ന്യൂദല്‍ഹി: നാവിക സേനയ്‌ക്ക് ആറ് അന്തര്‍വാഹിനികള്‍ നിര്‍മിക്കാനൊരുങ്ങി പ്രതിരോധ മന്ത്രാലയം. ഭാരതത്തിലെ പൊതുമേഖലാ കപ്പല്‍ നിര്‍മാണ സ്ഥാപനം മസഗോണ്‍ ഡോക്ക്യാര്‍ഡ്, ജര്‍മന്‍ കമ്പനി തൈസ്സെന്‍ക്രുപ്പ് മറൈന്‍ സിസ്റ്റം എന്നിവയുടെ സംയുക്ത സംരംഭത്തിനാണ് അന്തര്‍വാഹിനി നിര്‍മിക്കാനുള്ള കരാര്‍. പ്രോജക്ട് 75ഐ എന്ന പദ്ധതി പ്രകാരമാണ് നിര്‍മാണം. 70,000 കോടി രൂപയാണ് ചെലവു പ്രതീക്ഷിക്കുന്നത്.
ഏറെ നേരം സമുദ്രാന്തര്‍ ഭാഗത്ത് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനമുള്ള അന്തര്‍വാഹിനികളാണ് നാവികസേന ആവശ്യപ്പെട്ടത്. കരയാക്രമണ ശേഷി, കപ്പലുകളെ ആക്രമിക്കല്‍, അന്തര്‍വാഹിനികളെ തകര്‍ക്കല്‍, രഹസ്യവിവര ശേഖരണം തുടങ്ങിയ സംവിധാനങ്ങളും നാവികസേന ആവശ്യപ്പെട്ടിരുന്നു. നിലവില്‍ ജര്‍മന്‍ നാവികസേനാ ഭാഗമായുള്ള ടൈപ്പ് 214 ക്ലാസില്‍പ്പെടുന്ന അന്തര്‍വാഹിനിയാകും ഭാരതത്തിനായി നിര്‍മിക്കുക. ഇതില്‍ ഭാരതത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് മാറ്റങ്ങള്‍ വരുത്തും.
എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍
കടലില്‍ പരമാവധി ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സാങ്കേതിക വിദ്യയാണ് എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍. പരമ്പരാഗത ഡീസല്‍ എഞ്ചിന്‍ അന്തര്‍വാഹിനികള്‍ക്ക് ഓക്‌സിജന്‍ ശേഖരിക്കാനും ബാറ്ററികള്‍ ചാര്‍ജ് ചെയ്യാനും ഇടയ്‌ക്കിടെ ജലോപരിതലത്തിലേക്ക് ഉയരേണ്ടി വരും. ഇത് ശത്രുക്കള്‍ക്ക് അന്തര്‍വാഹിനികളെ കാണാനിടയാക്കും. എന്നാല്‍ ജലോപരിതലത്തിലേക്ക് ഉയരുന്നത് കുറയ്‌ക്കാന്‍ എയര്‍ ഇന്‍ഡിപെന്‍ഡന്റ് പ്രൊപ്പല്‍ഷന്‍ സംവിധാനം സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക