന്റെ ആദ്യഭാഗം 31ന് ആരംഭിച്ച് ഫെബ്രുവരി 13ന് അവസാനിക്കും. 2025ലെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് കേന്ദ്ര ധന മന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. 31ന് ഇരുസഭകളെയും രാഷ്‌ട്രപതി ദ്രൗപതി മുർമു അഭിസംബോധന ചെയ്യും. സെഷന്റെ രണ്ടാം ഭാഗം മാർച്ച് 10ന് ആരംഭിച്ച് ഏപ്രിൽ നാലിന് അവസാനിക്കും 31ന് രാഷ്‌ട്രപതിയുടെ പ്രസംഗം കഴിഞ്ഞ ഉടനെ രാജ്യസഭയുടെ പ്രത്യേക സിറ്റിംഗ് നടത്തും. ഫെബ്രുവരി മൂന്നു മുതൽ അഞ്ചുവരെ തീയതികളിൽ രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ച നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഇരുസഭകളുടെയും സുഗമമായ നടത്തിപ്പിനായി ജനുവരി 30ന് കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചതായി കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി കിരൺ റിജിജു അറിയിച്ചു. നിർമ്മല സീതാരാമൻ ഇത്തവണ അവതരിപ്പിക്കുന്നത് അവരുടെ തുടർച്ചയായ എട്ടാമത്തെ കേന്ദ്ര ബജറ്റ് ആയിരിക്കും. ഇതോടെ തുടർച്ചയായി 8 കേന്ദ്ര ബജറ്റുകൾ അവതരിപ്പിക്കുന്ന ആദ്യ ധനമന്ത്രി എന്ന ബഹുമതിയും അവർക്ക് ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: