Entertainment

നിയന്ത്രണം വിട്ട് ജയറാം ചവിട്ടി; ഇന്നും ഇന്ദ്രന്‍സ് വേദനയനുഭവിക്കുന്നു; വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സയും!

Published by

ജയറാം നായകനായി എത്തിയ സിനിമയായിരുന്നു കാവടിയാട്ടം. അനിയന്‍ സംവിധാനം ചെയ്ത സിനിമയില്‍ ജഗതി ശ്രീകുമാര്‍, സിദ്ധീഖ്, സുചിത്ര, സിന്ദുജ, കല്‍പ്പന എന്നിവരായിരുന്നു മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം ബോക്‌സ് ഓഫീസില്‍ ജയറാമിന് ശക്തമായ തിരിച്ചുവരവ് നല്‍കിയതായിരുന്നു. ഇന്നും ടിവില്‍ വന്നാല്‍ മലയാളികള്‍ കണ്ടിരിക്കുന്ന സിനിമയാണ് കാവടിയാട്ടം. ചിത്രത്തിലെ ഹാസ്യ രംഗങ്ങള്‍ ഇപ്പോഴും നമ്മളെ ചിരിപ്പിക്കുന്നതാണ്.

 

ചിത്രത്തിലെ മിക്ക ഹാസ്യ രംഗങ്ങളും ഐക്കോണിക് ആയി മാറിയിരുന്നു. സ്‌ക്രീനില്‍ കണ്ട് ചിരിച്ച പല രംഗങ്ങളും ചിത്രീകരിച്ചതിന് പിന്നില്‍ മറക്കാനാകാത്ത അനുഭവങ്ങളുണ്ട് സംവിധായകന്‍ അനിയന്. ഒരു രംഗത്തിന്റെ ചിത്രീകരണത്തിനിടെ ജയറാമിന്റെ ചവിട്ടു കൊണ്ട ഇന്ദ്രന്‍സ് ഇപ്പോഴും വേദന അനുഭവിക്കുണ്ടെന്ന് ഒരിക്കല്‍ മാസ്റ്റര്‍ ബിന്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അനിയന്‍ പറഞ്ഞിരുന്നു.

 

അമ്പിളി ചേട്ടന്‍ ഇന്ദ്രന്‍സിന്റെ ചായക്കടയില്‍ വന്നിരിക്കുന്ന സീനുണ്ട്. ആ സമയം ജയറാം ഓടി വരും. തൂക്കിയിട്ടിരുന്ന കുലയില്‍ നിന്നും ഒരു പഴം എടുത്തു തിന്നും. ഇന്ദ്രന്‍സ് എന്തോ ചോദിക്കുമ്പോള്‍ ജയറാം ചവിട്ടുന്നതാണ് സീന്‍. ഇന്ദ്രന്‍സ് അപ്പോള്‍ അഭിനയിച്ചു തുടങ്ങിയിട്ടേയുള്ളൂ. ചവിട്ടുന്നതിന് ഒരു ലെങ്ത് ഉണ്ട്. ഫൈറ്റ് ചെയ്യുന്നതില്‍ ഒരു ലെങ്ത് ഉണ്ട്. അതൊരു നൊടിയിടെ മാറിയാല്‍ പോലും പരുക്ക് പറ്റും. അങ്ങനെ പല ആര്‍ട്ടിസ്റ്റുകള്‍ക്കും അടി കൊണ്ടിട്ടുണ്ട്.”

 

റിഹേഴ്‌സല്‍ എടുത്തിട്ടാണ് എടുക്കുന്നത്. പക്ഷെ അയാള്‍ അല്‍പ്പം മാറിപ്പോയി. ജയറാമിന്റെ ചവുട്ട് കൊണ്ടു. ഇപ്പോഴും ഇന്ദ്രന്‍സ് വര്‍ഷാവര്‍ഷം ആയുര്‍വേദ ചികിത്സ ചെയ്യുന്നുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ നല്ല ചവുട്ട് തന്നെയാണ് കിട്ടിയത്. ജയറാമിന്റെ കാലിന് ഭയങ്കര നീളമാണ്. ഇന്ദ്രസ് പക്ഷെ അക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. പിന്നീടാണ് പറയുന്നത്. ഈയ്യടുത്ത് അവാര്‍ഡ് കിട്ടിയപ്പോള്‍ ഞാന്‍ വിളിച്ചിരുന്നു. അപ്പോഴാണ് പറഞ്ഞത് ഇപ്പോഴും ആ വേദനയുണ്ടെന്ന്.” എന്നാണ് അനിയന്‍ ഓര്‍ക്കുന്നത്

 

അതേസമയം ചിത്രത്തിലെ മറ്റൊരു പൊട്ടിച്ചിരിപ്പിച്ച രംഗമായിരുന്നു ജയറാമിന്റെ ഏറ് കൊണ്ട് ജഗതി വീഴുന്നത്. ഇന്നും റീലുകളില്‍ നിറയുന്നതാണ് ഈ രംഗം. പക്ഷെ താന്‍ ഈ രംഗം ചിത്രീകരിച്ചത് പേടിയോടെയായിരുന്നുവെന്നാണ് അനിയന്‍ പറയുന്നത്. ജഗതിയുടെ വീഴ്ചയായിരുന്നു ആ പേടിയ്‌ക്ക് കാരണം.

 

ജയറാം കല്ലെടുത്ത് എറിയുമ്പോള്‍ അമ്പിളി ചേട്ടന്‍ വീഴുന്നതാണ് രംഗം. കുറച്ച് പൊക്കത്ത് നിന്നാണ് പറയുന്നത്. മരത്തില്‍ പിടിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ് വീഴുന്നത്. കൈ വിടാന്‍ സമയം കിട്ടില്ല. നേരെ നിലത്ത് വന്ന് നെഞ്ചിടിച്ച് വീഴണം. നിലത്ത് മെത്തയിടാം ഷോട്ട് കട്ട് ചെയ്ത് ഇടാമെന്ന് ഞാന്‍ പറഞ്ഞു. പുള്ളി സമ്മതിച്ചില്ല. റിബ്‌സിന് എന്തെങ്കിലും പരുക്ക് പറ്റിയാലോ എന്ന് ഞാന്‍ ഭയന്നു. ഒന്നും ഇല്ല അനിയാ എന്ന് പറഞ്ഞ് അദ്ദേഹം ചെയ്തു. വൈക്കോല്‍ നിലത്തിടാമെന്നും പറഞ്ഞു. അതും സമ്മതിച്ചില്ല. അങ്ങനെയാണ് ഒരു സുരക്ഷയുമില്ലാതെ വീഴുന്നത്. പേടിയുണ്ടായിരുന്നു. എന്തെങ്കിലും സംഭവിച്ചാല്‍ നമ്മളെയല്ലേ കുറ്റം പറയുക.” എന്നാണ് അനിയന്‍ പറയുന്നത്.

 

1993ലാണ് കാവടിയാട്ടം പുറത്തിറങ്ങുന്നത്. പട്ടാളത്തില്‍ നിന്നും മാനസികരോഗമാണെന്ന് കള്ളം പറഞ്ഞ് ഒളിച്ചോടിയ ഉണ്ണി എന്ന കഥാപാത്രമാണ് ജയറാം അഭിനയിച്ചത്. അയല്‍ക്കാരനായ പൊലീസുകാരനായ സിദ്ധീഖുമെത്തി. ഉണ്ണിയുടെ കുട്ടുകാരന്റെ വേഷത്തിലായിരുന്നു ജഗതിയെത്തിയത്. ജയറാം-ജഗതി ശ്രീകുമാര്‍ കോമ്പോയുടെ ഐക്കോണിക് വിജയങ്ങളിലൊന്നായിരുന്നു കാവടിയാട്ടം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക