റിയാദ്: പ്രവാസികളുടെ നെഞ്ചിൽ തീ കോരിയിട്ട് കൂടുതൽ മേഖകളിൽ സ്വദേശിവത്കരണം നടപ്പിലാക്കാനൊരുങ്ങി സൗദി ഭരണകൂടം.രാജ്യത്തെ കൂടുതൽ തൊഴിൽ പദവികളിൽ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് സൗദി അധികൃതർ അറിയിച്ചു. ഇന്നലെയാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. സൗദി പ്രസ്സ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ഈ അറിയിപ്പ് പ്രകാരം 269 തൊഴിൽ പദവികളിൽ കൂടി സ്വദേശിവത്കരണം നടപ്പിലാക്കാൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
സൗദി ആരോഗ്യ മന്ത്രാലയം, വാണിജ്യ മന്ത്രാലയം, മുനിസിപ്പാലിറ്റീസ് ആൻഡ് ഹൗസിങ് മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് സോഷ്യൽ ഡവലപ്മെന്റ് ഈ തീരുമാനം നടപ്പിലാക്കുന്നത്. ഇത് പ്രകാരം, വരും മാസങ്ങളിൽ 269 തൊഴിൽ പദവികളിലെ സ്വദേശിവത്കരണ നിരക്ക് ഉയർത്താൻ മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്.
2025 ജൂലൈ 23-ന് പ്രാബല്യത്തിൽ വരുന്ന രീതിയിൽ ഫാർമസി തൊഴിലുകളിൽ സ്വദേശിവത്കരണ നിരക്ക് ഉയർത്തുന്നതാണ്. അഞ്ചിൽ കൂടുതൽ പേർ ഫാർമസി തൊഴിലുകളിലിരിക്കുന്ന സ്ഥാപനങ്ങളിൽ താഴെ പറയുന്ന നിരക്കിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:
കമ്യൂണിറ്റി ഫാർമസികൾ, മെഡിക്കൽ കോംപ്ലക്സുകൾ – 35 ശതമാനം.
ആശുപത്രികളിലെ ഫാർമസി പ്രവർത്തനങ്ങളിൽ – 65 ശതമാനം.
മറ്റ് ഫാർമസി പ്രവർത്തനങ്ങളിൽ – 55 ശതമാനം.
മൂന്നിൽ കൂടുതൽ പേർ ഡന്റൽ തൊഴിലുകളിലിരിക്കുന്ന സ്ഥാപനങ്ങളിൽ താഴെ പറയുന്ന നിരക്കിലാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:
ആദ്യ ഘട്ടത്തിൽ – 2025 ജൂലൈ 23 മുതൽ 45 ശതമാനം.
രണ്ടാം ഘട്ടത്തിൽ – 2026 ജൂലൈ 23 മുതൽ 55 ശതമാനം.
ഡന്റൽ മേഖലയിലെ സ്വദേശികളുടെ ചുരുങ്ങിയ വേതനം 9,000 റിയാലാക്കി ഉയർത്താനും തീരുമാനിച്ചിട്ടുണ്ട്.
അക്കൗണ്ടിംഗ് തൊഴിൽ പദവികളിൽ താഴെ പറയുന്ന പ്രകാരമാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:
2025 ഒക്ടോബർ 22-ന് ആരംഭിക്കുന്ന രീതിയിൽ അഞ്ച് വർഷങ്ങളിലായി ഇത് നടപ്പിലാക്കുന്നതാണ്.
ആദ്യ ഘട്ടത്തിൽ അഞ്ചോ, അതിൽ കൂടുതലോ അക്കൗണ്ടന്റുമാർ ഉള്ള സ്ഥാപനങ്ങളിൽ 40 ശതമാനം സ്വദേശിവത്കരണം.
തുടർന്ന് അഞ്ച് വർഷം കൊണ്ട് പടിപടിയായി സ്വദേശിവത്കരണ നിരക്ക് 70 ശതമാനമാക്കി ഉയർത്തുന്നതാണ്.
ടെക്നിക്കൽ എഞ്ചിനീയറിങ് തൊഴിൽ പദവികളിൽ താഴെ പറയുന്ന പ്രകാരമാണ് സ്വദേശിവത്കരണം നടപ്പിലാക്കുന്നത്:
2025 ജൂലൈ 23-ന് ആരംഭിക്കുന്ന രീതിയിൽ അഞ്ചോ, അതിൽ കൂടുതലോ ഈ തൊഴിൽ പദവികളുള്ള സ്ഥാപനങ്ങളിൽ 30 ശതമാനം സ്വദേശിവത്കരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: