പ്രയാഗ് രാജ്: ശരീരമാകം ഭസ്മം പൂശി. ചിലപ്പോള്‍ നഗ്നരായി പ്രത്യക്ഷപ്പെടാറുള്ള , സംഘമായി നീങ്ങുന്ന സന്യാസിമാരാണ് നാഗസാധുക്കള്‍. ജടകെട്ടിയ ഇവരുടെ മുടിക്ക് ശരീരത്തോളം നീളം കാണും. ഈ നാഗസാധുക്കള്‍ക്കാണ് കുംഭമേളകളില്‍ ത്രിവേണിസംഗമത്തില്‍ അമൃതസ്നാനം (പഴയ പേര് ഷാഹി സ്നാന്‍) നടത്തുമ്പോള്‍ ആദ്യം കുളിക്കാന്‍ അവസരം ലഭിക്കുക. കാരണം ഇവര്‍ കഠിതതപസ്വികളാണ്. കഠിനമായ ബ്രഹ്മചര്യവ്രതം അനുഷ്ഠിക്കുന്നവരാണ്. മാത്രമല്ല ശിവനോടുള്ള ഇവരുടെ ഭക്തിയും കഠിനമാണ്. ശിവനാണ് ഇവരുടെ ആരാധനാദൈവം. ഹര്‍ ഹര്‍ മഹാദേവാണ് ഇവരുടെ ചുണ്ടില്‍ ഉയരുന്ന മന്ത്രം.
നാഗസാധു എന്ന വാക്കിന്റെ അര്‍ത്ഥമെന്താണ്?
ഇവരുടെ പേരിന്പ്രത്യേക അര്‍ത്ഥമുണ്ട്. നാഗസാധുക്കള്‍ എന്നാല്‍ നാഗത്തെ വഹിക്കുന്ന സാധുക്കള്‍ എന്നല്ല. നാഗ എന്നാല്‍ നഗ്നം എന്നാണ് അര്‍ത്ഥം. നാഗസാധുക്കള്‍ കൂടുതലും നഗ്നരാണ്. ദിക്കുകള്‍ ആണ് അവരുടെ വസ്ത്രങ്ങള്‍. അതിനാല്‍ ദിഗംബരര്‍ എന്നും വിളിക്കും.
എന്തിനാണ് ശരീരമാകെ ഭസ്മം പൂശുന്നത്? എവിടെനിന്നാണ് ഈ ഭസ്മം?
തണുപ്പില്‍ നിന്നും ചൂടില്‍ നിന്നും കാറ്റില്‍ നിന്നും രക്ഷനേടാനാണ് ഇവര്‍ ശരീരമാകെയും കട്ടിയില്‍ ഭസ്മം പൂശുന്നത്.ചിതാഭസ്മമാണ് ഇവര്‍ പൂശുന്നത്. ജഡം ചിതയില്‍ ദഹിപ്പിച്ചശേഷം അവശേഷിക്കുന്ന ഭസ്മം.
എങ്ങിനെ നാഗസാധുവാകാം?
ഒരു നാഗസാധുവാകാം എന്ന തീരുമാനം അത്ര ലളിതമായ ഒന്നല്ല. കാരണം കഠിനമായ പരിത്യാഗമാണ് ഇവിടെ വേണ്ടിവരിക. കുടുംബബന്ധങ്ങളെയെല്ലാം പൊട്ടിച്ചുകളഞ്ഞശേഷമാണ് ഇവര്‍ സന്യാസത്തിലേക്ക് എത്തുന്നത്. ഭൗതികമായതെല്ലാം ത്യജിച്ചു എന്നതിന് തെളിവാണ് ഇവരുടെ നഗ്നത. കുടുംബങ്ങളുമായുള്ള ബന്ധം ഇവര്‍ പൂര്‍ണ്ണമായും ഉപേക്ഷിച്ച ശേഷമാണ് മോക്ഷം ലഭിക്കുന്നതിനുള്ള ആത്മീയജീവിതം ഇവര്‍ ആരംഭിക്കുക. അഖാഡകളില്‍ ഗുരുക്കന്മാര്‍ പറയുന്ന കര്‍ശനമായ ചിട്ടകള്‍ പാലിച്ചും ബ്രഹ്മചര്യം പാലിച്ചും നിരവധി വര്‍ഷങ്ങള്‍ കഴിഞ്ഞാലാണ് നാഗസാധുവാകാന്‍ സാധിക്കുക. ഗുരു അഖാഡയുടെ തലവനോ മറ്റേതെങ്കിലും മുതിര്‍ന്ന സന്യാസിയോ ആകാം. 10 വര്‍ഷമെങ്കിലും യാത്ര ചെയ്ത ശേഷമാണ് ഇവര്‍ക്ക് നാഗസാധുവാകാനുള്ള ഗുരുവിന്റെ അംഗീകാരം ലഭിക്കുക. ഈ വര്‍ഷങ്ങളിലത്രയും കഠിനമായ ബ്രഹ്മചര്യവ്രതം, ധ്യാനം, തീവ്രവിരക്തിചര്യകള്‍ എന്നിവ പാലിക്കണം.
എവിടെയാണ് നാഗസാധുക്കള്‍ വസിക്കുന്നത് ?
നാഗസാധുക്കള്‍ അഖാഡകള്‍ അല്ലെങ്കില്‍ അഖാരകള്‍ എന്ന് വിളിക്കുന്ന മഠങ്ങളില്‍ കൂട്ടമായി വസിക്കുന്നവരാണ്. ആകെയുള്ള 13 അഖാഡകളില്‍ ഏഴ് അഖാഡകളില്‍ മാത്രമേ നാഗസാധുക്കള്‍ ഉള്ളൂ. അത് ഇവയാണ്-ജൂന അഖാഡ, നിരഞ്ജനി അഖാഡ, മഹാനിര്‍വാണി അഖാഡ, അതല്‍ അഖാഡ, അഗ്നി അഖാഡ, അനന്ത് അഖാഡ, ആവഹാന്‍ അഖാഡ എന്നിവയാണിവ. യാത്രചെയ്യുമ്പോഴും സംഘമായേ യാത്ര ചെയ്യൂ. ഓരോ അഖാഡകള്‍ക്കും അവരവരുടേതായ തനതായ ചിട്ടവട്ടങ്ങളുണ്ട്. ആചാരങ്ങളുണ്ട്. പക്ഷെ ലക്ഷ്യം ഒന്ന് തന്നെ. ഹിന്ദു സംസ്കാരം നിലനിര്‍ത്തുക. ഹൈന്ദവദര്‍ശനങ്ങള്‍ സംരക്ഷിക്കുക.
നാഗസാധുക്കളില്‍ ചിലര്‍ സസ്യഭുക്കുകളാണ്. മറ്റ് ചിലര്‍ മാംസഭുക്കുകളും ആണ്. നാഗസാധുക്കള്‍ ധ്യാനവും പൂജാവിധികളും കര്‍ശനമായി പാലിക്കും. നാഗസാധുക്കള്‍ ഹിന്ദു ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വേണമെങ്കില്‍ പൊരുതുകയും ചെയ്യും. മുഗളന്മാരോട് വരെ നാഗസാധുക്കള്‍ ഏറ്റുമുട്ടിയ കഥകള്‍ ചരിത്രത്തിലുണ്ട്.
നാഗസാധുക്കളുടെ ശരീരം ദഹിപ്പിക്കാറില്ല
നാഗസുധാക്കള്‍ ജീവന്‍ വെടിഞ്ഞാല്‍ അവരുടെ ശരീരം ദഹിപ്പിക്കാറില്ല. പകരം മണ്ണിനടയില്‍ കുഴിച്ചിടുകയാണ് പതിവ്. ജീവന്‍ വെടിയണമെന്ന് തോന്നുമ്പോള്‍ അവര്‍ ധ്യാനസ്ഥരായി ഇരിക്കുന്നു. എന്നിട്ട് സ്വമേധയാ ജീവന്‍വെടിയുന്നു. സമാധിയാകുന്നു എന്ന് പറയും. അതിന് ശേഷം ഇവരുടെ ശരീരം നേരെ മണ്ണിനടിയില്‍ കുഴിച്ചിടുകയാണ് ചെയ്യുക. അതല്ലെങ്കില്‍ മരിച്ച ശേഷം ഇവരുടെ ശരീരം ഗംഗയില്‍ മുക്കുന്ന പതിവും ഉണ്ട്. അന്നേരം ഇവരുടെ പ്രാണന്‍ നേരെ സ്വര്‍ഗ്ഗത്തിലേക്ക് പോകുന്നുവെന്നാണ് വിശ്വാസം.
ജീവിച്ചിരിക്കെ നാഗസാധു അവനവന് പിണ്ഡദാനം നടത്തുന്നതെന്തിന്?
പിണ്ഡദാനം എന്നത് ഹിന്ദുക്കള്‍ സാധാരണ മരിച്ചുപോയവര്‍ക്ക് നടത്തുന്ന ചടങ്ങാണ്. മരണാനന്തരം പരേതാത്മാവിന് സൗഖ്യം ലഭിക്കാനാണിത് ചെയ്യുന്നത്. എന്നാല്‍ നാഗസാധുക്കള്‍ ജീവിച്ചിരിക്കെ തന്നെ അവനവന് പിണ്ഡദാനം നടത്തും. സന്യാസിയായി മാറുന്നതിന് മുന്‍പുള്ള തന്റെ പൂര്‍വ്വാശ്രമത്തിലെ ജീവിതത്തിനാണ് നാഗസാധു പിണ്ഡദാനം ചെയ്യുന്നത്.
നാഗസാധുക്കള്‍ ആഘോഷിക്കുന്ന മസാന്‍ ഹോളി എന്താണ്?
നമ്മള്‍ സാധാരണ പല വര്‍ണ്ണങ്ങള്‍ വാരിവിതറിയാണ് ഹോളി ആഘോഷിക്കുന്നത്. എന്നാല്‍ നാഗസാധുക്കള്‍ ഹോളി സമയത്ത് ചിതാഭസ്മം വിതറിയാണ് ആഘോഷിക്കുക. ഇതിനെയാണ് മസാന്‍ ഹോളി എന്ന് വിളിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക