India

റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കായി കര്‍ത്തവ്യപഥ് ഒരുങ്ങുന്നു; ജയതി ജയ മമ ഭാരതം…, നൃത്താവിഷ്‌കാരത്തില്‍ 5000 കലാകാരന്മാര്‍

ന്യൂദല്‍ഹി: തലസ്ഥാനം 76-ാമതു റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്ക് ഒരുങ്ങുന്നു. സാംസ്‌കാരിക വൈവിധ്യവും സൈനിക ശക്തിയും വിളിച്ചോതുന്ന പരേഡിനുള്ള അവസാന വട്ട പരിശീലനം കര്‍ത്തവ്യപഥില്‍ തുടരുകയാണ്. നാളെ പരേഡിന്റെ പൂര്‍ണ ഡ്രസ് റിഹേഴ്സലുണ്ട്.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് പ്രഭവ് സുബിയോന്തോയാണ് മുഖ്യാതിഥി. ഭാരത സൈന്യത്തിനൊപ്പം ഇന്തോനേഷ്യന്‍ സൈന്യത്തിലെ 350 അംഗ സംഘവും പരേഡില്‍ പങ്കെടുക്കും. ഭരണഘടന നിലവില്‍ വന്നതിന്റെ 75-ാം വാര്‍ഷികം, ജനപങ്കാളിത്തം എന്നിവയ്‌ക്കാണ് ഇത്തവണ പരേഡും അനുബന്ധ പരിപാടികളും ഊന്നല്‍ നല്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശീയ യുദ്ധസ്മാരകത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുന്നതാടെ ചടങ്ങുകള്‍ ആരംഭിക്കും. രാഷ്‌ട്രപതി ദ്രൗപദി മുര്‍മു കര്‍ത്തവ്യപഥില്‍ ദേശീയ പതാക ഉയര്‍ത്തുമ്പോള്‍ 21 ഗണ്‍ സല്യൂട്ട് മുഴങ്ങും. മൂന്നൂറിലധികം കലാകാരന്മാര്‍ ചേര്‍ന്ന് സംഗീതോപകരണങ്ങള്‍ വായിച്ചു പരേഡിനു തുടക്കം കുറിക്കും. വിവിധ സൈനിക, അര്‍ധസൈനിക വിഭാഗങ്ങള്‍, എന്‍സിസി, എന്‍എസ്എസ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന മാര്‍ച്ച് പാസ്റ്റില്‍ രാഷ്‌ട്രപതി അഭിവാദ്യം സ്വീകരിക്കും. വിവിധ സംസ്ഥാനങ്ങള്‍, കേന്ദ്ര ഭരണ പ്രദേശങ്ങള്‍, കേന്ദ്ര സര്‍ക്കാരിനു കീഴിലെ മന്ത്രാലയങ്ങള്‍, വകുപ്പുകള്‍ എന്നിവിടങ്ങളില്‍ നിന്ന് 31 ടാബ്ലോകള്‍ ഇത്തവണ അവതരിപ്പിക്കും. സുവര്‍ണ ഭാരതം: പാരമ്പര്യവും വികസനവുമെന്നതാണ് പ്രമേയം.

ജയതി ജയ മമ ഭാരതം…, നൃത്താവിഷ്‌കാരത്തില്‍ 5000 കലാകാരന്മാര്‍ പങ്കെടുക്കും. 11 മിനിറ്റ് കലാപ്രകടനത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 45ല്‍ അധികം നൃത്ത രൂപങ്ങളും അവതരിപ്പിക്കും. സൈനികരുടെ മോട്ടോര്‍ ബൈക്ക് അഭ്യാസ പ്രകടനത്തിനു പിന്നാലെ 47 വിമാനങ്ങളുടെ ഫ്ളൈ പാസ്റ്റോടെ പരേഡ് സമാപിക്കും. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ 23ന് ആരംഭിച്ച് 29ന് വിജയ് ചൗക്കിലെ ബീറ്റിങ് റിട്രീറ്റോടെ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ സമാപിക്കും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക