ന്യൂദെൽഹി:യുകെയിൽ എമർജൻസി സിനിമാപ്രദർശനം തടസ്സപ്പെടുത്തുന്ന തീവ്രവാദ സംഘടനകളുടെ നടപടികളിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം യുകെയോട് ആവശ്യപ്പെട്ടു. എമർജൻസി എന്ന സിനിമ നിരവധി തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് തടസ്സപ്പെടുത്തുന്ന റിപ്പോർട്ടുകൾ കാണാനിടയായി. ഇന്ത്യ വിരുദ്ധ നടപടികൾ അക്രമാസക്തമായ രീതിയിൽ തുടർച്ചയായി യുകെയിൽ സംഭവിക്കുന്നതിനെ കുറിച്ച് ഞങ്ങൾ നിരന്തരം ആശങ്കകൾ ഉന്നയിച്ചിരുന്നു. അഭിപ്രായ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും തടസ്സപ്പെടുത്തുന്ന നടപടി അംഗീകരിക്കാൻ കഴിയില്ല. അത്തരത്തിൽ തടസ്സപ്പെടുത്തുന്നതിന് ഉത്തരവാദികളായവർക്കെതിരെ യുകെ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ലണ്ടനിലെ ഞങ്ങളുടെ ഹൈക്കമ്മീഷൻ ഇന്ത്യക്കാരുടെ സുരക്ഷയ്‌ക്കായി നിരന്തരമായി സമ്പർക്കം പുലർത്തുന്നുണ്ട് . മന്ത്രാലയം വ്യക്തമാക്കി.
വടക്ക് പടിഞ്ഞാറൻ ലണ്ടനിൽ മുഖംമൂടി ധരിച്ച ഖാലിസ്ഥാനി ഭീകരവാദികൾ തിയേറ്ററുകളിൽ കയറിച്ചെന്ന് ഭീഷണിപ്പെടുത്തി സിനിമ പ്രദർശനം തടഞ്ഞതിനെ കുറിച്ച് ആയിരുന്നു ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ പരാമർശം.
സിനിമ കാണാനും അതിൽ അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം ആർക്കും തടസ്സപ്പെടുത്താൻ കഴിയില്ലെന്ന് കൺസർവേറ്റീവ് പാർട്ടിയുടെ എംപിയായ ബോബ് ബ്ലാക്ക് മാൻ പറഞ്ഞു. ഞായറാഴ്‌ച്ച ഹാരോവ്യൂ തിയേറ്ററിൽ സിനിമ പ്രദർശനം നടന്നുകൊണ്ടിരിക്കെ എന്റെ സഹപ്രവർത്തകരും സുഹൃത്തുക്കളുമായ ഒരുപാട് പേരും ആ സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അരമണിക്കൂറിനു ശേഷം മുഖംമൂടി ധരിച്ച ഖാലസ്ഥാനി ഭീകരർ അവിടെയെത്തുകയും അവരുടെ ശക്തമായ പ്രതിഷേധത്തെയും ഭീഷണികളെയും തുടർന്ന് സിനിമ അവസാനിപ്പിക്കാൻ നിർബന്ധിതരാവുകയും ചെയ്തു. ഈ സിനിമയുടെ പ്രദർശനം സമാനമായ രീതിയിൽ വോൾവർഹാംപ്ടൺ, ബർമിംഗ്ഹാം, മാഞ്ചസ്റ്റർ എന്നിവിടങ്ങളിലും തടസ്സപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്’ സിനിമ വളരെ വിവാദപരമായിരിക്കാം, അതിന്റെ ഉള്ളടക്കത്തെ കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഞാൻ അഭിപ്രായം പറയുന്നില്ല. എന്നാൽ സിനിമ കാണാനും അതിനെക്കുറിച്ച് അഭിപ്രായം പറയാനും എല്ലാവർക്കുമുള്ള അവകാശത്തെ എനിക്ക് സംരക്ഷിക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു. റിപ്പോർട്ടുകൾ അനുസരിച്ച് സിക്ക് പ്രസ് അസോസിയേഷൻ പോലുള്ള സംഘടനകളുടെ ലേബലിലാണ് സിനിമക്കെതിരെ ഖാലസ്ഥാനി ഭീകര ഗ്രൂപ്പുകൾ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: