പ്രയാഗ് രാജ് : ഏഴരക്കോടിയിലധികം രുദ്രാക്ഷമണികളാല്‍ പൊതിഞ്ഞ 12 ജ്യോതിര്‍ലിംഗങ്ങള്‍ മഹാകുംഭമേളയില്‍ പ്രദര്‍ശനത്തിന്. ഇസ്ലാമിക തീവ്രവാദം തുടച്ചുനീക്കലും ബംഗ്ലാദേശിലെ ഹിന്ദുക്കളെ സംരക്ഷിക്കലുമാണ് ഈ രുദ്രാക്ഷമണികളാല്‍ പൊതിഞ്ഞ ജ്യോതിര്‍ലിംഗങ്ങള്‍ ഉണ്ടാക്കിയതിന്റെ ലക്ഷ്യമെന്ന് പിന്നില്‍ പ്രവര്‍ത്തിച്ച മൗനിബാബ പറയുന്നു. പ്രയാഗ് രാജിലെ സെക്ടര്‍ ആറിലാണ് ഈ രുദ്രാക്ഷജ്യോതിര്‍ലിംഗങ്ങള്‍ സജ്ജീകരിച്ചിരിക്കുന്നത്.
മൗനിബാബയുടെ 37 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെയും സാധനയുടെയും ഫലമാണ് ഈ രുദ്രാക്ഷ ജ്യോതിര്‍ലിംഗങ്ങള്‍. പരമശിവന്റെ പ്രതീകമായാണ് ജ്യോതിര്‍ലംഗങ്ങള്‍ അറിയപ്പെടുന്നത്. 10000 ഗ്രാമങ്ങളില്‍ നിന്നും ശേഖരിച്ചതാണ് ഈ രുദ്രാക്ഷമണികള്‍. പലരില്‍ നിന്നായി ശേഖരിച്ച രുദ്രാക്ഷമണികള്‍ പൊതിഞ്ഞ് ഉണ്ടാക്കിയ ജ്യോതിര്‍ലിംഗങ്ങള്‍ താന്‍ 37 വര്‍ഷങ്ങളായി പൂജിക്കുകയായിരുന്നുവെന്നും മൗനിബാബ പറയുന്നു. വെള്ളയും കറുപ്പും ചുവപ്പും നിറത്തിലുള്ള രുദ്രാക്ഷങ്ങള്‍ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. രുദ്രാക്ഷം ശേഖരിക്കാന്‍ മൗനിബാബ തന്നെ 10000 ഗ്രാമങ്ങള്‍ ചുറ്റിയടിച്ചതായി പറയുന്നു. ഇതില്‍ ഒരു മുഖം മുതല്‍ 26 മുഖങ്ങള്‍ വരെയുള്ള രുദ്രാക്ഷമണികള്‍ ഉണ്ടെന്നും മൗനിബാബ പറയുന്നു.
രുദ്രാക്ഷമുഖങ്ങളുടെ സവിശേഷത എന്തെല്ലാം?
ഒമ്പത് മുഖങ്ങളുള്ള രുദ്രാക്ഷത്തെ സിദ്ധ് എന്നാണ് പറയുക. ഇത് വെയ്‌ക്കുന്ന വീട്ടില്‍ നിന്നും ലക്ഷ്മി ഒഴിഞ്ഞുപോവുകയേ ഇല്ല. അതുപോലെ പത്തും പതിനൊന്നും മുഖങ്ങളുള്ള രുദ്രാക്ഷങ്ങള്‍ നിങ്ങളുടെ ഔദ്യോഗിക ജീവിതത്തില്‍ നിങ്ങള്‍ക്ക് മേല്‍ഗതി നല്‍കിക്കൊണ്ടേയിരിക്കും. – മൗനിബാബ പറയുന്നു.
11 അടി ഉയരവും ഒമ്പതടി വീതിയും ഏഴടി കട്ടിയും ഉള്ളതാണ് ഈ രുദ്രാക്ഷം പൊതിഞ്ഞ ജ്യോതിര്‍ലിംഗ വിഗ്രങ്ങള്‍. ഇരുമ്പില്‍ ഉള്ള ശിവലിംഗം നിര്‍മ്മിച്ച ശേഷം അതിനെ രുദ്രാക്ഷമണികളാല്‍ പൊതിയുകയായിരുന്നുവെന്ന് മൗനി ബാബ പറയുന്നു.
രുദ്രാക്ഷങ്ങള്‍ കൊണ്ടുള്ള ഒരു സവിശേഷമായ നഗരി സൃഷ്ടിക്കുകയാണ് ലക്ഷ്യം. ആറ് ജ്യോതിര്‍ലിംഗങ്ങള്‍ തെക്കോട്ടും ആറെണ്ണം വടക്കോട്ടും തിരിഞ്ഞിരിക്കുന്ന വിധത്തിലാണ് സജ്ജീകരിച്ചിരിക്കുന്നത്. തെക്കോട്ട് തിരിഞ്ഞിരിക്കുന്ന ജ്യോതിര്‍ലിംഗം ഇതാദ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക