വടക്കന്‍ വീരഗാഥ എന്ന സിനിമ നിര്‍മ്മിക്കുന്നതിന് മുന്‍പ് നടന്‍ മമ്മൂട്ടിക്കും എഴുത്തുകാരന്‍ എംടിയ്‌ക്കും ഒരു നിര്‍ബന്ധമുണ്ടായിരുന്നു- സിനിമയില്‍ പാട്ട് വേണ്ട. പക്ഷെ പാട്ടുകളുടെ കാമുകനാണ് സംവിധായകന്‍ ഹരിഹരന്‍. പണ്ട് വയലാറിനെക്കൊണ്ട് വരെ വരി തിരുത്തിയെഴുതിച്ചിട്ടുള്ള ഗാനാസ്വാദകനായ സംവിധായകന്‍. പാട്ടാണ് സിനിമയുടെ ആത്മാവെന്ന് വിശ്വസിച്ച സംവിധായകന്‍. അദ്ദേഹം വടക്കന്‍ വീരഗാഥയില്‍ പാട്ട് വേണമെന്ന് വാശിപിടിച്ചു.
ഹരിഹരന്റെ വാശിക്ക് മുന്‍പില്‍ എംടിയും മമ്മൂട്ടിയും വഴങ്ങി. സംഗീതം ചെയ്യാന്‍ ബോംബെ രവിയെ കൊണ്ടവന്നു. വരികള്‍ എഴുതാന്‍ കെ. ജയകുമാര്‍ ഐഎഎസിനേയാണ് ഏല്‍പിച്ചത്. പക്ഷെ രണ്ടു പാട്ടുകള്‍ മാത്രം എഴുതിയ അദ്ദേഹം ജോലിത്തിരക്കുകള്‍ കാരണം പോകേണ്ടിവന്നു. അന്ന് കോഴിക്കോട് കളക്ടര്‍ ആയിരുന്നു കെ. ജയകുമാര്‍. ജയകുമാര്‍ തിരക്ക് കാരണം പോയപ്പോള്‍ മറ്റ് രണ്ട് പാട്ടുകള്‍ കൂടി എഴുതേണ്ടതുണ്ടായിരുന്നു. ഇതിന് ഹരിഹരന്‍ വിളിച്ചത് കൈതപ്രത്തെയാണ്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട രംഗത്തിനാണ് ഒരു ഗാനം വേണ്ടത്. ചതിയന്‍ ചന്തു പ്രണയാര്‍ദ്രനാണ് ഉണ്ണിയാര്‍ച്ചയെ കാണാന്‍ വരുന്ന രാത്രി. സ്വപ്നവും യാഥാര്‍ത്ഥ്യവും വേര്‍തിരിക്കുന്ന അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്ന രീതിയിലായിരിക്കണം ചിത്രീകരണം എന്ന ഹരിഹരന്റെ നിര്‍ദേശം അതുപോലെ സാധ്യമാക്കി ക്യാമറയിലൂടെ രാമചന്ദ്രബാബു. ചന്തുവിനെക്കുറിച്ചുള്ള ഉണ്ണിയാര്‍ച്ചയുടെ സ്വപ്നങ്ങള്‍ നിറയണം വരികളില്‍. കൈതപ്രം എഴുതി:
“ഇന്ദുലേഖ കൺതുറന്നു
ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണർത്തി
മന്മഥന്റെ തേരിലേറ്റി”
പുഴയുടെ മാറില്‍ വീണു തിളങ്ങുന്ന ചന്ദ്രബിംബം. നിലാവില്‍ കുതിരപ്പുറത്ത് വരുന്ന അജയ്യനായ പോരാളിയായി ചന്തു.
“എവിടെ സ്വർഗ്ഗകന്യകൾ
എവിടെ സ്വർണ്ണച്ചാമരങ്ങൾ
ആയിരം ജ്വാലാമുഖങ്ങളായ്
ധ്യാനമുണരും തുടി മുഴങ്ങി”
കൈതപ്രത്തിന്റെ ഭാവന ചിറകുവിരിയ്‌ക്കുന്നു.
“ആരുടെ മായാമോഹമായ്
ആരുടെ രാഗഭാവമായ്
ആയിരം വർണ്ണരാജികളിൽ
ഗാനമുണർത്തും ശ്രുതി മുഴങ്ങി”.
കൈതപ്രം ആദ്യമെഴുതിയ വരികള്‍ ഹരിഹരന്‍ ഒന്ന് രണ്ട് തവണ തിരുത്തിയെഴുതിച്ചിരുന്നു. ഒടുവില്‍ ഹരിഹരന് ഇഷ്ടമായ വരികള്‍ കൈതപ്രത്തില്‍ നിന്നും പിറന്നു.
ഈ ഗാനം വടക്കന്‍ വീരഗാഥയിലെ മാസ്റ്റര്‍ പീസായി. ജനം അത് വികാരവായ്പോടെ ഏറ്റെടുത്തു. ഈ ഗാനം ഹരിഹരന്‍ ഇഷ്ടപ്പെടുന്ന ഏറ്റവും നല്ല ഗാനങ്ങളിലൊന്നായി പിന്നീട് മാറുകയും ചെയ്തു. ജയകുമാര്‍ എഴുതിയ ചന്ദ്രലേപ സുഗന്ധം ചൂടിയതാരോ കാറ്റോ കാമിനിയോ എന്ന ഗാനമാണ് കൂടുതല്‍ ജനപ്രിയമായത്. അതുപോലെ ‘കളരിവിളക്ക് തെളിഞ്ഞതാണോ’ എന്ന ഗാനവും സിനിമയ്‌ക്ക് മാറ്റ് കൂട്ടി.
ആദ്യ ഷോ കഴിഞ്ഞയുടന്‍ ഹരിഹരന് മമ്മൂട്ടിയുടെ കാള്‍ വന്നു. “സാര്‍ പാട്ടുകളാണ് സിനിമയുടെ ഹൈലൈറ്റ് എന്ന് ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു. സിനിമയില്‍ പാട്ട് വേണ്ട എന്ന എന്റെ ആദ്യത്തെ അഭിപ്രായം ഞാന്‍ പിന്‍വലിക്കുകയാണ്.”. ഇതാണ് മമ്മൂട്ടി പറഞ്ഞത്. എംടിയ്‌ക്കും മമ്മൂട്ടിയുടെ അതേ അഭിപ്രായത്തോട് യോജിച്ചു. ഗാനങ്ങളുടെ ആരാധകനായ ഹരിഹരന് ആശ്വാസമായി.
ഇന്ന് വടക്കന്‍ വീരഗാഥ വീണ്ടും റിലീസിനൊരുങ്ങുകയാണ്. ഫോര്‍ കെ പതിപ്പ് തയ്യാറായിക്കഴിഞ്ഞു. ഒരിയ്‌ക്കല്‍കൂടി ഈ പാട്ടുകള്‍ തീയറ്ററുകളില്‍ ആസ്വദിക്കാന്‍ പ്രേക്ഷകര്‍ക്ക് അവസരമൊരുങ്ങുന്നു.
ഇന്ദുലേഖ കണ്‍തുറന്നൂ ഇന്ന് രാവും സാന്ദ്രമായ്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: