ബിജാപൂർ : ഛത്തീസ്ഗഢിലെ ബിജാപൂർ ജില്ലയിലെ ഭട്ടിഗുഡയിലെ നിബിഡ വനങ്ങളിലെ ഒരു മാവോയിസ്റ്റ് പരിശീലന ക്യാമ്പിന്റെ നിയന്ത്രണം സുരക്ഷാ സേന ഏറ്റെടുത്തു. പിഎൽജിഎ ബറ്റാലിയൻ നമ്പർ 01 ന്റെ കോർ ഏരിയ ക്യാമ്പാണ് സുരക്ഷാ സേന ഏറ്റെടുത്തത്.
സൈന്യത്തിന്റെ തിരച്ചിൽ ഓപ്പറേഷനിൽ ഓടി രക്ഷപ്പെട്ട മാവോയിസ്റ്റുകൾ ക്യാമ്പ് ഉപേക്ഷിക്കുകയായിരുന്നു. കോബ്ര യൂണിറ്റുകൾ 201, 204, 210 എന്നിവയാണ് സംയുക്ത ഓപ്പറേഷൻ നടത്തിയത്. ക്യാമ്പിൽ പരിശീലന ആവശ്യങ്ങൾക്കായി തയ്യാറാക്കിയ ഉയരമുള്ള മരങ്ങൾ, കിടങ്ങുകൾ, മറ്റ് വിവിധ പരിശീലന ഉപകരങ്ങൾ എന്നിവ ഉണ്ടായിരുന്നു. കൂടാതെ മാവോയിസ്റ്റുകൾ ഉപയോഗിക്കുന്ന സ്ഥിരം ബാരക്കുകളും കുടിലുകളും ഇവിടെ കാണാൻ കഴിഞ്ഞു.
മേഖലയിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് കനത്ത പ്രഹരമാണെന്നും അവരുടെ അടിസ്ഥാന സൗകര്യങ്ങൾ തകർക്കുന്നതിനുള്ള ഒരു ചുവടുവയ്പ്പാണെന്നും ഉദ്യോഗസ്ഥർ ഈ ഓപ്പറേഷനെ വിശേഷിപ്പിച്ചു. മേഖലയിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത സുരക്ഷാ സേന വീണ്ടും ഉറപ്പിച്ചുവെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ക്യാമ്പുകൾ ആക്രമിച്ച് നക്സൽ രക്തസാക്ഷി സ്മാരകം തകർത്തിരുന്നു.
അതേസമയം ഛത്തീസ്ഗഡിലെ ഗാരിയബന്ദിൽ അടുത്തിടെ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് കൊല്ലപ്പെട്ട 16 നക്സലുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ഞായറാഴ്ച ആരംഭിച്ച ഓപ്പറേഷനിൽ മാവോയിസ്റ്റുകളുടെ മുതിർന്ന കേഡർമാർ കൊല്ലപ്പെടുകയും എസ്എൽആർ റൈഫിളുകൾ പോലുള്ള ഓട്ടോമാറ്റിക് തോക്കുകൾ ഉൾപ്പെടെ ധാരാളം ആയുധങ്ങൾ കണ്ടെടുക്കുകയും ചെയ്തു.
മാവോയിസത്തെ ഉന്മൂലനം ചെയ്യുന്നതിൽ സംസ്ഥാനത്തിന്റെ ശക്തമായ നിലപാട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദിയോ സായ് ചൊവ്വാഴ്ച വീണ്ടും ഉറപ്പിച്ചു പറഞ്ഞു. ഇത് സമൂഹത്തിന് അർബുദമാണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക