കൊല്ലം : ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭാര്യയെ ഉപേക്ഷിക്കാന്‍ ശ്രമിച്ച പള്ളി ഇമാം അറസ്റ്റില്‍. മൈനാഗപ്പള്ളി സ്വദേശി അബ്ദുള്‍ ബാസിത്തിനെയാണ് ഭാര്യയുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട വായ്പൂരിലെ ഊട്ടുകുളം പള്ളിയിലെ ഇമാം ആണ് അബ്ദുള്‍ ബാസിത്.
ചവറ പൊലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്ത് പ്രതിയെ പിടികൂടിയത്. ആദ്യവിവാഹക്കാര്യം മറച്ചുവെച്ചാണ് അബ്ദുള്‍ ബാസിത് പരാതിക്കാരിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹം കഴിച്ച് ആദ്യ ഭാര്യയെ വാടക വീട്ടിലേക്കാണ് കൊണ്ടുപോയത്. ഇക്കാര്യം പിന്നീടാണ് അറിഞ്ഞതെന്നും പരാതിക്കാരിയായ 20 കാരി പറഞ്ഞു.
ഇത് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് പ്രതി മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും ആരംഭിച്ചതായി പരാതിയില്‍ പറയുന്നു. ഇതിന് പിന്നാലെ കഴിഞ്ഞയാഴ്ച യുവതിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവിട്ടിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ അവധിയെടുത്ത് വീട്ടിലേക്ക് പോവുകയാണെന്നാണ് പ്രതി പള്ളിയെ അറിയിച്ചു.ഒരു വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലാണെന്ന് പ്രതിയുടെ വീട്ടുകാരും പള്ളിയെ ധരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: