തിരുവനന്തപുരം: ഒരു അര്‍ധശാസ്ത്രീയസംഗീതഗാനമാണെങ്കിലും അതിന് ശാസ്ത്രീയസംഗീതം പഠിക്കാത്ത ജയചന്ദ്രന്റെ ഭാവസാന്ദ്രമായ ശബ്ദം മതി എന്ന് ഉറപ്പിച്ച എംബിഎസ് എന്ന് വിളിക്കപ്പെടുന്ന എം.ബി.ശ്രീനിവാസന് വലിയൊരു കയ്യടി കൊടുക്കണം. അല്ലെങ്കില്‍ നമുക്ക് നിത്യഹരിതമായ ആ പാട്ട് കൈവിട്ടുപോയേനെ. അതാണ്.പി ജയചന്ദ്രന്റെ പാട്ടുകളിൽ ഏറ്റവും വ്യത്യസ്തമായ രാഗം ശ്രീരാഗം എന്ന അസുലഭ ഗാനം.
എം ടി സിനിമയായ ‘ബന്ധന’ത്തിന് വേണ്ടി ഒഎന്‍വി സാർ രചിച്ച് എം ബി ശ്രീനിവാസൻ സംഗീതം നൽകിയ രാഗം ശ്രീരാഗം എന്ന ഗാനം ജയചന്ദ്രന് സംസ്ഥാന അവാർഡ് നേടിക്കൊടുത്തില്ലെങ്കിലേ അത്ഭുതമുള്ളൂ. അത്രയ്‌ക്ക് പരിശ്രമം ആ ഗാനത്തിന്റെ പിറവിക്ക് പിന്നിലുണ്ട്. തനിക്ക് ശാസ്ത്രീയ സംഗീതം അറിയില്ലെന്ന് പറഞ്ഞ് എംബിഎസിന്റെ പിടിയില്‍ നിന്നും ജയചന്ദ്രന്‍ പല തവണ ഒഴിഞ്ഞുമാറാന്‍ നോക്കി. പക്ഷെ തനിക്ക് ഈ പാട്ടിന് ജയചന്ദ്രന്റെ ശബ്ദം തന്നെ വേണമെന്ന് എംബിഎസിന് നിര്‍ബന്ധം. നാല് രാഗങ്ങളിലൂടെ കടന്നുപോകുന്ന ഈ പാട്ട് പഠിച്ചെടുത്ത് പാടാന്‍ ജയചന്ദ്രന്‍ ഒരാഴ്ചയോളം എടുത്തു. പക്ഷെ എംബിഎസിന് ഉറപ്പുണ്ടായിരുന്നു, എല്ലാം കഴിഞ്ഞാല്‍ മലയാളിക്ക് ഒരിയ്‌ക്കലും തള്ളിക്കളയാന്‍ പറ്റാത്ത പാട്ടായി അത് മാറുമെന്ന്. അത് തന്നെ സംഭവിച്ചു.
എംബി ശ്രീനിവാസന്‍ ഒരു രാഗമാലികയായാണ് ഈ ഗാനം സംഗീതം ചെയ്തത്. ഒരു ഗാനത്തില്‍ പല്ലവിയും അനുപല്ലവിയും ചരണവും വേറെ വേറെ രാഗങ്ങളില്‍ സംഗീതം ചെയ്യുമ്പോള്‍ അതിനെ രാഗമാലിക എന്ന് വിളിക്കാം. ഗായകരെ സംബന്ധിച്ചിടത്തോളം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്ന ഒന്നാണിത്. ശാസ്ത്രീയസംഗീതത്തിന്റെ അടിത്തറയുള്ളവര്‍ക്ക് രാഗങ്ങളില്‍ നല്ല പരിജ്ഞാനം ഉണ്ടാകും എന്നതിനാല്‍ ഒരു പാട്ടിലെ വരികള്‍ വേറെ വേറെ രാഗങ്ങളില്‍ പാടാന്‍ പ്രയാസമുണ്ടാവില്ല. യേശുദാസ് ഇതില്‍ ഒരു വിദഗ്ധനായിരുന്നു. എത്രയോ രാഗമാലികകളായ സിനിമാഗാനങ്ങള്‍ അദ്ദേഹത്തിന്‍റേതായുണ്ട്.
ഗഹനമായ സംഗീതത്തിലുള്ള എംബിഎസിന്റെ അപരിമേയമായ അറിവിന്റെ പൂർണ്ണതയാണ് രാഗം ശ്രീരാഗം.
ശ്രീ, ഹംസധ്വനി, വസന്ത , മലയമാരുതം എന്നിങ്ങനെ നാല് രാഗങ്ങളാണ് ആ പാട്ടിൽ വരുന്നത്. നാല് രാഗങ്ങളും പ്രിയപ്പെട്ടതാണ്.
ശ്രീ രാഗത്തിലാണ് പല്ലവി സജ്ജീകരിച്ചിരിക്കുന്നത്.
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
രാഗം ശ്രീരാഗം ഉദയശ്രീ രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
മധുകര മധുര ശ്രുതിയിൽ
ഹൃദയ സരോവരമുണരും രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം
തുടുതുടെ വിടരും പൂവിൻ കവിളിൽ
പടരും നിർവൃതി രാഗം
ഇതത്രയും ശ്രീരാഗത്തില്‍ ഒരുക്കിയിരിക്കുന്നു.
പിന്നീട് ഹംസധ്വനി രാഗത്തിലേക്ക് ഗാനം കടക്കുന്നു
രാഗം ഹംസധ്വനി രാഗം
കള ഹംസധ്വനി രാഗം
രാഗം ഹംസധ്വനി രാഗം
ദാഹം സംഗമദാഹം…
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം…
ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
തളരാതാടും തിരയുടെ പദതാളം
തളരാതാടും തിരയുടെ പദതാളം
ഇതില്‍ ഹംസധ്വനിയിൽ ചിട്ടപ്പെടുത്തിയ
“ജീവനിലാളും ഇണയരയന്നങ്ങൾ പാടും മദകര രാഗം
ദാഹം സംഗമദാഹം” എന്ന വരികള്‍ ജയചന്ദ്രന്റെ ആലാപനത്തില്‍ വികാരദീപ്തമാണ്.
തുടര്‍ന്നങ്ങോട്ട് വസന്തരാഗത്തിന്റെ ഒഴുക്കാണ്.
രാഗം വസന്തരാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗം വസന്ത രാഗം
പ്രപഞ്ച മധുവന വസന്ത രാഗം
രാഗിണിയാം പ്രിയ വസുധേ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
അനുരാഗിണിയാം പ്രിയ വസുധേ
പുഷ്പ പരാഗം നിറുകയിലണിയൂ
വർണവിരാജിതമാം ഋതുരാജസദസിൽ
ഋതുരാജസദസിൽ രാഗം…താനം…പല്ലവി പാടൂ
രാഗം താനം പല്ലവി പാടൂ.
തുടര്‍ന്നങ്ങോട്ട് മലയമാരുതരാഗം കടന്നുവരുന്നു.
രാഗം മാരുത രാഗം മലയമാരുത രാഗം
മലയാനിലകരലാളിത രാഗം മലയമാരുത രാഗം
സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം മലയമാരുത രാഗം
മലയ മാരുതരാഗത്തിലാണ്
“സുരഭിലമേതോ സ്മൃതിയുടെ ലഹരിയിൽ
നിറയും മിഴിയോടെ
വിട പറയും ദിനവധുവിൻ കവിളിൽ
വിടരും കുങ്കുമരാഗം”- ഇവിടെ ഈ ഗാനം ഒരു വിഷാദത്തിന്റെ കുങ്കുമഛായ കൈവരിക്കുന്നു.
നാല് വര്‍ണ്ണങ്ങളിലുള്ള മുത്തുകള്‍ ഒരു ചരടിലെന്നോണം കോര്‍ത്തിരിക്കുകയാണ് എംബിഎസ്. അദ്ദേഹത്തിന്റെ രാഗങ്ങളിലുള്ള അറിവാണ് ഈ ഇന്ദ്രജാലസ്പര്‍ശം സാധ്യമാക്കിയത്.
ഓരോ രാഗത്തിന്റെ പേരും വരികളിലേക്ക് തനിമ ചോരാതെ കൊണ്ടുവരാന്‍ കഴിഞ്ഞത് ഒഎന്‍വി എന്ന ഗാനരചയിതാവിന്റെ കൃതഹസ്തത.
ഏഴ് ദിവസമെടുത്തെങ്കിലും രാഗഭാവങ്ങളെ വരികളിലേക്കും എംബിഎസിന്റെ സംഗീതത്തിലേക്ക് വിന്യസിക്കുന്നതില്‍ ജയചന്ദ്രന്‍ പൂര്‍ണ്ണമായും വിജയിച്ചിരിക്കുന്നു.
ഇതില്‍ ഒഎന്‍വിയുടെ കാവ്യഭംഗിയും, എംബിഎസിന്റെ സംഗീതഗരിമയും , ജയചന്ദ്രന്റെ ആലാപനത്തിലെ ഭാവപ്രകാശവും കൂടിക്കലര്‍ന്ന് അവാച്യമായ ഒരു അനുഭൂതി ശ്രോതാവിന് പകര്‍ന്ന് കിട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: