ന്യൂദെൽഹി:റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യ തലസ്ഥാനത്തിന്റെ സുരക്ഷയ്‌ക്ക് വേണ്ടി 70 കമ്പനി അർദ്ധ സൈനിക വിഭാഗങ്ങളെയും പതിനഞ്ചായിരത്തിലധികം പോലീസുകാരെയും വിന്യസിക്കും. തലസ്ഥാനം ഡ്രോണുകളും സിസിടിവികളും ഉപയോഗിച്ച് പൂർണമായ നിരീക്ഷണത്തിൽ ആയിരിക്കും. ഇതിന് മേൽനോട്ടം വഹിക്കാൻ സൈബർ മേഖലയിലെ വിദഗ്ധരായ ഉദ്യോഗസ്ഥരെ നിയമിച്ചു. ഇതിനകം തന്നെ വിവിധ തലങ്ങളിലുള്ള സുരക്ഷ ക്രമീകരണങ്ങളാണ് രാജ്യ തലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. എഫ്ആർഎസ് സംവിധാനമുള്ള വാഹനങ്ങളും നഗരത്തിൽ മുഴുവൻ വിന്യസിക്കും. ഈ വാഹനങ്ങളിലെ കുറ്റവാളികളെ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന ക്യാമറകൾ ഒരു ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിട്ടുണ്ട്. നഗരത്തിൽ ഏത് സാഹചര്യവും നേരിടാൻ ദെൽഹി പോലീസ് സജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി. ദെൽഹി പോലീസ് അംഗങ്ങൾ ഒന്നിലധികം സുരക്ഷ ഏജൻസികളുമായി ചേർന്ന് മോക് ഡ്രില്ലുകൾ നടത്തുന്നുണ്ട്. എല്ലാ ജില്ലകളിലെയും ഡിസിപിമാരെയും കേന്ദ്രീകരിച്ച് വൻ സുരക്ഷാക്രമീകരണങ്ങളാണ് രാജ്യതലസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ളത്. സംശയാസ്പദമായ എന്തും ശ്രദ്ധയിൽപ്പെട്ടാൽ ഉടനെ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ഹോട്ടലുകളിലെയും മാളുകളിലെയും സുരക്ഷാ ജീവനക്കാരുടെ പ്രത്യേക യോഗങ്ങളും വിളിച്ചുചേർക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക