ന്യൂദെൽഹി:പതിറ്റാണ്ടുകളായി പോലീസിനെ കബളിപ്പിച്ചു നടക്കുന്ന ഉന്നത മാവോയിസ്റ്റ് നേതാവും പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവുമായ ചലപതിയെന്ന ജയറാം റെഡ്ഡിയെ കുടുക്കിയത് ഭാര്യയോടൊപ്പം ഉള്ള സെൽഫി ചിത്രം. ചലപതി എന്നറിയിപ്പെടുന്ന ജയറാം റെഡ്ഡി വർഷങ്ങളായി പോലീസ് സേനയെയും മാവോയിസ്റ്റ് വിരുദ്ധ ഫോഴ്സിനെയും കബളിപ്പിച്ചു നടക്കുകയായിരുന്നു. തന്റെ ഭാര്യ അരുണ എന്ന ചൈതന്യ വെങ്കട്ട് രവിയുമൊത്തുള്ള ഒരു സെൽഫിയാണ് കഴിഞ്ഞദിവസം തന്റെ ജീവൻ നഷ്ടപ്പെടുന്ന രീതിയിൽ സുരക്ഷാസേനയുടെ ഓപ്പറേഷന് കാരണമായത്. കഴിഞ്ഞ ആഴ്ച ഛത്തീസ്ഗഡ് ഒഡീഷ അതിർത്തിയിൽ കേന്ദ്ര – സംസ്ഥാന പോലീസ് സേനകൾ സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ചലപതി ഉൾപ്പെടെയുള്ള 20 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടത്. 2008 ഫെബ്രുവരിയിൽ ഒഡീഷ്യയിലെ നയാഗർ ജില്ലയിൽ 13 സുരക്ഷ സേനാംഗങ്ങളെ കൊലചെയ്തതിന്റെ സൂത്രധാരനായിരുന്ന ചലപതിയുടെ തലയ്‌ക്ക് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. പോലീസ് ആയുധശേഖരം കൊള്ളയടിച്ച ശേഷമായിരുന്നു മാവോയിസ്റ്റുകളുടെ ഓപ്പറേഷൻ’ ആയുധപ്പുര ആക്രമണം നടക്കുമ്പോൾ നയാഗർ ജില്ലയിലേക്ക് സുരക്ഷ സേന പ്രവേശിക്കാതിരിക്കാൻ പട്ടണത്തിലേക്കുള്ള എല്ലാ റോഡുകളും കൂറ്റൻ മരക്കൊമ്പുകൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ തടഞ്ഞിരുന്നു. ഇതിനുശേഷം വർഷങ്ങളോളം അയാൾ ആൾമാറാട്ടം നടത്തി ആന്ധ്ര ഒഡീഷ ബോർഡർ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ ഡെപ്യൂട്ടി കമാൻഡർ കൂടിയായ ഭാര്യ അരുണയുമായി വിവിധ സ്ഥലങ്ങളിൽ ഒളിവ് ജീവിതം നയിക്കുകയായിരുന്നു. 2016 മെയ് മാസം ആന്ധ്രപ്രദേശിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു സ്മാർട്ട് ഫോണിൽ നിന്നാണ് ചലപതിയുടെയും ഭാര്യ അരുണയുടെയും സെൽഫി ചിത്രം സുരക്ഷാസേനക്ക് കണ്ടെടുക്കാനായത്. പത്തോളം പേഴ്സണൽ ഗാർഡുകളുടെ സുരക്ഷാവലയത്തിൽ ആയിരുന്നു ചലപതിയുടെയും ഭാര്യയുടെയും യാത്രകളും ഒളിത്താവളങ്ങളിലെ ജീവിതവുമെന്ന് സുരക്ഷാകേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. ആന്ധ്രപ്രദേശിലെ ചിറ്റൂർ സ്വദേശിയായ ചലപതി മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്ര കമ്മിറ്റിയിലെ മുതിർന്ന അംഗമായിരുന്നു. ഛത്തീസ്ഗഡിലെ ബസ്റ്റർ കേന്ദ്രീകരിച്ചായിരുന്നു സജീവമായ പ്രവർത്തനം. ഈ പ്രദേശത്ത് സുരക്ഷസേന തുടർച്ചയായി ഓപ്പറേഷൻ നടത്തുന്നതിനെ തുടർന്ന് തന്റെ താവളം കുറച്ചുകൂടി സുരക്ഷിതമായ ഒഡീഷ അതിർത്തിയിലേക്ക് മാറ്റുകയായിരുന്നു ചലപതി. സൈനിക തന്ത്രങ്ങളിലും ഗറില്ല യുദ്ധത്തിലും വിദഗ്ധനായി അറിയപ്പെട്ട ചലപതിയെ സെൽഫിയിലെ ഫോട്ടോ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വാസസ്ഥലം കണ്ടെത്തുന്നതിൽ സുരക്ഷ സോ വിജയിക്കുകയായിരുന്നു. അതിർത്തിയിൽ സിആർപിഎഫ്, ഒഡിഷ സ്പെഷ്യൽ പ്രൊട്ടക്ഷൻ ഫോഴ്സ്, ചത്തീസ്ഗഡ് പോലീസ് എന്നിവർ സംയുക്തമായി ഓപ്പറേഷൻ നടത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക