ലക്നൗ: ഉത്തർപ്രദേശിലെ അമ്രോഹയിൽ ജഗദീഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ ബബിത എന്ന സ്ത്രീയും അവരുടെ രണ്ട് കാമുകന്മാരുമായ റിഹാൻ, ഷാനവാസ് എന്നിവരും അറസ്റ്റിൽ. ജനുവരി 11 ന്, ഹസൻപൂർ പ്രദേശത്തെ റോഡരികിലാണ് ദിവസവേതന തൊഴിലാളിയായ ജഗദീഷ് കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സമയത്ത് ശരീരത്തിൽ പരിക്കുകളൊന്നുമില്ലായിരുന്നു, പക്ഷേ പിന്നീട് നടത്തിയ പരിശോധനയിൽ ആന്തരിക പരിക്കുകളും ഒടിഞ്ഞ വാരിയെല്ലുകളും കണ്ടെത്തി. അന്വേഷണത്തിൽ മരിച്ച ജഗദീഷ് സ്വന്തം ഭാര്യ ബബിതയുടെയും അവരുടെ രണ്ട് കാമുകൻമാരായ റിഹാൻ, ഷാനവാസ് എന്നിവരുടെയും ഒത്താശയോടെയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് കണ്ടെത്തി.
റിഹാനും ഷാനവാസുമായി ബബിതയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും അവർ പതിവായി സന്ദർശിക്കാറുണ്ടായിരുന്നുവെന്നും പോലീസ് ഉദ്യോസ്ഥൻ ദീപ് കുമാർ പന്ത് വെളിപ്പെടുത്തി. ബബിതയുടെ ഭർത്താവ് ജഗദീഷ് ഈ ബന്ധത്തിൽ അതൃപ്തനായിരുന്നുവെന്നും ബബിത മറ്റ് രണ്ട് പുരുഷന്മാരുമായി ബന്ധപ്പെടുന്നത് തടയാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ജഗദീഷ് ചില ആരോഗ്യപ്രശ്നങ്ങൾ കാരണം അവശനായിരുന്നതിനാൽ ടാക്സിയിൽ ഡോക്ടറെ കാണാൻ ബബിത ഭർത്താവിനെ നിർബന്ധിച്ചു. തുടർന്ന് റിഹാനും ഷാനവാസും ബബിതയ്‌ക്കും ഭർത്താവ് ജഗദീഷിനും ഒപ്പം ടാക്സിയിൽ കയറി. കാറിനുള്ളിൽ വെച്ച് അവർ ജഗദീഷിനെ ആക്രമിക്കാനും മർദിക്കാനും തുടങ്ങി.
ഇത് ആന്തരിക രക്തസ്രാവത്തിനും മരണത്തിനും കാരണമായി. തുടർന്ന് ജഗദീഷിന്റെ മൃതദേഹം റോഡരികിൽ ഉപേക്ഷിച്ച് മൂവരും ഓടി രക്ഷപ്പെട്ടു. മൂന്ന് കുട്ടികളുടെ പിതാവായിരുന്നു ജഗദീഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക