India

ഹിസ്ബുള്ള ഉന്നത നേതാവ് ഷെയ്ഖ് മുഹമ്മദ് അലി ഹമാദി വീടിന് സമീപം വെടിയേറ്റ് മരിച്ചു

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് ഭീകരൻ

Published by

ന്യൂദെൽഹി:ഉന്നത ഹിസ്ബുള്ള നേതാവ് ഷെയ്‌ക്ക് മുഹമ്മദലി ഹമാദി വീടിന് സമീപം വെടിയേറ്റ് മരിച്ചു. കിഴക്കൻ ലബനനിലെ ബെക്കാ വലി മേഖലയിൽ ചൊവ്വാഴ്ച ആണ് ഹമാദി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. തന്റെ വീടിനു സമീപം വെച്ച് ആറ് തവണയാണ് ഹമാദിക്ക് വെടിയേറ്റത്. ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊലപാതകത്തെ കുറിച്ച് ലെബനീസ് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന 153 പേരടങ്ങിയിരുന്ന ഒരു വിമാനം ഹൈജാക്ക് ചെയ്തതിന് യുഎസ് ഫെഡറൽ ഏജൻസിയായ എഫ് ബി ഐയുടെ മോസ്റ്റ് വാണ്ടഡ് തീവ്രവാദ പട്ടികയിൽ ഹമാദിയുടെ പേരുണ്ടായിരുന്നു. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ സംഭവം. കരാർ പ്രകാരം ജനുവരി 26 വരെ തെക്കൻ ലെബനനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണം. അതേ സമയം ഹിസ്ബുള്ള ഇസ്രയേൽ അതിർത്തിയിൽ നിന്ന് ലിറ്റാനി നദിക്ക് വടക്ക് ഭാഗത്തേക്ക് പിൻവാങ്ങുകയും വേണം. ഇരുപക്ഷവും തമ്മിലുള്ള സംഘർഷത്തിൽ 1.2 ദശലക്ഷത്തിലധികം ലെബനീസ് വംശജരെയും അമ്പതിനായിരത്തോളം ഇസ്രയേലികളെയും സ്വന്തം പ്രദേശങ്ങളിൽ നിന്ന് മാറ്റിപ്പാർപ്പിക്കേണ്ടി വന്നിട്ടുണ്ട്. ഇസ്രായേൽ നടത്തിയ കനത്ത ബോംബ് ആക്രമണത്തെ തുടർന്ന് 3700 ലബനീസുകൾ കൊല്ലപ്പെട്ടു. 130 ഓളം ഇസ്രായേലികൾക്കും ജീവൻ നഷ്ടമായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by