അന്നപൂര്‍ണാ ദേവി
കേന്ദ്ര വനിതാ ശിശു വികസന മന്ത്രി
2047 ഓടെ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്ക് ആത്മവിശ്വാസത്തോടെ ഭാരതം മുന്നേറുമ്പോള്‍, സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ നാം എത്രത്തോളം മുന്നോട്ടുപോയി എന്നതിന്റെ തെളിവാണു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ പരിവര്‍ത്തനാത്മക സ്വാധീനം. 2015 ജനുവരി 22നു ഹരിയാണയിലെ പാനീപ്പത്തില്‍ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതി ആരംഭിച്ചത്. ഭാരതത്തിലെ കുറഞ്ഞുവരുന്ന ശിശുലിംഗാനുപാതം (സിഎസ്ആര്‍) പരിഹരിക്കാനും രാജ്യത്തുടനീളമുള്ള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അര്‍ഹമായ അവസരങ്ങളും പരിചരണവും അന്തസ്സും ലഭിക്കുന്നുവെന്നുറപ്പാക്കാനുമായിരുന്നു ഈ സംരംഭം.
2011ലെ കാനേഷുമാരിയില്‍ ശിശുലിംഗാനുപാതം 918 ആയിരുന്നു. സാമൂഹ്യപക്ഷപാതങ്ങളുടെയും രോഗനിര്‍ണയ ഉപകരണങ്ങളുടെ ദുരുപയോഗത്തിന്റെയും വ്യക്തമായ പ്രതിഫലനമായിരുന്നു ഇത്. ലക്ഷ്യബോധമുള്ളതും ജീവിതചക്രം കേന്ദ്രീകരിച്ചുള്ളതുമായ ഇടപെടലുകളിലൂടെ, ഈ പ്രവണതയ്‌ക്കു മാറ്റംവരുത്താന്‍ മാത്രമല്ല, സ്ത്രീകള്‍ നയിക്കുകയും അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന ഭാവിക്ക് അടിത്തറയിടാനും കൂടിയാണു ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ ആരംഭിച്ചത്.
കഴിഞ്ഞ ദശകത്തില്‍, ഈ പദ്ധതി ഗണ്യമായ പുരോഗതി കൈവരിച്ചു. ആരോഗ്യ പരിപാലന വിവര സംവിധാനത്തിന്റെ കണക്കനുസരിച്ച്, ദേശീയ ജനന സമയ ലിംഗാനുപാതം 2014-15ല്‍ 918 ആയിരുന്നത് 2023-24ല്‍ 930 എന്ന നിലയില്‍ മെച്ചപ്പെട്ടു. ആശുപത്രി പ്രസവങ്ങള്‍ 2014-15ലെ 61 ശതമാനത്തില്‍നിന്ന് 2023-24ല്‍ 97.3 ശതമാനമായി വര്‍ധിച്ചു. ആദ്യ മൂന്നു മാസങ്ങളില്‍ പ്രസവാനന്തര പരിചരണ രജിസ്‌ട്രേഷന്‍ 61 ശതമാനത്തില്‍നിന്ന് 80.5 ശതമാനമായി വര്‍ധിച്ചു. സെക്കന്‍ഡറി തലത്തില്‍ പെണ്‍കുട്ടികളുടെ മൊത്തം പ്രവേശന അനുപാതം 2014-15ല്‍ 75.51ശതമാനമായിരുന്നു. ഇത് 2021-22ല്‍ 79.4ശതമാനമായി വര്‍ധിച്ചു. മാത്രമല്ല, നവജാത ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമിടയില്‍ ശിശുമരണ നിരക്കിലെ അന്തരം ഏകദേശം ഇല്ലാതാകുകയും ചെയ്തു. അതിജീവനത്തിലും പരിചരണത്തിലും തുല്യതയ്‌ക്കായുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്.
സ്ഥിതിവിവരക്കണക്കുകള്‍ മെച്ചപ്പെടുത്തുന്നതിനപ്പുറത്തേക്കു പോയ ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പ്രസ്ഥാനം, സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട ആഖ്യാനത്തെ പുനര്‍നിര്‍വചിച്ചു. 2023 ഒക്ടോബറില്‍ 150 വനിതാ ബൈക്ക് യാത്രികര്‍ നടത്തിയ 10,000 കിലോമീറ്റര്‍ യാത്രയായ ‘യശസ്വിനി ബൈക്ക് എക്‌സ്‌പെഡിഷന്‍’ പോലുള്ള സംരംഭങ്ങള്‍ രാജ്യത്തെ പെണ്‍മക്കളുടെ അജയ്യമായ മനോഭാവത്തിന്റെ പ്രതീകമാണ്. സ്‌കൂള്‍ പഠനം ഉപേക്ഷിച്ച 1,00,786 പെണ്‍കുട്ടികള്‍, 2022ലെ ‘കന്യാ ശിക്ഷാ പ്രവേശനോത്സവി’ല്‍ സ്‌കൂളിലേക്കു തിരികെയെത്തി. ഇതു ജീവിതത്തെ രൂപാന്തരപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസത്തിന്റെ ശക്തി പ്രകടമാക്കി. നൈപുണ്യവികസനത്തെക്കുറിച്ചുള്ള ദേശീയ സമ്മേളനം തൊഴില്‍ശക്തിയില്‍ സ്ത്രീകളുടെ സജീവ പങ്കാളിത്തത്തിന്റെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കി. ഇതു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടിലേക്കു നമ്മെ അടുപ്പിച്ചു.
പരിവര്‍ത്തനാത്മകമായ ഈ സംരംഭത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ദൗത്യം അവസാനിച്ചിട്ടില്ല എന്നതു വ്യക്തമാണ്. വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കില്‍, നമ്മുടെ രാഷ്‌ട്രനിര്‍മാണശ്രമങ്ങളുടെ കാതലില്‍ പെണ്‍കുട്ടികളും സ്ത്രീകളുമുണ്ടെന്ന് ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും അവരുടെ മുഴുവന്‍ കഴിവും ഉപയോഗിച്ചു ജീവിക്കാന്‍ കഴിയുന്നതുവരെ വികസനം സാധ്യമാകില്ല. നിര്‍ണായക നടപടി സ്വീകരിക്കേണ്ട സമയമാണിത്. ഗര്‍ഭധാരണത്തിനു മുമ്പും പ്രസവത്തിനു മുമ്പുമുള്ള രോഗനിര്‍ണയ രീതികള്‍ സംബന്ധിച്ച 1994ലെ (പിസിപിഎന്‍ഡിടി) നിയമം നടപ്പാക്കലിനു കരുത്തേകുകയും വിദ്യാഭ്യാസത്തിലെ കൊഴിഞ്ഞുപോക്കു പരിഹരിക്കുകയും നൈപുണ്യവികസന പരിപാടികള്‍ വികസിപ്പിക്കുകയും പെണ്‍കുട്ടിയുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ലക്ഷ്യബോധമുള്ള ഇടപെടലുകള്‍ നടത്തുകയും വേണം.
2023-2024 സാമ്പത്തിക വര്‍ഷത്തില്‍, രാജ്യത്തെ വനിതാ തൊഴില്‍ശക്തി പങ്കാളിത്തം 41.7ശതമാനമായിരുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു ഗണ്യമായ വര്‍ധനയാണെങ്കിലും, ഇപ്പോഴും പുരുഷന്മാരുടെ തൊഴില്‍ശക്തി പങ്കാളിത്തത്തേക്കാള്‍ താഴെയാണ് ഈ കണക്കുകള്‍. നഗരപ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്തം രാജ്യത്തെ ഗ്രാമപ്രദേശങ്ങളിലെ സ്ത്രീ തൊഴില്‍ശക്തി പങ്കാളിത്തത്തേക്കാള്‍ കുറവാണെന്നതും ശ്രദ്ധേയമാണ്. രാജ്യത്തെ വലിയൊരു വിഭാഗം സ്ത്രീകള്‍ വേതനമില്ലാത്ത ഗാര്‍ഹിക പരിചരണ ജോലികളില്‍ വ്യാപൃതരാണ്. പരിചരണ ജോലിയെ സാധുവായ ജീവിതോപാധിയായും തൊഴിലായും പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗം സൃഷ്ടിക്കുന്നതിനും ശ്രമം തുടരണം. അതിലൂടെ, പരിചരണ ജോലിയില്‍ പരിശീലനം നേടിയ, അതു പിന്തുടരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക്, സാമ്പത്തിക സ്വാതന്ത്ര്യം നേടുന്നതിനൊപ്പം അവരുടെ ശ്രമങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്‌ക്കായി സംഭാവനയേകുന്നതിനും സാധിക്കും. ലോക സാമ്പത്തിക ഫോറത്തിന്റെ അഭിപ്രായത്തില്‍, തൊഴില്‍ശക്തിയിലെ ലിംഗഭേദം നികത്തുന്നത് ആഗോള ജിഡിപി 20 ശതമാനം വര്‍ധിപ്പിക്കാനിടയാക്കും. രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് അവസരം മാത്രമല്ല, ആവശ്യകത കൂടിയാണ്. 2047 ഓടെ ഒരു ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥ കൈവരിക്കുന്നതിനും വികസിത രാഷ്‌ട്രമായി മാറുന്നതിനുമുള്ള നമ്മുടെ ലക്ഷ്യം കൈവരിക്കുന്നതിനു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വികസനം പ്രധാനമാണ്. ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി’ വെറുമൊരു പദ്ധതിയല്ല; ദശലക്ഷക്കണക്കിനു സ്ത്രീകളെ പ്രചോദിപ്പിക്കുകയും ഇന്ത്യയുടെ പുരോഗതിയുടെ മുന്‍നിരയില്‍ അവരെ അണിനിരത്തുകയും ചെയ്ത മുന്നേറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: