ന്യൂദെൽഹി:കേന്ദ്രമന്ത്രി സർദാർ ഹർദിപ് സിംഗ് പുരിയെയും സിഖ് സമുദായത്തെയും അടച്ചാക്ഷേപിച്ച എഎപി നേതാവ് ഋതുരാജ് ഝാ എംഎൽഎ വിവാദ പരാമർശത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ഋതുരാജ് എംഎൽഎ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരി ബംഗ്ലാദേശി, റോഹിംഗ്യൻ നുഴഞ്ഞുകയറ്റക്കാരുടെ ബന്ധുവാണെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ഈ ആക്ഷേപം അദ്ദേഹത്തിന് മാത്രമല്ല മുഴുവൻ സിഖ് സമൂഹത്തിനും അപമാനമാണ്. എഎപി എംഎൽഎ ഉടൻതന്നെ സിഖ് സമുദായത്തോടും സർദാർ ഹർദീപ് സിംഗ് പുരിയോടും മാപ്പ് പറയണമെന്ന് ബിജെപി ദേശീയ വക്താവ് സർദാർ ആർ പി സിംഗും ഇംപ്രീത് ബക്ഷിയും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഒരു ടിവി ഷോയ്ക്കിടെയാണ് ഋതുരാജ് പുരിക്കെതിരെ പരാമർശം നടത്തിയത്. സിഖ് സമുദായത്തിൽ നിന്നുള്ള ബഹുമാന്യനായ വ്യക്തിയായ കേന്ദ്രമന്ത്രി ഹർദിപ് സിംഗ് പുരിയെ നുഴഞ്ഞുകയറ്റക്കാരുടെ ബന്ധു എന്ന് വിളിക്കുന്നത് ഓരോ സിഖുകാർക്കും അപമാനമാണ്. മികച്ച ഭരണ തന്ത്രജ്ഞൻ എന്ന നിലയിൽ പ്രവർത്തിച്ച് ഇന്ത്യയുടെ യശസ് ഉയർത്തിയ സത്യസന്ധനായ അർപ്പണബോധമുള്ള നേതാവാണ് ഹർദീപ് സിംഗ് പുരിയെന്ന് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടി. കെജ്രിവാളിന് രാമായണത്തിന്റെ അടിസ്ഥാന കാര്യങ്ങൾ മനസ്സിലായില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ സിഖുകാരെ അധിക്ഷേപിക്കുന്നത് എന്തിനെന്ന് ഹർദീപ് സിംഗ് പുരി ചോദിച്ചു. നിങ്ങൾക്ക് എന്നെ അധിക്ഷേപിക്കണമെങ്കിൽ അത് ചെയ്തോളൂ, പക്ഷേ എന്തിനാണ് നിങ്ങൾ സിഖ് സമൂഹത്തെ അധിക്ഷേപിക്കുന്നത്? എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം ചോദിച്ചു. അഫ്ഗാനിസ്ഥാനിൽ ഗുരുദ്വാര ആക്രമിക്കപ്പെട്ടപ്പോൾ ഗുരു ഗ്രന്ഥസഹായം തലയിൽ ചുമന്ന വ്യക്തിയാണ് താനെന്ന് ഹർദീപ് സിംഗ് പുരി പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയം ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയതായും കേന്ദ്രമന്ത്രി ആരോപിച്ചു.
“കെജ്രിവാൾ അഴിമതിക്കെതിരായ നിങ്ങളുടെ പ്രസ്ഥാനം ആരംഭിച്ചപ്പോൾ നിരവധി നല്ല ആളുകൾ നിങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നാൽ ഇപ്പോൾ അവർ നിങ്ങളെ തിരിച്ചറിഞ്ഞു. അവർക്ക് നിങ്ങളോടൊപ്പം അധികനാൾ നിൽക്കാൻ കഴിഞ്ഞില്ല അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: