ന്യൂദെൽഹി:ആന എഴുന്നള്ളത്തുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതി നൽകിയ സ്റ്റേക്കെതിരായ അപേക്ഷ അടിയന്തരമായി പരിഗണിക്കാതെ സുപ്രീം കോടതി. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. എന്നാൽ ഈ സ്റ്റേ ഉത്തരവിനെതിരെ കേസിലെ എതിർകക്ഷിയായ വി കെ വെങ്കിടാചലം നൽകിയ ഹർജിയിലാണ് ഹൈക്കോടതി വിധിക്ക് സുപ്രീംകോടതി ഏർപ്പെടുത്തിയ സ്റ്റേ ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യം അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചത്. ആന എഴുന്നള്ളിപ്പിന് ഹൈക്കോടതി പുറപ്പെടുവിച്ച മാർഗ്ഗരേഖ അപ്രായോഗികമാണെന്ന് വ്യക്തമാക്കി സുപ്രീംകോടതി നൽകിയ സ്റ്റേറ്റ് ഉത്തരവ് നിലവിൽ വന്നതിനുശേഷം മലപ്പുറം ജില്ലയിലെ പുതിയങ്ങാടി പള്ളിയിൽ നടന്ന നേർച്ചയ്ക്കിടെ ആന ഇടഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ എതിർകക്ഷിയായ വി കെ വെങ്കിടാചലം സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതിവിധി ഏർപ്പെടുത്തിയ സ്റ്റേ നീക്കണമെന്ന് വെങ്കിടാചലത്തിന്റെ അഭിഭാഷക കോടതിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ഇക്കാര്യം പരിഗണിച്ചില്ല. ഈ വിഷയം കേരള ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താനാണ് ജസ്റ്റിസ് ബീവി നഗരത്ന അധ്യക്ഷയായ ബെഞ്ച് നിർദ്ദേശിച്ചത്. ഈ വിഷയത്തിൽ തങ്ങൾ ഉത്തരവിറക്കിയതാണെന്നും മറ്റു വിഷയങ്ങൾ ഹൈക്കോടതിയാണ് പരിഗണിക്കേണ്ടതെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഇതിനിടയിൽ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കാൻ പോകുന്ന ശിവരാത്രി ഉത്സവം ഉൾപ്പെടെ അലങ്കോലമാക്കാൻ ശ്രമം നടക്കുന്ന കാര്യം തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ അഭിഭാഷകൻ എം ആർ അഭിലാഷ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്, ഇതിന്റെ ഭാഗമായാണ് സ്റ്റേ നീക്കണമെന്ന ആവശ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേവസ്യങ്ങളുടെ ഹർജി ഫെബ്രുവരി നാലിന് പരിഗണിക്കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. അന്ന് തങ്ങളുടെ ആവശ്യം കൂടി പരിഗണിക്കണമെന്ന് വെങ്കിടാചലത്തിന്റെ അഭിഭാഷക ആവശ്യപ്പെട്ടെങ്കിലും ഇത് സംബന്ധിച്ച് ഒരു ഉത്തരവ് ഇറക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: