Main Article

വന്ദേമാതര ഗീതവും ഭാരത ദേശീയതയും; വന്ദേമാതരം ദേശീയ ഗീതമായി അംഗീകരിക്കപ്പെട്ടിട്ട് ഇന്ന് 75 വര്‍ഷം

Published by

1950 ജനുവരി 24നാണ് ഡോ. രാജേന്ദ്ര പ്രസാദിന്റെ അധ്യക്ഷതയില്‍, ഭരണഘടനാ സമിതി ‘വന്ദേമാതരം’ ദേശീയഗീതവും ‘ജനഗണമന’ ദേശീയഗാനവും ആയി അംഗീകരിക്കുന്നത്. വന്ദേമാതര ഗീതം, ഓരോ ഭാരതീയന്റേയും രാഷ്‌ട്രത്തോടുള്ള സമര്‍പ്പിത ഭക്തിയെയും സ്‌നേഹത്തെയും മാത്രമേ സൂചിപ്പിക്കുന്നുള്ളു എന്നും , ‘ജനഗണമന’ രാഷ്‌ട്രത്തിന്റെ നാനാത്വത്തില്‍ ഏകത്വം’ വിളിച്ചോതുന്നതായും അവിടെ അഭിപ്രായം ഉയര്‍ന്നു. അതിന്റെയടിസ്ഥാനത്തില്‍ എല്ലാം ഉള്‍ക്കൊള്ളുന്ന സംസ്‌കാരം ആയതിനാല്‍, തുല്യപദവി നല്‍കിക്കൊണ്ട് രണ്ടും സ്വീകരിച്ചു.

1857ലെ സായുധ സ്വാതന്ത്ര്യ സമരം, ബ്രിട്ടീഷുകാരെ സംബന്ധിച്ച് വളരെയധികം ഭീതി ഉണര്‍ത്തിയിരുന്നതും, സാമ്രാജ്യ അസ്തിത്വത്തെ വെല്ലുവിളിക്കുന്നതുമായിരുന്നു. അതിനു
ശേഷം അവര്‍ കണ്ടെത്തിയ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തെ തുടര്‍ന്ന് ബംഗാള്‍ വിഭജന (1905)ത്തിനെതിരെ എല്ലാരീതികളിലും ധീരമായ പോരാട്ടം നയിച്ച ദേശസ്നേഹികളില്‍ വീര്യം പകര്‍ന്ന ഗീതമാണ് വന്ദേമാതരം. 1870 ല്‍ രചിക്കപ്പെട്ട ഈ ഗാനം 1882 ലാണ് ബങ്കിം ചന്ദ്ര ചാറ്റര്‍ജി തന്റെ ‘ആനന്ദമഠം’ എന്ന നോവലിന്റെ പശ്ചാത്തല ഗാനമായി ഉള്‍പ്പെടുത്തുന്നത്. ബംഗാളിയും സംസ്‌കൃതവും കൂടിക്കലര്‍ന്ന ഭാഷയില്‍ രചിച്ച ഈ ഗീതം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ദേശീയ ഗാനമാക്കുകയും രവീന്ദ്രനാഥ ടാഗോര്‍ 1896ല്‍ കൊല്‍ക്കട്ട കോണ്‍ഗ്രസില്‍ ആലപിക്കുകയും ചെയ്തു. അന്നത്തെ ലെഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ആ വാക്കുതന്നെ ഒരു കുറ്റമായി പ്രഖ്യാപിച്ചെങ്കിലും ബാറിസാലിലെ തെരുവുകളില്‍ (ഇന്നത്തെ ബംഗ്ലാദേശ്)) വന്ദേമാതരം പാടിക്കൊണ്ട് ബ്രിട്ടീഷ് ലാത്തികളെയും ബൂട്ട്‌സുകളെയും നേരിട്ടെങ്കില്‍, മറ്റു വിപ്ലവ വീരൃര്‍ മാതൃഭൂമിക്ക് ഈ വാക്കുകളാല്‍ പ്രണാമം അര്‍പ്പിച്ചു കൊലമരത്തിലേറി. 1923ല്‍ കാക്കിനട സമ്മേളനത്തിലാണ് വന്ദേമാതരത്തിനെതിരെ ആദ്യ പ്രഹരം ഉണ്ടായത്. (എച്ച്.വി. ശേഷാദ്രി, ട്രാജിക് ഹിസ്റ്ററി ഓഫ് പാര്‍ട്ടീഷന്‍,(വിവര്‍ത്തനം: പി. നാരായണന്‍, വിഭജനത്തിന്റെ ദുഃഖ കഥ). അതേസമയം, കൂടുതല്‍ എതിര്‍പ്പ് മുന്നില്‍ കണ്ട് ‘സാരേ ജഹാംസേ അച്ഛാ… ഹിന്ദുസ്ഥാന്‍ ഹമാര’ എന്ന ഇക്ബാലിന്റെ ഗാനവും കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നു. 1937ലെ പ്രവിശ്യാ തെരെഞ്ഞെടുപ്പിനു ശേഷവും മുസ്ലിംലീഗിന്റെ സമീപനം അത്ര സുഖകരമായിരുന്നില്ല. കോണ്‍ഗ്രസ് വിജയിച്ച പ്രവിശ്യകള്‍ ഹിന്ദു പ്രവിശ്യകളെന്നു വിളിക്കുകയും, അതിനു കാരണം, നിയമ സഭകളിലെ വന്ദേമാതരം ഗാനാലാപനമാണെന്നും ചൂണ്ടിക്കാട്ടി(വിഭജനത്തിന്റെ ദുഃഖ കഥ). കോണ്‍ഗ്രസ്, വന്ദേമാതരത്തെ രാജ്യത്തിന്റെ ദേശീയ ഗാനമായി അടിച്ചേല്‍പ്പിക്കുന്നു എന്നും അവര്‍ ആക്ഷേപിച്ചു. ലീഗിന്റെ എതിര്‍പ്പിനെ അവഗണിച്ചാല്‍, ഹിന്ദു മുസ്ലിം ഐക്യം തകരുമെന്നും ബ്രിട്ടീഷുകാരെ സ്ഥാനഭ്രഷ്ടരാക്കാന്‍ സാധിക്കാതെ വരുമെന്നും കണ്ടറിഞ്ഞ കോണ്‍ഗ്രസ് നേതൃത്വം ഒരു സമവായം എന്ന നിലയില്‍ വന്ദേമാതരം ഗീതത്തിലെ ആദ്യ രണ്ടു ചരണങ്ങള്‍ മാത്രമായി അംഗീകരിച്ചു (വിഭജനത്തിന്റെ ദുഃഖ കഥ, പേജ് 182).

വിഭജിക്കപ്പെട്ട ബാക്കി ചരണങ്ങളിലാണ് നമ്മുടെ ദേശീയതയും, രാഷ്‌ട്ര ദേവതാ സങ്കല്പവും പ്രതിഫലിക്കുന്നത്! ഭാരതം ഒരു ഭൂഖണ്ഡമല്ലെന്നും, ജൈവീകമായതും അതുകൊണ്ടുതന്നെ ചേതന ഉള്‍ക്കൊള്ളുന്നതുമായ ഒരസ്തിത്വമാണെന്നും ഈ ഗീതം വിളിച്ചോതുന്നു. ഋഗ്വേദം തൊട്ടുള്ള കൃതികളിലെല്ലാം ഇതേ വീക്ഷണം കാണാം. രാഷ്‌ട്രം എന്നത്- ഒരു ജൈവീക സത്തയാണെന്നും, പൊതു പൈതൃകത്തിന്റെയും , വിശേഷ ഭക്തിസാധനയിലൂടെയും ഏകാത്മ ഭാവത്തില്‍ നിലനില്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് മനുഷ്യശരീരത്തിനെന്നപോലെ രാഷ്‌ട്രശരീരത്തിനും മനസും ആത്മാവും ഉണ്ട്.

രാഷ്‌ട്രം നമുക്ക് ദേവതയും മാതാവുമാണ്. ഏതൊരു ദേശസ്‌നേഹിയുടെയും വിവേകത്തോടെയുള്ള വികാരമാണ് രാഷ്‌ട്രഭവാനി എന്ന മഹര്‍ഷി അരവിന്ദന്റെ സങ്കല്‍പം. വന്ദേമാതര ഗീതത്തില്‍ പ്രചോദിതനായ അദ്ദേഹം ഒരിക്കല്‍ നിരീക്ഷിച്ചത്, നമ്മുടെ രാജ്യത്തിന്റെ പ്രകൃത്യാലുള്ള ഏകതയ്‌ക്ക് വെല്ലുവിളിയായിട്ടുള്ളത് ജനമനസുകളിലെ ‘രാഷ്‌ട്രമാതാവ്’ എന്ന കാഴ്ചപ്പാടിന്റെ അഭാവമാണ്. (മഹര്‍ഷി അരവിന്ദന്‍, ഓണ്‍ നാഷണലിസം, പേജ് 489 )

സ്ത്രീത്വത്തെ മാതാവായും ദേവതയായും അംഗീകരിച്ചിട്ടുള്ള ഈ രാജ്യത്തു മറ്റേതൊക്കെ തരത്തിലുള്ള ഭിന്നതകള്‍ ഉണ്ടെങ്കിലും ദേശീയബോധം ഇങ്ങനെയൊരു സങ്കല്പത്തിലൂടെ ഉണ്ടാവേണ്ടതാണ്. മഹര്‍ഷി അരവിന്ദന്റെ രാഷ്‌ട്ര മാതാവ് ബഹുമുഖിയായ രാഷ്‌ട്ര ഭവാനിയാണ്. ദേശസ്‌നേഹികള്‍ക്കു ഊര്‍ജ്ജവും ജീവവായുവും ആണ് ഭവാനി ക്ഷേത്രങ്ങള്‍. എല്ലാവരുടെയും നിത്യമായ ആരാധന സാധനയിലൂടെയും സമര്‍പ്പണഭാവത്തിലൂടെയും രാഷ്‌ട്രഭവാനി ഉയിര്‍ത്തെഴുന്നേറ്റു പ്രശോഭിതയാകുന്നു. വന്ദേമാതര ഗീതത്തില്‍ ഉള്‍ക്കൊണ്ടിട്ടുള്ള എല്ലാ ഭാവങ്ങളും അരവിന്ദ ദര്‍ശനത്തിലെ ‘രാഷ്‌ട്രഭവാനി’യില്‍ നമുക്ക് കാണാം.

വന്ദേമാതര ഗീതത്തിലൂടെ കണ്ണോടിക്കുമ്പോള്‍ നാം കാണുന്ന രാഷ്‌ട്രം ശക്തിശാലിനിയാണ്; ശുദ്ധജലത്താല്‍ സമൃദ്ധയാണ്; ഇടതൂര്‍ന്ന മരങ്ങളാലും, നിബിഡ വനങ്ങളാലും മലനിരകളാലും സസ്യജാലങ്ങളാലും ഹരിതാഭയാണ്; ശീതളായാണ്, പവിത്ര പുഷ്പശോഭയാല്‍ പുളകിതയാണ്; മധുര ഭാഷിണിയാണ്;കോടി-കോടിയായ മനുഷ്യരുടെ കണ്ഠങ്ങളാല്‍ പ്രസംശിതയും വന്ദിക്കപ്പെടുന്നവളുമാണ്; കോടി-കോടിയായ ജനങ്ങളുടെ കൈകളാല്‍ ബലവതിയാണ്; വിദ്യാ ദേവിയായും, ധര്‍മവതിയായും, ശക്തി ശാലിനിയായും ശുദ്ധഹൃദയയായും ജീവസുള്ള ശരീരമായും ഓരോ ദേശ സ്നേഹികളുടെയും ഹൃദയത്തില്‍ പ്രതിഷ്ഠിച്ചുകൊണ്ടു നമിക്കപ്പെട്ടവളാണ്. ഭവാനി, ദുര്‍ഗ്ഗയാണ്, ലക്ഷ്മിയാണ്, സരസ്വതിയാണ്, അമലയും, അതുല്യയുമാണ്, ശ്യാമളയും, സുസ്മിതയും, സരളയുമാണ്. അങ്ങനെ എല്ലാത്തരത്തിലും സംഭൂഷിതയായ, നിര്‍ഭരയായ അമ്മയെ സാദരം പ്രണമിക്കുന്നു.

നാഷണലിസം എന്ന വിദേശ സങ്കല്‍പത്തിന് ധാരാളം അടിസ്ഥാനങ്ങളുണ്ടെങ്കിലും അവ, ആ രാജ്യങ്ങളില്‍ പ്രസ്തുത ബോധം ജനങ്ങളില്‍ നിയമങ്ങളാലോ, നിര്‍ബന്ധിതമായോ അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയാണ്. ഭാരതത്തില്‍ ദേശീയത, മുന്‍പ് സൂചിപ്പിച്ചതുപോലെ, ഇവിടെ ജനിച്ചു ജീവിക്കുന്ന ഓരോ ഭാരതീയന്റെയും, ഹൃദയാന്തര്‍ ഭാഗത്തുനിന്ന് ആത്മസമര്‍പ്പണഭാവത്തില്‍ ഭക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റു പുറത്തുവരേണ്ട വികാരമാണ്. മഹര്‍ഷി അരവിന്ദന്‍ അഭിപ്രായപ്പെടുന്നത്, മതമോ, ജാതിയോ ഒന്നുമല്ല ദേശീയതയുടെ മാനദണ്ഡം, രാജ്യം എന്ന ചിന്ത മാത്രമാണ്. ഇത് നേടേണ്ടത് ബന്ധപ്പെട്ട സാഹിത്യ-കല ശ്രവണങ്ങളിലുടെയും അതനുസരിച്ചുള്ള മനനത്തിലൂടെയുമാണ്. അതുകൊണ്ടുതന്നെയാണ് പധാനമന്ത്രി നരേന്ദ്ര മോദി ഓര്‍മിപ്പിക്കുന്നത്,-തനിക്കു എപ്പോഴും ‘രാഷ്‌ട്ര’മാണ് ഒന്നാമത്(നേഷന്‍ ഫസ്റ്റ്) എന്ന്. ആ മന്ത്രം ഭാരതത്തിലെ 140 കോടി ജനങ്ങളും ഏറ്റെടുക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു.

ഭാരതത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ അടിത്തറ ‘നാനാത്വത്തില്‍ ഏകത്വം’ തന്നെയാണ്. 1911 ല്‍ രവീന്ദ്രനാഥ ടഗോര്‍ രചിച്ച ‘ജനഗണമന’യും അത് വിളിച്ചോതുന്നു. എങ്കിലും ‘ഏകത്വത്തിന്റെ അഗാധതയും, ഗരിമയും വേണ്ടരീതിയില്‍ തലമുറകളിലേക്ക് പകര്‍ന്നിട്ടില്ല എന്നത് സത്യമാണ്. യൂണിറ്റി ഇന്‍ ഡൈവേഴ്‌സിറ്റി എന്ന ആശയത്തെ കുരുന്നു മനസുകളില്‍ നിലയുറപ്പിച്ചുകൊണ്ടുള്ള വിദ്യാഭ്യാസം അതിന് ഉദാഹരണമാണ്. ‘യൂണിറ്റി’ എന്ന വാക്ക് ഒരിക്കലും ‘ഏകത’യ്‌ക്കു പകരം ആവില്ല. ഛിലില ൈ ആയിരിക്കാം ഒന്നുകൂടി ഉചിതം. മുന്‍പ് സൂചിപ്പിച്ചതുപോലെ, ദേശ -, കാല, ജാതി, മത, ഭാഷ,ഗോത്ര ഭേദമേന്യ എല്ലാവരിലും കുടികൊള്ളുന്ന ആത്മാവ് എല്ലാവരുമായുള്ള ‘ഏകത’യെ സൂചപ്പിക്കുന്നു. രാഷ്‌ട്രം വേറെ, സംസ്‌കാരം വേറെ എന്ന ഇടുങ്ങിയ ചിന്തയില്‍ പുറമെ കാണുന്നതു മാത്രമേ സത്യമായുള്ളു എന്ന് പഠിപ്പിക്കുന്ന വിദ്യാഭ്യാസ വീക്ഷണ രീതി, തന്ത്രപരമായി, നാടിന്റെ ‘സ്വത്വ’ത്തെ വിസ്മൃതിയിലാഴ്‌ത്തി. യഥാര്‍ത്ഥ ദേശീയതയെയും പൈതൃകത്തെയും തലമുറകളില്‍ നിന്ന് അന്യവത്കരിച്ചു.

ഭാരത സ്വാതന്ത്ര്യത്തിന്റെ ഈ അമൃതകാലത്തില്‍, ‘സ്വത്വ’ത്തെ വീണ്ടെടുക്കുന്ന ശ്രമങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണല്ലോ. വന്ദേമാതര ഗീതം, വംഗ നാട്ടിലെ ദേശസ്‌നേഹികളെ മാത്രമല്ല, ഭാരതത്തിലെമ്പാടുമുള്ള ധീരദേശാഭിമാനികള്‍ക്കും പ്രചോദനമായിരുന്നു. രാജ്യത്തെ മാതാവായി ദര്‍ശിച്ചിരുന്ന അവര്‍ക്കു ഭാരതം ഒരു കുടുബം കൂടിയാണ്. ഒരു കുടുംബവ്യവസ്ഥിതിയില്‍ മാതാവിന്റെ മടിത്തട്ടില്‍ ഒരു കുഞ്ഞ് എന്തുമാത്രം സുരക്ഷിതമായും ലാളനയാലും വളരുന്നുവോ, ശേഷം ആ കുഞ്ഞിന്റെ സംരക്ഷണയില്‍ മാതാവ് ശിഷ്ട ജീവിതം നയിക്കുന്നുവോ അത്തരത്തിലുള്ള ബന്ധമാണ് ഒരു രാഷ്‌ട്രവും അവിടുത്തെ ജനതയും തമ്മില്‍ ഉണ്ടാകേണ്ടത്. വന്ദേമാതര ഗീതം ഈ മഹത് തത്വം വിളിച്ചോതുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by