Vicharam

ജീവപര്യന്തം കഠിന തടവും ഇരട്ട വധശിക്ഷയും

Published by

വധശിക്ഷയ്‌ക്ക് പകരമായി നല്‍കുന്ന ജീവപര്യന്തം തടവിന്റെ നിയമ വശങ്ങളെപ്പറ്റി സാധാരണക്കാര്‍ക്കു മാത്രമല്ല, മാധ്യമ സുഹൃത്തുക്കള്‍ക്കും അല്‍പ്പം ചിന്താക്കുഴപ്പമുണ്ടെന്ന് സമീപ കാലത്തെ ചാനല്‍ ചര്‍ച്ചകളിലും പത്ര വാര്‍ത്തകളിലും നിന്ന് മനസിലാകുന്നു. അതില്‍ തെറ്റ് പറയാനാവില്ല. കാരണം ജീവപര്യന്തം ശിക്ഷ നേടിയവരില്‍ പലരും കുറച്ചു കാലത്തെ ശിക്ഷ കഴിഞ്ഞ് നാട്ടിലെത്തി ഒന്നും സംഭവിക്കാത്തതു പോലെ ജീവിക്കുന്നു. പോരെങ്കില്‍ ചില കേസുകളില്‍ കിട്ടുന്നത് ഇരട്ട ജീവപര്യന്തമായിരിക്കും. മറ്റു ചിലതില്‍ ആകെ ശിക്ഷ നൂറോ നൂറ്റി അമ്പതോ വര്‍ഷത്തേക്കൊക്കെ നീളുന്നു. നൂറ്റമ്പതു വര്‍ഷത്തെ ശിക്ഷ തീര്‍ക്കാന്‍ ആരും ജീവിച്ചിരിക്കില്ലെന്ന് കോടതിക്ക് അറിയില്ലേ? ഇത്ര അര്‍ത്ഥശൂന്യമായ ഉത്തരവുകള്‍ പാസാക്കാന്‍ കോടതികള്‍ക്ക് എന്താണ് ന്യായീകരണം? ഇതൊന്നും പോരെങ്കില്‍ ചിലര്‍ ഈ ശിക്ഷയെ വിവരിക്കുന്നത് ജീവപര്യന്തം കഠിന തടവ് എന്നും. അപ്പോള്‍ ജീവപര്യന്തം വെറും തടവും ഉണ്ടോ? അത് അനുവദനീയമാണോ?
എല്ലാം ന്യായമായ സംശയങ്ങള്‍.

ജീവപര്യന്തം തടവ് എന്നത് കഠിന തടവ് തന്നെയാണെങ്കിലും ‘ജീവപര്യന്തം കഠിന തടവ്’ എന്നൊരു ശിക്ഷ നിയമ വ്യവസ്ഥയില്‍ ഇല്ല. ഭാരതീയ നിയമ സംഹിതയനുസരിച്ച് (ഇന്ത്യന്‍ പീനല്‍ കോഡിന് പകരം വന്ന നിയമം) ഭാരതത്തില്‍ ഒരു കുറ്റത്തിന് ലഭിക്കാവുന്ന ശിക്ഷ ഏഴു തരമാണ്. വധ ശിക്ഷ, ജീവപര്യന്തം തടവ്, കഠിന തടവ്, വെറും തടവ്, വസ്തുക്കള്‍ കണ്ടുകെട്ടല്‍, പിഴ, നിര്‍ബന്ധിത സാമൂഹ്യ സേവനം എന്നിവ.

ജീവപര്യന്തം എന്ന പദത്തിന് നല്‍കിയിരിക്കുന്ന നിര്‍വചനം ജീവിതാവസാനം വരെ എന്നു തന്നെയാണ്. 2019-ലെ മുഹമ്മദ് കാസിം മുഹമ്മദ് ഹാസിം ഷെയ്ക് എന്ന കേസിലും മറ്റും സുപ്രീം കോടതിയും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഭാരതീയ ന്യായ സംഹിതയുടെ അഞ്ചാം വകുപ്പിലും ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ക്രിമിനല്‍ പ്രൊസീഡുവര്‍ കോഡിന് പകരം വന്ന നിയമം)യിലെ 474-ാം വകുപ്പിലും വിവക്ഷിച്ചിട്ടുള്ള പ്രത്യേക അധികാരം സര്‍ക്കാര്‍ പ്രയോഗിക്കുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഏതു തരം ശിക്ഷയെയും മറ്റൊരു വിധത്തിലുള്ള ശിക്ഷയായി മാറ്റാന്‍ സര്‍ക്കാരിനെ ഈ വകുപ്പ് അനുവദിക്കുന്നു. അപ്രകാരം ശിക്ഷ മാറ്റുമ്പോള്‍ ജീവപര്യന്തം തടവുകാരുടെ കാര്യത്തില്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ശിക്ഷ അനുഭവിച്ചിരിക്കണം എന്നൊരു വ്യവസ്ഥ കൂടിയുണ്ട് എന്നു മാത്രം. 475 എന്ന വകുപ്പില്‍ മറ്റൊരു കാര്യം കൂടി പറയുന്നു. വധ ശിക്ഷ നല്‍കാവുന്ന കേസില്‍ അതിന് പകരമാണ് ജീവ പര്യന്തം തടവ് നല്‍കിയിട്ടുള്ളതെങ്കില്‍ അത്തരം കേസിലെ തടവുകാരന് ശിക്ഷാമാറ്റം അനുവദിക്കുമ്പോള്‍ ഏഴിന് പകരം 14 വര്‍ഷമെങ്കിലും അയാള്‍ ജയില്‍ ജീവിതം പൂര്‍ത്തിയാക്കി എന്ന് ഉറപ്പാക്കണം. ചുരുക്കി പറഞ്ഞാല്‍ ഒരാള്‍ കൊലക്കുറ്റത്തിനാണ് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതെങ്കില്‍ 14 വര്‍ഷം കഴിഞ്ഞു മാത്രമേ, പ്രത്യേകാധികാരം ഉപയോഗിച്ചു പോലും വിട്ടയക്കാനാവൂ. സര്‍ക്കാരിന്റെ ഇത്തരം ഇടപെടലോ കോടതി ഇടപെടലോ ഭരണഘടനയുടെ 72, 161 അനുച്ഛേദങ്ങളില്‍ പറയുന്ന പ്രസിഡന്റ്്, ഗവര്‍ണര്‍മാര്‍ എന്നിവരില്‍ നിക്ഷിപ്തമായിരിക്കുന്ന മാപ്പ് നല്‍കാനുള്ള അധികാരം ഉപയോഗിച്ചുള്ള ഉത്തരവോ ഉണ്ടാവുന്നില്ലെങ്കില്‍ ജീവപര്യന്തം തടവുകാരന്‍ ജീവിത കാലം മുഴുവന്‍ ജയിലില്‍ കഴിഞ്ഞേ പറ്റൂ. സുപ്രീം കോടതിയുടെ ഒരു വിധി പ്രകാരം സര്‍ക്കാരിന്റെ അധികാരം ഉപയോഗിച്ച് വിട്ടയക്കുന്ന കാര്യത്തില്‍, സുപ്രീം കോടതിക്കും ബന്ധപ്പെട്ട ഹൈക്കോടതികള്‍ക്കും നിയന്ത്രണം ആവാം. ഇതനുസരിച്ച് ഏറ്റവും കുറഞ്ഞത് ഇരുപതോ മുപ്പതോ വര്‍ഷത്തെ തടവ് കഴിഞ്ഞു മാത്രമേ ജീവപര്യന്തം തടവുകാരനെ വിട്ടയക്കാവൂ എന്ന നിബന്ധനകള്‍ ഈ കോടതികള്‍ക്ക് വിധി ന്യായത്തില്‍ത്തന്നെ എഴുതി ചേര്‍ക്കാവുന്നതാണ്.

ഇനി ഇരട്ട ജീവപര്യന്തം ശിക്ഷയെപ്പറ്റി പറയാം. ഒരേ കേസില്‍ത്തന്നെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ വധിക്കപ്പെട്ടിരിക്കാം. അപ്പോള്‍ ഓരോ കൊലപാതകത്തിനും
ശിക്ഷ നല്‍കേണ്ടതുണ്ട്. അത് വധ ശിക്ഷയല്ലെങ്കില്‍ ജീവപര്യന്തം തടവ് മാത്രമേ ആകാവൂ എന്ന് നിയമം അനുശാസിക്കുന്നതിനാല്‍ ഓരോ കൊലപാതകത്തിനും അത്തരം ശിക്ഷ പ്രത്യേകം നല്‍കേണ്ടി വരും. അപ്പീല്‍ കോടതി കേസ് പരിഗണിക്കുമ്പോഴാണ് ഇതിന്റെ പ്രാധാന്യം പ്രസക്തമാകുന്നത്. പ്രതിയുടെ വാദം കേള്‍ക്കുന്ന അപ്പീല്‍ കോടതി, കീഴ്‌ക്കോടതി എത്തിച്ചേര്‍ന്നതില്‍ നിന്നു വിഭിന്നമായ മറ്റൊരു തീരുമാനത്തിലെത്തിയെന്നു വരാം. പ്രതി ഒരാളെ മാത്രമേ കൊന്നുള്ളുവെന്ന് അപ്പീല്‍ കോടതി കണ്ടെത്തിയെന്നു വരാം. അങ്ങനെയെങ്കില്‍ അതിനുള്ള ശിക്ഷ ഒഴിവാക്കണമല്ലോ. പക്ഷേ അപ്പോഴും ഒരാളെക്കൊന്നതിനുള്ള ജീവപര്യന്തം ശിക്ഷ നിലനില്‍ക്കും.

നൂറും നൂറ്റമ്പതും വര്‍ഷങ്ങള്‍ തടവിന് വിധേയമാകണമെന്ന വിധിയുടെ കാര്യവും സമാന സ്വഭാവത്തിലുള്ളതു തന്നെ. ഒരേ സംഭവത്തില്‍ പല കുറ്റങ്ങളും ഉള്‍പ്പെട്ടിരിക്കാം. ഉദാഹരണത്തിന്, ഭവന ഭേദനം നടത്തിയ ശേഷം ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് കൊല നടത്തുകയും ആ തോക്ക് നശിപ്പിച്ചു കളയുകയും കൂട്ടത്തില്‍ പരേതന്റെ കുടുംബാംഗത്തെ ബലാല്‍സംഗം ചെയ്യുകയും അവര്‍ക്ക് മുറിവേല്‍പ്പിക്കുകയും ചെയ്തതായി തെളിഞ്ഞാല്‍ ഭവന ഭേദനത്തിനും കൊല ചെയ്തതിനും ബലാല്‍സംഗത്തിനും മുറിവേല്‍പ്പിച്ചതിനും ലൈസന്‍സില്ലാതെ തോക്ക് കൈവശം വച്ചതിനും തെളിവ് നശിപ്പിച്ചതിനുമെല്ലാം പ്രത്യേകം പ്രത്യേകം ശിക്ഷ നല്‍കേണ്ടതായി വരും. ഓരോന്നിനും കിട്ടുന്ന ശിക്ഷാ കാലാവധി കൂട്ടി നോക്കുമ്പോഴാണ് ജീവപര്യന്തം തടവിനു പുറമേ നൂറും നൂറ്റിയമ്പതുമൊക്കെ വര്‍ഷത്തെ ശിക്ഷാക്കണക്ക് വരുന്നത്. അപ്പീല്‍ കോടതിയില്‍ ഇതില്‍ ഒന്നോ കൂടുതലോ കുറ്റം ചെയ്തതിന് മതിയായ തെളിവില്ലെന്ന് കണ്ടെത്തുകയാണെങ്കില്‍, ആ കുറ്റത്തിന് നല്‍കിയ ശിക്ഷ കുറവ് ചെയ്യുകയും ബാക്കിയുള്ളവ നില നിര്‍ത്തുകയും ചെയ്യേണ്ടി വരുമല്ലോ. അതിനാല്‍, ഓരോ കുറ്റത്തിനും പ്രത്യേകം ശിക്ഷ ഒഴിവാക്കാനാവില്ല.

ഒരേ കേസില്‍ ഉള്‍പ്പെട്ട വിവിധ കുറ്റങ്ങള്‍ക്ക് ലഭിക്കുന്ന ശിക്ഷകള്‍ എല്ലാം തന്നെ ഒരേ കാലത്തു തന്നെ അനുഭവിച്ചാല്‍ മതിയോ, അതോ ഒരെണ്ണത്തിനുള്ള ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം അടുത്തത് തുടങ്ങണോ? ഭാരതീയ നാഗരിക സുരക്ഷാ സംഹിതയുടെ 25-ാം വകുപ്പ് അനുശാസിക്കുന്നത് ഇക്കാര്യം ശിക്ഷ നല്‍കുന്ന കോടതി തന്നെ കുറ്റത്തിന്റെ കാഠിന്യം പരിഗണിച്ച് വ്യക്തമാക്കണം എന്നാണ്. പലപ്പോഴും ശിക്ഷ ഒന്നായി അനുഭവിച്ചാല്‍ മതി എന്നാകും തീരുമാനം. ഈ തത്വം ബാധകമാകാത്ത ഒരു സാഹചര്യമുണ്ട്. ഒരു കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രതിക്ക് മറ്റൊരു കേസില്‍ ഇതേ ശിക്ഷ ലഭിക്കുന്ന പക്ഷം രണ്ടു ശിക്ഷകളും ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന ഭാരതീയ നാഗരിക സംഹിതയുടെ 467-ാം വകുപ്പിലെ പ്രത്യേക വ്യവസ്ഥയാണത്.

കൂട്ടത്തില്‍ പറയട്ടെ. വിവിധ കാലങ്ങളിലും വിവിധ സ്ഥലങ്ങളിലും വച്ച് നടത്തിയ പത്തിലധികം കൊലക്കേസുകളിലെ പ്രതിയായ ഒരു റിപ്പറെ കോട്ടയം സെഷന്‍സ് കോടതി ജഡ്ജി എന്ന നിലയില്‍ എനിക്ക് വിചാരണ ചെയ്യേണ്ടി വന്നു. മിക്ക കേസുകളും തെളിഞ്ഞു. അവയിലെല്ലാം ജീവപര്യന്തം തടവ് എന്ന ശിക്ഷയും നല്‍കി. ഏതു സാഹചര്യത്തിലും അയാള്‍ പുറത്തിറങ്ങി കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്നത് സമൂഹ സുരക്ഷയ്‌ക്ക് അത്യാവശ്യം. അത് ഉറപ്പാക്കാന്‍ ശിക്ഷകള്‍ ഒന്നിന് പുറകെ ഒന്നായിത്തന്നെ അനുഭവിക്കണമെന്ന് ഞാന്‍ വ്യക്തമാക്കി. ആ തീരുമാനം അപ്പീല്‍ കോടതി ശരി വച്ച കാര്യം ഓര്‍മ്മയിലുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by