Kerala

വനം വകുപ്പിന് കീഴില്‍ നാട്ടാനകള്‍ക്ക് പൂര്‍ണ രേഖകളാകുന്നു; രണ്ട് മൈക്രോചിപ്പുണ്ടെങ്കില്‍ ആനകളെ കസ്റ്റഡിയിലെടുക്കും

Published by

കൊല്ലം: സംസ്ഥാനത്ത് സ്വകാര്യ വ്യക്തികളുടെയും ദേവസ്വങ്ങളുടെയും ഉടമസ്ഥതയിലുള്ള നാട്ടാനകളുടെ രേഖകള്‍ പൂര്‍ണമാക്കാന്‍ വനംവകുപ്പ് നടപടി ആരംഭിച്ചു. ഹൈക്കോടതി നിര്‍ദേശാനുസരണമാണ് വിവരശേഖരണം. കേരളത്തിലെ മുന്നൂറിനകത്ത് വരുന്ന ആനകള്‍ക്ക് ഇതോടെ രേഖകളാകും.

നിലവില്‍ 80 ശതമാനം നാട്ടാനകള്‍ക്കും മതിയായ രേഖകളില്ല. ബിഹാര്‍, ആസാം, അരുണാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ഉടമസ്ഥാവകാശ രേഖകളാണള്ളത്. ഇതുമൂലം ആനകളെ തിരിച്ചറിയുന്നതിന് ബുദ്ധിമുട്ടുന്നു. ഇതിന് പരിഹാരമാണ് പുതിയ വിവരശേഖരണം. നിലവില്‍ ആനകളെ കൈവശം വച്ചിരിക്കുന്ന വ്യക്തികളിലേക്ക് ആനകളുടെ പൂര്‍ണ ഉത്തരവാദിത്തം മാറും. മൈക്രോചിപ്പും ഉടമസ്ഥാവകാശ രേഖകളും കൈവശമില്ലാത്ത ആനകളെ വിവരശേഖരണത്തിന് ശേഷം വനം വകുപ്പ് കസ്റ്റഡിയിലെടുക്കും. കോട്ടൂരില്‍ ഇതിനായി സൗകര്യം ഒരുങ്ങുന്നുണ്ട്.

രണ്ടു മൈക്രോചിപ്പ് ചെവിയില്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ആനകളെ കസ്റ്റഡിയിലെടുക്കും. ഇത്തരം ആനകളെ അനധികൃതമായി എത്തിച്ച പട്ടികയില്‍പ്പെടുത്തും. അടുത്ത മാസം 15ന് വിവരശേഖരണം പൂര്‍ത്തിയാകുമെങ്കിലും നടപടികള്‍ ഉത്സവകാലം കഴിഞ്ഞ് മാത്രമേ ഉണ്ടാകുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

രോഗബാധിതരായ നാട്ടാനകളെ ഉടമകള്‍ക്ക് താല്പര്യമുണ്ടെങ്കില്‍ ഏറ്റെടുത്ത് പരിചരിക്കാന്‍ തയാറാണെന്നും അതിനായി ഗുജറാത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആനകള്‍ക്കായുള്ള ആശ്രയ കേന്ദ്രം ഹൈക്കോടതിയെ സമീപിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by