ആലുവ: ആലുവയിൽ കർണ്ണാടക സ്വദേശിയെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കുറുകൾക്കകം പിടികൂടി റൂറൽ ജില്ലാ പോലീസ്. ആലുവ മണലിമുക്ക് പുത്തൻപുരയിൽ അൽത്താഫ് അസീസ് (28), പുത്തൻപുരയിൽ ആദിൽ അസീസ് (27), വെസ്റ്റ് കടുങ്ങല്ലൂർ അമ്പാക്കുടി ഹൈദ്രോസ് (37), വെസ്റ്റ് കടുങ്ങല്ലൂർ മൂത്തേടത്ത് ഫസിൽ (37), മണലിമുക്ക് പുത്തൻപുരയിൽ മുഹമ്മദ് അമൽ (31), കുഞ്ഞുണ്ണിക്കര ഉളിയന്നൂർ ചിറമൂരിയിൽ മുഹമ്മദ് ആരിഫ് ഖാൻ (33), മുപ്പത്തടം കടുങ്ങല്ലുർ ചെറുകടവിൽ സിജോ ജോസ് (37) എന്നിവരെയാണ് ആലുവ പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ട് പോകാൻ ഉപയോഗിച്ച മൂന്ന് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായർ രാവിലെ 11 മണിയോടെയാണ് മോർച്ചറിയുടെ മുൻവശത്ത് നിന്ന് ഏഴ് അംഗ സംഘം കർണ്ണാടക സ്വദേശി ഗോമയ്യ എന്നയാളെ കാറിൽതട്ടിക്കൊണ്ടു പോയത്. സംഭവം കണ്ട ലോട്ടറി വിൽപ്പനക്കാരനായ ശശി എന്നയാൾ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ടൗണും പരിസരവും വളഞ്ഞ് ഉളിയന്നൂർ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്ത് നിന്നാണ് ഗോമയ്യയെ കണ്ടെത്തിയത്. കഴിഞ്ഞ ഡിസംബറിൽ അൽത്താഫിന് വ്യാജ സ്വർണ്ണം നൽകി ഈ കർണ്ണാടക സ്വദേശികൾ കബളിപ്പിച്ചതായി അൽത്താഫ് പറഞ്ഞു.
ഭൂമി കുഴിച്ചപ്പോൾ കിട്ടിയ സ്വർണ്ണം കുറഞ്ഞ് വിലയ്‌ക്ക് നൽകാമെന്ന് പറഞ്ഞാണ് അന്ന് സമീപിച്ചത്. 3 ലക്ഷം നൽകി സ്വർണ്ണം വാങ്ങി. പിന്നീടാണ് ഇത് പിച്ചളയാണെന്ന് മനസിലായത്. തുടർന്ന് സ്വർണ്ണം ആവശ്യമുണ്ടെന്ന് പറഞ്ഞ് വേറെ ആളുകളെന്ന പേരിലാണ് ഞായറാഴ്ച ആലുവയിലേക്ക് വിളിച്ചു വരുത്തിയത്. ഇവരെ റയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയായ കാറിൽ കയറ്റി മോർച്ചറിക്ക് സമീപം എത്തിച്ചു. അവിടെ വച്ച് ബലമായി മറ്റൊരു വാഹനത്തിൽ കയറ്റി.
ഇതിനിടെ ഗോമയ്യയുടെ സുഹൃത്ത് ഓടി രക്ഷപ്പെട്ടു. പോകുന്ന വഴി ഗോമയ്യയുടെ ഫോൺ വാങ്ങി സംഘം ഇയാളുടെ അച്ഛനുമായി ബന്ധപ്പെട്ട് അഞ്ചു ലക്ഷം രൂപ തന്നില്ലെങ്കിൽ മകനെ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. പോലീസിൽ വിവരം കിട്ടിയ ഉടനെ ടീമുകളായി തിരിഞ്ഞ് അന്വേഷണമാരംഭിച്ച് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടി.
ഡി.വൈ.എസ്.പി ടി. ആർ രാജേഷ്, എസ് എച്ച് ഒ എം എം മഞ്ജുദാസ് എസ് ഐ മാരായ കെ നന്ദകുമാർ, അബ്ദുൾ ജലീൽ, പി എം സലീം, ചിത്തുജി, സുജോ ജോർജ്ജ്, സീനിയർ സി പി ഒ മാരായ പി എ നൗഫൽ, മുഹമ്മദ് അമീർ, മാഹിൻഷാ അബൂബക്കർ, കെ എം മനോജ്, കെ എ നൗഫൽ, പി ജെ വർഗ്ഗീസ്, സി റ്റി മേരിദാസ്, എസ് സുബ്രഹ്മണ്യൻ, ഷിബിൻ തോമസ്, പി എ ജാബിർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: