വിക് ആന്‍ സീ (നെതര്‍ലാന്റ്സ്):ടാറ്റാ സ്റ്റീല്‍ ചെസ് 2025ല്‍ ഇന്ത്യയുടെ ഗുകേഷും പ്രജ്ഞാനന്ദയും തമ്മിലുള്ള എട്ടാം റൗണ്ടിലെ മത്സരം സമനിലയില്‍ കലാശിച്ചു. ഇതോടെ ഗുകേഷും പ്രജ്ഞാനന്ദയും അഞ്ചര പോയിന്റ് വീതം നേടി ടൂര്‍ണ്ണമെന്റിന്റെ ഒന്നാം സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. ചെസില്‍ എവിടെയും ഉയരുന്ന ഇന്ത്യന്‍ മേധാവിത്വത്തിന്റെ മറ്റൊരു ദൃഷ്ടാന്തം കൂടിയായി മാറിയിരിക്കുകയാണ് നെതര്‍ലാന്റ്സില്‍ നടക്കുന്ന ചെസിലെ വിംബിള്‍ഡണ്‍ എന്നറിയപ്പെടുന്ന ടാറ്റാ സ്റ്റീല്‍ ചെസ്. .
ലോകകപ്പ് ചാമ്പ്യന്‍പട്ടം നേടിയതിന് ശേഷമുള്ള ഗുകേഷിന്റെ ആദ്യ ടൂര്‍ണ്ണമെന്റാണിത്. തുടക്കത്തില്‍ പിന്നിലായിരുന്നെങ്കിലും പടിപടിയായി വിജയങ്ങള്‍ കൊയ്താണ് ഗുകേഷിന്റെ മുന്നേറ്റം. തുടക്കത്തില്‍ വിജയങ്ങള്‍ കൊയ്ത പ്രജ്ഞാനന്ദ കഴിഞ്ഞ മൂന്ന് റൗണ്ടുകളില്‍ സമനിലകളില്‍ കുരുങ്ങി അധിക പോയിന്റുകള്‍ നേടാനാകാത്ത സ്ഥിതിയിലാണെങ്കിലും ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നു.
ഇവര്‍ക്കൊപ്പം അഞ്ചര പോയിന്റുമായി ഉക്രൈന്റെ നോഡിര്‍ബെക് അബ്ദുസത്തൊറോവും മുന്‍പന്തിയിലുണ്ട്. അതേ സമയം ഏത് സമയത്തും ഒന്നാം സ്ഥാനത്തേക്ക് കയറിവരാം എന്ന നിലവാരത്തിലേക്ക് യുഎസിന്റെ ഫാബിയാനോ കരുവാനയും ചൈനയുടെ വെയ് യിയും മുന്നേറിയിരിക്കുകയാണ്. ഇരുവരും എട്ടാം റൗണ്ടില്‍ വിജയം നേടിയതോടെ ഇരുവര്‍ക്കും നാലര പോയിന്റ് വിതമുണ്ട്. ഇവര്‍ മൂന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്റോടെ വ്ളാഡിമിര്‍ ഫിഡൊസീവ് ആണ് രണ്ടാം സ്ഥാനത്ത്.
ജര്‍മ്മനിയുടെ വിന്റസെന്റ് കെയ്മറെയാണ് യുഎസിന്റെ ഫാബിയാനോ കരുവാന തോല്പിച്ചത്. ഡച്ച് താരം മാക്സ് വാര്മെര്ഡാമിനെയാണ് ചൈനയുടെ വെയ് യി തോല്പിച്ചത്. ഇന്ത്യയുടെ പെന്റല ഹരികൃഷ്ണയും ഡച്ച് താരം അനീഷ് ഗിരിയുമായുള്ള മത്സരം സമനിലയിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: