കൊച്ചി: കൊച്ചിയിലെ ഒരു ഡീംഡ് യൂണിവേഴ്സിറ്റി ആതിഥേയത്വം വഹിക്കുന്ന ‘ദ സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025’ ന്റെ പ്രചരണാര്‍ത്ഥം സൃഷ്ടിച്ച സാങ്കല്‍പിക വാര്‍ത്തകളെ യഥാര്‍ത്ഥ വാര്‍ത്ത പോലെ ടിവി ചാനലില്‍ വായിച്ച മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍കുമാറിന് സമൂഹമാധ്യമത്തില്‍ ട്രോള്‍. പരസ്യമാണെന്ന് പറഞ്ഞ് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചതിനെ വാര്‍ത്ത പോലെ വായിച്ചത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെന്നും ഇത് അങ്ങേയറ്റം മോശമായി എന്നാണ് മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ രാമചന്ദ്രന്‍ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഇന്നത്തെ പത്രങ്ങള്‍ കൗതുകകരമായാണ് ഈയൊരു പരസ്യം നല്‍കിയിരിക്കുന്നതെന്ന് പറയേണ്ടതിന് പകരം അത് വാര്‍ത്ത പോലെ പറഞ്ഞത് മണ്ടത്തരമായിപ്പോയി എന്നും രാമചന്ദ്രന്‍ വിലയിരുത്തുന്നു.
ഫ്യൂച്ചര്‍ 2025 പരിപാടിയുടെ പ്രചരണാര്‍ത്ഥം ഇറക്കിയ പരസ്യം മിക്കവാറും എല്ലാ ദിനപത്രങ്ങളും പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഒരു സാങ്കല്‍പിക വാര്‍ത്ത ഫെബ്രുവരി 15 മുതല്‍ നോട്ടുകള്‍ നിരോധിക്കുമെന്നും ഇനി ഡിജിറ്റല്‍ കറന്‍സിയേ ഉണ്ടായിരിക്കൂ എന്നതായിരുന്നു. എല്ലാ മലയാളപത്രങ്ങളുടെയും മുന്‍പേജില്‍ പരസ്യമെന്ന് തോന്നിക്കാത്ത രീതിയില്‍ ഈ വാര്‍ത്തകള്‍ അച്ചടിച്ച് വന്നത് വായിച്ച് ജനങ്ങളും അല്‍പം പരിഭ്രാന്തരായിപ്പോയിരുന്നു.
എന്നാല്‍ പത്രങ്ങളില്‍ വന്ന ഈ പരസ്യം പരസ്യമല്ല, സത്യമായ വാര്‍ത്തയാണ് എന്ന മട്ടില്‍ അരുണ്‍കുമാര്‍ ടിവിയില്‍ അവതരിപ്പിച്ചതാണ് കുടുതല്‍ ആശയക്കുഴപ്പം ഉണ്ടാക്കിയത്. 2025 ഫെബ്രവരി 15 മുതല്‍ നോട്ടുകള്‍ നിരോധിക്കുമെന്നും ഇനി ഡിജിറ്റല്‍ കറന്‍സിമാത്രമേ നിലവിലുണ്ടാകൂ എന്നും റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു എന്ന രീതിയിലാണ് അരുണ്‍കുമാര്‍ വായിച്ചത്.
റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രഭാതപരിപാടിയിലാണ് അരുണ്‍കുമാര്‍ ഗൗരവമുള്ള ഒരു വാര്‍ത്തയായി ഇത് അവതരിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: