പെരുമ്പാവൂർ : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാൾ പിടിയിൽ. കുറുപ്പംപടി രായമംഗലം കുരുവപ്പാറ അട്ടായത്ത് വീട്ടിൽ ബിനിൽകുമാർ (41) നെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മാത്രം പതിനഞ്ചോളം പേർക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത കാലത്തായി അമ്പതിലേറെ പേർ ഈ തട്ടിപ്പുസംഘത്തിന്റെ ഇരകളായിട്ടുണ്ടെന്നാണ് ഉദ്യോഗാർത്ഥികൾ പോലീസിനോട് പറഞ്ഞത്. സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിൽ പാക്കിംഗ് ഹെൽപ്പർ ജോലിയാണ് വാഗ്‌ദാനം നൽകിയത്.
രണ്ട് ലക്ഷത്തോളം രൂപ ശംബളവും ഓഫർ ചെയ്തിരുന്നു. ചിലർക്ക് വ്യാജ വിസയും നൽകി. ലക്ഷങ്ങളാണ് ഉദ്യോർത്ഥികളിൽ നിന്ന് വാങ്ങിയിരുന്നത്. ഓരോ കാരണങ്ങൾ പറഞ്ഞ് യാത്ര നീട്ടിക്കൊണ്ടുപോവുകയായിരുന്നു. പെരുമ്പാവൂരിൽ ഫ്ലൈവില്ലോ ട്രീ ഇൻ്റർനാഷനൽ എന്ന സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പ് നടത്തിയത്.
തുടർന്ന് ഇയാൾ ഒളിവിൽ പോയി. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ രുപീകരിച്ച അന്വേഷണ സംഘം തൊടുപുഴ ഇടവെട്ടിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പുനലൂർ, വാഴക്കുളം, ചെങ്ങമനാട്, ആലുവ, ഹിൽ പാലസ് തുടങ്ങിയ സ്റ്റേഷനുകളിൽ സമാനമായ കേസുകൾ ഇയാൾക്കെതിരെയുണ്ട്.
ഇൻസ്പെക്ടർ ടി. എം സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം റാസിഖ്, എൽദോ കുര്യാക്കോസ്, സീനിയർ സി പി ഒ മാരായ മിഥുൻ മുരളി, മുഹമ്മദ് ഷാ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: