Kerala

പണിമുടക്കുന്ന റേഷന്‍ വ്യാപാരികള്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരുമെന്ന് മന്ത്രി അനില്‍

Published by

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ നടത്താനിരിക്കുന്ന കടയടച്ചുള്ള പണിമുടക്ക് സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് സര്‍ക്കാരിന് അഭ്യര്‍ത്ഥിക്കാനുള്ളതെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിച്ചുകൊണ്ടുള്ള ഒരു സമരത്തെയും സര്‍ക്കാരിന് അംഗീകരിക്കുവാന്‍ കഴിയില്ല. ജനങ്ങള്‍ക്ക് മുടക്കം കൂടാതെ ഭക്ഷ്യ ധാന്യങ്ങള്‍ എത്തിക്കുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ആരുടെ വീഴ്‌ച്ചകൊണ്ടാണോ ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ നിഷേധിക്കപ്പെട്ടത് അവര്‍ ഗുണഭോക്താക്കള്‍ക്ക് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരും. ഇവിടെ സര്‍ക്കാരിന്റെ വീഴ്‌ച്ചകൊണ്ടല്ല ജനങ്ങള്‍ക്ക് ഭക്ഷ്യ ധാന്യങ്ങള്‍ മുടങ്ങുന്നത്.
എന്‍.എഫ്.എസ്.എ നിയമ പ്രകാരം അര്‍ഹതപ്പെട്ട ഭക്ഷ്യധാന്യം ലഭിക്കാത്ത സാഹചര്യത്തില്‍ ഗുണഭോക്താവിന് ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കാന്‍ പ്രസ്തുത നിയമം വ്യവസ്ഥ ചെയ്യുന്നു. സര്‍ക്കാര്‍ വാതില്‍പടി വിതരണം പൂര്‍ത്തിയാക്കുകയും തുടര്‍ന്നും ഭക്ഷ്യ ധാന്യങ്ങള്‍ ധാന്യങ്ങള്‍ ജനങ്ങളിലേക്ക് വിതരണം ചെയ്യാന്‍ തയ്യാറാവുകയും ചെയ്യുന്ന സാഹചര്യത്തില്‍, റേഷന്‍ വ്യാപാരികള്‍ എത്തിക്കാന്‍ ബാധ്യസ്ഥരാണ്. അല്ലാത്ത പക്ഷം ഗുണഭോക്താവിന് അവര്‍ ഫുഡ് സെക്യൂരിറ്റി അലവന്‍സ് നല്‍കേണ്ടിവരുമെന്നും മന്ത്രി ഓര്‍മ്മപ്പെടുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക