Kerala

ചൊക്രമുടിയില്‍ വീണ്ടും കൈയേറ്റം; ഒരേക്കറിലെ നീലക്കുറിഞ്ഞി നശിപ്പിച്ചു, നാട്ടുകാരെത്തിയപ്പോള്‍ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു

Published by

രാജാക്കാട്: വിവാദമായ ചൊക്രമുടി മലനിരകളില്‍ വീണ്ടും കൈയേറ്റം. മുമ്പുണ്ടായ കൈയേറ്റത്തില്‍ അന്വേഷണ പരമ്പരയും ഹിയറിങ്ങും നടക്കുമ്പോഴാണ് കഴിഞ്ഞ ദിവസത്തെ സംഭവം.

പത്തിലധികം പേരുള്ള സംഘം ചൊക്രമുടിയിലേക്കുള്ള റോഡിലെ ഗേറ്റില്‍ നാട്ടുകാര്‍ സ്ഥാപിച്ച പൂട്ടു പൊളിച്ചു കയറുകയായിരുന്നു. തുടര്‍ന്ന് വിവാദമായ ഒരേക്കറിലെ നീലക്കുറിഞ്ഞിയും പുല്ലും യന്ത്ര സഹായത്തോടെ വെട്ടി നശിപ്പിച്ചു. ചൊക്രമുടി സംരക്ഷണ സമിതി പ്രവര്‍ത്തകരും രാജാക്കാട് പോലീസും സ്ഥലത്തെത്തിയതോടെ സംഘം വാഹനത്തില്‍ രക്ഷപ്പെട്ടു.

ഇവിടെ ഭൂമി തരപ്പെടുത്തിയ അടിമാലി സ്വദേശിയുടെയും മറ്റ് ചിലരുടെയും തൊഴിലാളികളാണെന്ന് അവര്‍ സംരക്ഷണ സമിതി പ്രവര്‍ത്തകരോടു പറഞ്ഞു. ചൊക്രമുടി സംരക്ഷണ സമിതി ചെയര്‍മാനും ബൈസണ്‍വാലി പഞ്ചായത്തംഗവുമായ സന്തോഷ് ഭാസ്‌കരന്റെ നേതൃത്വത്തില്‍ ദേവികുളം സബ് കളക്ടറെ അറിയിച്ചു. എന്നാല്‍ റവന്യു വകുപ്പിലെ ഒരാള്‍ പോലുമെത്തിയില്ല.

ചൊക്രമുടിയില്‍ ഭൂമി കൈയേറ്റവും അനധികൃത നിര്‍മാണങ്ങളുമുണ്ടെന്നു സ്ഥിരീകരിച്ചതാണ്. എന്നാല്‍ നടപടിയൊന്നുമെടുത്തില്ല. കഴിഞ്ഞ ദിവസത്തെ കൈയേറ്റത്തില്‍ ദേവികുളം തഹസില്‍ദാരോടു റിപ്പോര്‍ട്ട് തേടിയെന്നും ക്രിമിനല്‍ കേസെടുക്കാന്‍ ആവശ്യപ്പെട്ടെന്നും സബ് കളക്ടര്‍ വി.എം. ജയകൃഷ്ണന്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by