കിടക്ക നനച്ചതിന് ജനനേന്ദ്രിയം നുള്ളിമുറിച്ചുള്ള ശിക്ഷ! അതും രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്.
ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ ഞെട്ടലുളവാക്കുന്നു. മനുഷ്യത്വം മരവിച്ച, എന്ത് ക്രൂരതയും കാട്ടികുട്ടാന്‍ മടിയില്ലാത്ത, മനുഷ്യന്‍ എന്ന വാക്കു പോലും ലജ്ജിച്ചു പോകുന്ന ഇരുകാലി മൃഗങ്ങളുടെ ദുഷ്ടതകള്‍ ദിവസേന പുറത്തുവരുന്നു. മറ്റൊരാളുടെ അവകാശങ്ങള്‍ അംഗീകരിച്ച് കൊടുക്കാന്‍ വിമുഖത, അന്യന്റെ വേദനയില്‍ ആനന്ദം, നിസ്സഹായത ചൂഷണം ചെയ്യുവാന്‍ മടിയില്ലായ്മ – ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് ആരോഗ്യമില്ലാത്ത മനസ്സുകളിലേക്കാണ്.
വ്യക്തി മനസ്സും സമൂഹ മനസ്സും ഒരുപോലെ ദുഷിച്ച ഈ അവസ്ഥ ഭയക്കേണ്ടത് തന്നെയാണ്. തലയ്‌ക്കു മുകളില്‍ തൂങ്ങിയാടുന്ന വാള്‍പോലെ തീരെ സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ. അതും മനുഷ്യമനസ്സിനെ അറിയാനും നന്നായി വിശകലനം ചെയ്യുവാനും സാധിച്ചിട്ടുള്ള ഋഷി പരമ്പരകളുടെ നാട്ടില്‍.
ധാര്‍മ്മികബോധം തീരെയില്ലാത്ത ഒരു ജനതയായി എന്തേ കേരളീയ സമൂഹം മാറിപ്പോയി? പിഞ്ചു കുഞ്ഞുങ്ങളെ ക്രൂരമായും ലൈംഗികമായും, ഉപദ്രവിക്കുക വൃദ്ധ മാതാപിതാക്കളെ പട്ടിണിക്കിട്ടും ശുശ്രൂഷ നല്‍കാതെയും പീഡിപ്പിക്കുക, ദാമ്പത്യ ജീവിതത്തിലേ പൊരുത്തക്കേടുകള്‍ക്ക് പങ്കാളിയെ കൊന്ന് പരിഹാരം കാണുക, ഒരു കുഞ്ഞു പരാജയം പോലും താങ്ങുവാന്‍ കെല്‍പ്പില്ലാതെ ജീവനൊടുക്കുക – അതും കുടുംബം ഒന്നിച്ച് – ഇതെല്ലാം വെളിപ്പെടുത്തുന്നത് ആരോഗ്യമില്ലാത്ത മനസ്സുകളെയാണ്.
കെട്ടിയുയര്‍ത്തേണ്ടത് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ അല്ല; മാനസിക ആരോഗ്യമുള്ള ഒരു ജനതയെ വാര്‍ത്തെടുക്കാന്‍ ആവശ്യമായ നടപടികള്‍ എടുക്കുകയാണ്. ശരീരത്തിന്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതുപോലെ മനസ്സിനും കരുതല്‍ നല്‍കണം. ആവശ്യമായ തിരുത്തലുകള്‍ തുടങ്ങുവാന്‍ ഇനിയും വൈകിയാല്‍ ഇവിടെ ജീവിതം ദുഃസ്സഹമായി തീരും.
എല്ലാം സര്‍ക്കാര്‍ ചെയ്യുമെന്ന് കരുതിയിരിക്കാതെ, സാമുദായിക-സന്നദ്ധ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. കുടുബ യോഗങ്ങള്‍, കുട്ടികള്‍ക്ക് ബാലവേദി, മുതിര്‍ന്ന പൗരന്മാര്‍ക്ക് വയോജന വേദി എന്നിവ രൂപീകരിച്ച് മാനസികാരോഗ്യത്തിന് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രഭാഷണങ്ങള്‍, കൗണ്‍സലിംഗ് സൗകര്യം, കുട്ടികള്‍ക്ക് ഉത്തമപൗരന്‍മാരായി ജീവിക്കുവാന്‍ ഉതകുന്ന പരിശീലന പരിപാടികള്‍, വയോജനങ്ങള്‍ക്ക് മരണഭയം ഇല്ലാതെ അവസാന നിമിഷം വരെ പ്രവര്‍ത്തന നിരതരായി കഴിയുവാന്‍ (വാനപ്രസ്ഥമോ, സംന്യാസമോ) പ്രേരണ നല്‍കുന്ന സൗഹൃദ ക്ലാസ്സുകള്‍ മുതലായവ സംഘടിപ്പിക്കണം.
ശാരീരിക അസുഖങ്ങളെപ്പോലെയോ അതിലുപരിയോ പ്രാധാന്യത്തോടെ മാനസിക പ്രശ്‌നങ്ങളെ മനസ്സിലാക്കുവാനും, പരിഹരിക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നു. ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ മാനസിക പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍, ചെറുതും വലുതുമായ അസുഖങ്ങള്‍ ഉള്ളവര്‍ ചികിത്സ തേടാതെ കുടുംബത്തിലും സമൂഹത്തിലും ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ട്. പെരുമാറ്റ വൈകൃതങ്ങള്‍, അമിതമായ ഉത്കണ്ഠ, ഭയം എന്നിവയൊക്കെ ഒരു വ്യക്തിക്ക് ഉണ്ടാകുമ്പോള്‍, അത് ചുറ്റുമുള്ളവരെയും ബാധിക്കുന്നുണ്ട്. തിക്തഫലം അനുഭവിക്കുന്നുമുണ്ട്.
ഇവിടെയുണ്ടാകുന്ന പ്രധാന പ്രശ്‌നം, പലരും മാനസിക പ്രശ്‌നങ്ങള്‍ മറച്ചുവയ്‌ക്കുന്നു എന്നതു മാത്രമല്ല; ചികിത്സിക്കുവാന്‍ എന്തിന് കൗണ്‍സലിംഗിന് പോലും സന്നദ്ധരാവുന്നില്ല എന്നതാണ്. ‘എനിക്ക് ഭ്രാന്തില്ല’ എന്ന് പറഞ്ഞ് ചികിത്സയുമായി സഹകരിക്കാതിരിക്കുന്നവരും ഏറെയാണ്.
പറഞ്ഞു തുടങ്ങിയ വിഷയം മാറിപ്പോയിട്ടില്ല. രണ്ടര വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ പരിക്കേല്‍പ്പിക്കുകയും, അത് പരസ്പരം പറഞ്ഞ് ആസ്വദിക്കുകയും ചെയ്യുന്ന മാനസികാവസ്ഥ വെറും സാഡിസ്റ്റ് ചിന്താഗതി മാത്രം അല്ല. ഒളിഞ്ഞിരിക്കുന്ന ക്രിമിനല്‍ വാസനയും കുടിയാണ്. ഇത് ഒരു ഒറ്റപ്പെട്ട സംഭവം അല്ലാത്തതുകൊണ്ടാണ് പൊതുവായി പറഞ്ഞുപോകുന്നത് എന്നു മാത്രം.
ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് വില കല്‍പ്പിക്കാത്ത ഒരാള്‍, വ്യക്തി ജീവിതത്തിലും സാമുഹ്യ ജീവിതത്തിലും ഒന്നുപോലെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ദിശാബോധം പകര്‍ന്ന് നല്‍കാന്‍ ഗ്രന്ഥങ്ങള്‍ അനേകമുണ്ട്. ഗുരുക്കന്‍മാര്‍ക്കും പഞ്ഞമില്ല. എന്നിട്ടും മഹാനായ അച്ഛന്റെ മുടിയനായ പുത്രനെപ്പോലെ ഓരോ ദിവസവും നാശത്തില്‍ നിന്നും നാശത്തിലേക്ക് കുപ്പുകുത്തുകയാണ്.
ഇതിഹാസങ്ങള്‍, പുരാണങ്ങള്‍ എല്ലാം ജീവിതത്തിന്റെ അര്‍ത്ഥവും ധാര്‍മ്മികതയും വ്യക്തമാക്കി തരുവാന്‍ ഉള്ളപ്പോള്‍, കര്‍മ്മം ചെയ്യേണ്ടത് എങ്ങനെയെന്നും സ്വന്തം ധര്‍മ്മം എന്തെന്നും മനസ്സിലാക്കിത്തരുവാന്‍ ഭഗവദ്ഗീത ഉള്ളപ്പോള്‍, അതിന്റെയെല്ലാം അവകാശികള്‍ ധര്‍മ്മബോധം ഇല്ലാത്തവരായി, അജ്ഞാനികളായി ജന്തുജീവിതം നയിക്കേണ്ടി വരുന്നത് വളരെ ദയനീയമാണ്.
കര്‍മ്മം ചെയ്യേണ്ടത് എങ്ങനെയെന്ന്, മനസ്സ് അര്‍പ്പിക്കേണ്ടതിന്റെ ആവശ്യകത, ധര്‍മ്മ നിഷ്ഠ എല്ലാം സനാതന ധര്‍മ്മത്തിലൂടെ ഉള്‍ക്കൊള്ളണം. അതിന് സാമുദായിക സന്നദ്ധ സംഘടനകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നമ്മുടെ നവോത്ഥാന നായകര്‍ പല കാലങ്ങളിലായി ചെയ്തു പോന്നതും അതുതന്നെ ആയിരുന്നുവല്ലോ.
(സെക്രട്ടറിയേറ്റില്‍നിന്ന് ജോയിന്റ് സെക്രട്ടറിയായി വിരമിച്ച ലേഖിക തപസ്യ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റും ഗ്രന്ഥികാരിയുമാണ്)
പ്രതികരിക്കാൻ ഇവിടെ എഴുതുക