Kerala

കരുവന്നൂര്‍: 11 കോടി കൂടി കണ്ടുകെട്ടി, നടപടി കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം, വായ്പകള്‍ നല്കിയത് സിപിഎം നിര്‍ദേശപ്രകാരം

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 10.98 കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഇ ഡി കൊച്ചി യൂണിറ്റിന്റേതാണ് നടപടിയെന്നും ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയെന്നും അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് നടപടി. 24 സ്ഥാവര സ്വത്തുക്കളും ഒരു ജംഗമ സ്വത്തുമാണ് കണ്ടുകെട്ടിയത്. സ്ഥാവര സ്വത്തുക്കളുടെ മൂല്യം 10.48 കോടി രൂപ വരും. പുറമേ 50.53 ലക്ഷം രൂപയും പിടിച്ചെടുത്തു.

കരുവന്നൂരില്‍ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് നിരവധി പേര്‍ക്ക് വായ്പ അനുവദിച്ചിരുന്നു. അവയില്‍ പലതിലും വായ്പയേക്കാള്‍ മൂല്യം കുറഞ്ഞ സ്വത്തുക്കളാണ് ഈടായി കാണിച്ചിരുന്നത്. ഇവരില്‍ പലരുടെയും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള നടപടികള്‍ നേരത്തെ തന്നെ ഇ ഡി തുടങ്ങിയിരുന്നു. കേരള പോലീസ് എടുത്ത 16 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇ ഡിയുടെ അന്വേഷണം. കരുവന്നൂര്‍ ബാങ്കില്‍ നിന്ന് നിയമവിരുദ്ധമായി പലര്‍ക്കും ബിനാമികള്‍ക്കും പണം നല്കിയെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്നും പത്രക്കുറിപ്പില്‍ പറയുന്നു. അംഗങ്ങള്‍ അല്ലാത്തവര്‍ക്കുപോലും വസ്തുവിന്റെ മൂല്യം പെരുപ്പിച്ചുകാട്ടി വായ്പകള്‍ നല്കിയിട്ടുണ്ട്. കരുവന്നൂര്‍ ബാങ്ക് നിയന്ത്രിക്കുന്ന സിപിഎം ജില്ലാ കമ്മിറ്റിയുടെ നിര്‍ദേശ പ്രകാരമാണ് ഇത്തരം വായ്പകള്‍ നല്കിയിട്ടുള്ളതെന്നും പത്രക്കുറിപ്പിലുണ്ട്.

വായ്പകളുടെ ഗുണഭോക്താക്കളില്‍ നിന്ന് സിപിഎമ്മിന് പ്രതിഫലം ലഭിച്ചിട്ടുമുണ്ട്. വായ്പകള്‍ പണമായിട്ടാണ് നല്കിയത്. അക്കൗണ്ടുകളില്‍ വലിയ തോതില്‍ പണമായി നിക്ഷേപങ്ങള്‍ എത്തിയിട്ടുമുണ്ട്. കുറഞ്ഞത് 150 കോടിയുടെ തട്ടിപ്പു നടന്നിട്ടുണ്ടെന്നാണ് രജിസ്ട്രാറുടെ റിപ്പോര്‍ട്ടെന്നും ഇ ഡിയുടെ പത്രക്കുറിപ്പിലുണ്ട്. പി. സതീഷ്‌കുമാര്‍, പി. പി. കിരണ്‍, പി.ആര്‍. അരവിന്ദാക്ഷന്‍, സി.കെ. ജില്‍സ് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി വായ്പകള്‍ നേടിയെടുത്ത ബിജോയിയില്‍ നിന്നും മറ്റുള്ളവരില്‍ നിന്നുമായി 117.83 കോടി രൂപ കണ്ടുകെട്ടിയിരുന്നു. ഇതിനകം ആകെ 128.72 കോടി രൂപയാണ് കണ്ടുകെട്ടിയിട്ടുള്ളത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക