Kerala

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും വി ഡി സതീശനെ ഒഴിവാക്കിയതില്‍ പങ്കില്ലെന്ന് പിജെ കുര്യന്‍

മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്

Published by

തിരുവനന്തപുരം:മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ച ശേഷം പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കിയതില്‍ തനിക്ക് പങ്കില്ലെന്ന് കെപിസിസി രാഷ്‌ട്രീയ കാര്യ സമിതി അംഗം പിജെ കുര്യന്‍.തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്‌ക്കുകയാണന്ന് അദ്ദേഹം പറഞ്ഞു.

സഭാംഗം ആണെങ്കിലും കണ്‍വെന്‍ഷന്റെ കാര്യത്തില്‍ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും പിജെ കുര്യന്‍ പ്രതികരിച്ചു. സംഭവിച്ചത് കമ്യൂണിക്കേഷന്‍ ഗ്യാപ്പെന്ന് മാര്‍ത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞിട്ടുളളത് പി ജെ കുര്യന്‍ ചൂണ്ടിക്കാട്ടി.

മാരാമണ്‍ കണ്‍വെന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ക്ഷണിച്ചെങ്കിലും പിന്നീട് ഒഴിവാക്കിയത് വിവാദമായിരുന്നു. മാര്‍ത്തോമാ സഭയിലെ രാഷ്‌ട്രീയ ഭിന്നതയെ തുടര്‍ന്ന് ആണ് ഒഴിവാക്കിയത്. എന്നാല്‍, ആരെയും ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും ആയിരുന്നു സഭാ നേതൃത്വം ഇതേക്കുറിച്ച് പ്രതികരിച്ചത്. മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പരിപാടിയായ യുവവേദിലേക്ക് ആണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചത്.

ഫെബ്രുവരി 15ാം തീയതി എത്താമെന്ന് സതീശന്റെ ഓഫീസ് സമയവും നല്‍കി. എന്നാല്‍, കഴിഞ്ഞദിവസം മാര്‍ത്തോമാ സഭ അധ്യക്ഷന്‍ അംഗീകരിച്ച ക്ഷണിതാക്കളുടെ പട്ടികയില്‍ വി.ഡി. സതീശന്റെ പേര് ഉണ്ടായിരുന്നില്ല. സഭയ്‌ക്കുള്ളിലെ കോണ്‍ഗ്രസ് , സിപിഎം തര്‍ക്കമാണ് ഒഴിവാക്കലിന് കാരണം.യുവവേദി പരിപാടിയില്‍ പങ്കെടുക്കേണ്ടവരുടെ പ്രാഥമിക പട്ടിക കോണ്‍ഗ്രസ് അനുകൂലികളായ യുവജന വിഭാഗം നേതാക്കള്‍ ചേര്‍ന്ന് തയ്യാറാക്കി.അന്തിമ അനുമതി കിട്ടാന്‍ മെത്രാപ്പോലീത്തക്ക് സമര്‍പ്പിക്കുകയാണ് കീഴ് വഴക്കം. എന്നാല്‍, അതിനിടെ മാരാമന്‍ കണ്‍വെന്‍ഷനിലേക്ക് പ്രതിപക്ഷ നേതാവ് എത്തുന്നു എന്നത് വാര്‍ത്തയായി. സഭയിലെ സിപിഎം അനുകൂലികള്‍ ഇതിനെതിരെ രംഗത്തു വന്നു. പ്രതിപക്ഷ നേതാവിനെ വിളിക്കുകയാണെങ്കില്‍ എം. സ്വരാജ് ഉള്‍പ്പെടെ സിപിഎം നേതാക്കളെയും യുവ വേദിയിലേക്ക് ക്ഷണിക്കണമെന്ന അവര്‍ ആവശ്യപ്പെട്ടു.

സമ്മര്‍ദ്ദത്തില്‍ ആയ മെത്രാപ്പോലീത്ത വി.ഡി സതീശന്‍ ഉള്‍പ്പെട്ട പട്ടിക മുഴുവനായും റദ്ദാക്കി. മറ്റ് സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പുതിയ പാനല്‍ തയ്യാറാക്കി വേഗം അംഗീകാരം നല്‍കി. ഫെബ്രുവരി 9 മുതല്‍ 16 വരെയാണ് മാരാമണ്‍ കണ്‍വെന്‍ഷന്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by