ന്യൂദെൽഹി:സംഭാലിലെ ഗുരു അമര്‍പതിയുടെ സ്മാരകത്തിന് സമീപത്ത് നിന്ന് ചരിത്രപ്രധാനമായ പുരാതന നാണയങ്ങളും മൺപാത്രങ്ങളും ജില്ലാ ഭരണകൂടം കണ്ടെത്തി. നാണയങ്ങളിൽ ശ്രീരാമൻ, സീത, ലക്ഷ്മണൻ എന്നിവരുടെ അടയാളങ്ങളും പതിച്ചിട്ടുണ്ട്. പൃഥ്വിരാജ് ചൗഹാന്റെ സമകാലികനായിരുന്നു ഗുരു അമർപതി. 1920 മുതൽ ഈ സ്ഥലം ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിലാണ്. സംഭാലിലെ ഹയാന്ത് നഗർ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഗ്രാമത്തിലെ ഗുരു അമർപതി സ്മാരക സ്ഥലത്ത് നിന്നാണ് ഗ്രാമവാസികൾ പുരാതന നാണയങ്ങളും ഒരു പാത്രവും കണ്ടെത്തിയത്. അവ ഉടൻ തന്നെ ഭരണകൂടം കസ്റ്റഡിയിൽ എടുക്കുകയും എസ്ഡിഎം വന്ദന മിശ്രയ്‌ക്ക് കൈമാറുകയും ചെയ്തു. വളരെക്കാലം മുമ്പ് ഇവിടെ ഒരു സ്മാരകം ഉണ്ടായിരുന്നതായി ഗ്രാമവാസികൾ പറയുന്നു. അത് സോട്ട് നദിക്കരയിൽ സ്ഥിതിചെയ്യുകയായിരുന്നു. സ്ഥലത്തുനിന്ന് കുറച്ച് മണ്ണൊലിച്ചു പോയപ്പോൾ ഇവിടെ നിരവധി അസ്ഥികൂടങ്ങളും ഒരു വെള്ള പാത്രവും ഒരു കല്ലും കണ്ടെത്തിയിരുന്നു. ഇവ ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുണ്ട്. ഈ സ്മാരകം പൃഥ്വിരാജ് ചൗഹാന്റെ കാലം മുതലുള്ളതാണെന്ന് എസ്ഡിഎം വന്ദന മിശ്ര പറഞ്ഞു. ഇവിടെനിന്ന് കണ്ടെത്തിയ നാണയങ്ങൾ 400 വർഷത്തിലേറെ പഴക്കമുള്ളതാണെന്നും അവർ പറഞ്ഞു. സത്യയുഗ കാലഘട്ടത്തിലെ ഈ പുരാതന തീർത്ഥാടന നഗരത്തിൽ നിരവധി ചരിത്ര സ്ഥലങ്ങൾ കണ്ടെത്തിയതായും അവ സംരക്ഷിക്കാൻ ജില്ലഭരണകൂടം നിരന്തരമായി ഇടപെടുന്നതായും വന്ദന മിശ്ര പറഞ്ഞു. തീർത്ഥാടന കേന്ദ്രങ്ങളും ചരിത്ര പൈതൃകമുള്ള സ്ഥലങ്ങളും സംരക്ഷിക്കാൻ ജില്ലാ ഭരണകൂടം പ്രത്യേക ക്യാമ്പയിൻ നടത്തുന്നുണ്ട്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ പുരാതന കിണറുകളും കുളങ്ങളും സംരക്ഷിക്കാനും ജില്ലാ ഭരണകൂടം സജീവമായി പ്രവർത്തിക്കുന്നുണ്ട്. അവർ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക