മലപ്പുറം: ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയറ്റി.അനിശ്ചിതത്വങ്ങള്‍ക്കും മണിക്കൂറുകളുടെ പരിശ്രമങ്ങള്‍ക്കുമൊടുവില്‍ വ്യാഴാഴ്ച രാത്രി പത്തോടെയാണ് കാട്ടാന കിണറ്റില്‍ നിന്ന് പുറത്ത് കടന്നത്.
തുടര്‍ന്ന് ആന തോട്ടത്തിലേക്ക് കയറി. പടക്കം പൊട്ടിച്ചും ബഹളം വച്ചും കൊമ്പനെ ഉള്‍വനത്തിലേക്ക് കയറ്റാനുള്ള ശ്രമം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടരുകയാണ്. ഇരുപത് മണിക്കൂറോളം കിണറ്റില്‍ കുടുങ്ങിപ്പോയ ആനയെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്.
കിണര്‍ ഇടിച്ചാണ് ആനയെ കര കയറ്റിയത്. പകല്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ വനം ഉദ്യോഗസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിനെത്തിച്ച മണ്ണ് മാന്തിയന്ത്രം തിരിച്ചയയ്‌ക്കേണ്ടിയും വന്നു.
തുടര്‍ന്ന് നാട്ടുകാരുമായി ചര്‍ച്ച നടത്തി കിണറിന്റെ ഉടമയ്‌ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. വെളളിയാഴ്ച കൂടുതല്‍ ചര്‍ച്ച നടത്താമെന്നും ഉറപ്പ് നല്‍കിയ പ്രകാരമാണ് നാട്ടുകാര്‍ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറിയത്. തുടര്‍ന്നാണ് കിണറിന്റെ ഒരു ഭാഗം ജെസിബി ഉപയോഗിച്ച് ഇടിച്ചു നിരത്തിയത്.
ഇതിലൂടെ പലവട്ടം ആന കയറാന്‍ ശ്രമിച്ചെങ്കിലും പിന്‍കാലുകള്‍ കിണറ്റില്‍ നിന്ന് ഉയര്‍ത്താനായില്ല. ഇതിനിടയില്‍ ആനയ്‌ക്ക് പട്ട ഉള്‍പ്പെടെ ഇട്ടു നല്‍കി. പലവട്ടം ആന വനംവകുപ്പ് ഒരുക്കിയ വഴിയിലൂടെ കയറാന്‍ ശ്രമിച്ചെങ്കിലും കിണറ്റിലേക്ക് തന്നെ വീണു. പിന്നീട് രാത്രി പത്തോടെ നടത്തിയ ശ്രമത്തില്‍ ആന കിണറ്റില്‍ നിന്ന് പുറത്തേക്ക് കയറി കാഴ്ചയില്‍ ആനയ്‌ക്ക് കാര്യമായ പരിക്ക് പ്രകടമല്ലെങ്കിലും ക്ഷീണിതനാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: