പാലക്കാട് ജില്ലയില്‍ ബ്രൂവറി ആരംഭിക്കുന്നതിന് ഇന്‍ഡോര്‍ ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്ക് അനുമതി നല്‍കിയത് രാഷ്ട്രീയമായി വലിയ വിവാദത്തിന് ഇടയാക്കിക്കഴിഞ്ഞു. ഇത് മദ്യനയം സംബന്ധിച്ച ഇടത് മുന്നണിയുടെ 2016 ലെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങളുടെ ലംഘനമാണ്. മദ്യലഭ്യത കുറയ്ക്കുന്നതിനും ജനങ്ങളെ മദ്യത്തിന് എതിരായി ജാഗ്രത്താക്കുന്നതിനുമുള്ള വാഗ്ദാനങ്ങള്‍ക്ക് വിപരീതമായ നടപടിയാണ് ഈ അനുമതി.
ജലക്ഷാമം കൂടിയ പാലക്കാട് ജില്ലയില്‍ ബ്രൂവറി സ്ഥാപിക്കുന്നത് ഗുരുതര പരിസ്ഥിതി പ്രതിസന്ധി ഉണ്ടാക്കും. ഭൂഗര്‍ഭ ജലത്തിന്റെ അനാവശ്യ ചൂഷണം പരിസ്ഥിതി തകര്‍ച്ചയിലേക്ക് നയിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. പാലക്കാട് ജില്ല ജലലഭ്യതയുടെ കാര്യത്തില്‍ നേരത്തേ തന്നെ പ്രതിസന്ധി നേരിടുന്ന പ്രദേശമാണ്. ഇവിടെ ഒരു മദ്യനിര്‍മാണശാല വരുന്നത് ഭൂഗര്‍ഭജല ക്ഷാമം മൂര്‍ച്ഛിക്കാന്‍ കാരണമാകും. പ്രദേശത്തെ ജനങ്ങള്‍ നേരിടുന്ന കുടിവെള്ള ക്ഷാമവും പരിസ്ഥിതി തകര്‍ച്ചയും ഗുരുതര പ്രശ്നങ്ങളായി മാറും.
ബ്രൂവറി സ്ഥാപിക്കാന്‍ ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഒയാസിസ് കമ്പനി വാട്ടര്‍ അതോറിറ്റിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. ടെന്‍ഡര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ദല്‍ഹി മദ്യനയ അഴിമതിയില്‍ പങ്കാളിയായ കമ്പനിക്ക് ബ്രൂവറി അനുമതി നല്‍കിയതിന്റെ പിന്നില്‍ വലിയ അഴിമതി മണക്കുക മാത്രമല്ല,അഴിമതി ഉണ്ട് എന്നതും ഉറപ്പാണ്. പ്രത്യേകിച്ച്, വിശ്വാസ്യത ഇടിഞ്ഞ ഒരു സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്ന പശ്ചാത്തലത്തില്‍. 2011ലെ യുഡിഎഫ് സര്‍ക്കാര്‍ നേരിട്ട ബാര്‍കോഴ അഴിമതിക്ക് സമാനമായ വലിയ അഴിമതിയിലേക്ക് ഇത് നയിക്കുമെന്നകാര്യത്തില് തര്‍ക്കമില്ല.ബാര്‍കോഴ അഴിമതിക്ക് ശേഷം വലിയ കുംഭകോണത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ന്യായമായ മറുപടി നല്‍കാതെ, ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നത് ഗുരുതരമായ പ്രതിസന്ധിക്കാണ് വഴിതുറക്കുക. മദ്യനിര്‍മാണശാലയ്ക്ക് അനുമതി നല്‍കിയതില്‍ സിപിഎമ്മിനുള്ളില്‍ത്തന്നെ ഭിന്നതയുണ്ട്. പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കള്‍ തീരുമാനത്തിനെതിരെ പരസ്യമായി പ്രതികരിച്ചുവെങ്കിലും സംസ്ഥാന നേതൃത്വം പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
പ്രദേശത്തെ പഞ്ചായത്ത് ഭരണസമിതി ബ്രൂവറി പ്രോജക്ടിനെതിരെ ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. കുടിവെള്ളം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത പ്രദേശത്ത് ഇത്തരമൊരു നിര്‍മാണശാല ആരംഭിക്കുന്നതിന്റെ യുക്തിബോധം ചോദ്യംചെയ്യപ്പെടുകയാണ്.
ജനങ്ങളുടെ ആരോഗ്യവും പരിസ്ഥിതിയും മുന്‍നിര്‍ത്തി സര്‍ക്കാര്‍ നിലപാട് പുനഃപരിശോധിക്കേണ്ടത് അനിവാര്യമാണ്. പദ്ധതി രാഷ്ട്രീയ മുതലെടുപ്പിനാണോ, പൊതുഹിതത്തിനാണോ എന്ന ചോദ്യം ഉയരേണ്ട സമയമാണിത്. ബ്രൂവറി പദ്ധതിക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങളും ചോദ്യങ്ങളും സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടിയിരിക്കുന്നു. നടപ്പിലാക്കപ്പെടുന്ന ഏതൊരു പദ്ധതിയും പരിസ്ഥിതിയെയും ജനങ്ങളുടെ അവകാശങ്ങളെയും സംരക്ഷിക്കേണ്ടതുണ്ട്. ഓരോ നടപടിയും പൊതു വിശ്വാസം വിജയകരമായി നിലനിര്‍ത്തുന്ന വിധത്തില്‍ ആയിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: