Kerala

ശബരി റെയില്‍പാത: കിഫ്ബിയല്ലാതെ ശരണമില്ല, ഒരിക്കല്‍ക്കൂടി കേന്ദ്രത്തെ സമീപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

Published by

കോട്ടയം: അങ്കമാലി- എരുമേലി ശബരി റെയില്‍പാതയ്‌ക്കായി കിഫ്ബിയില്‍ നിന്നുതന്നെ വായ്പയെടുക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കാണും. കിഫ്ബിയില്‍ നിന്ന് എടുക്കുന്ന വായ്പ സംസ്ഥാന സര്‍ക്കാരിന്റെ കടമെടുപ്പു പരിധിയില്‍ ഉള്‍പ്പെടുത്തരുതെന്നും ആവശ്യപ്പെടും. ശബരിപാതയുടെ നിര്‍മ്മാണത്തിന് ചെലവിന്‌റെ പകുതി സംസ്ഥാനം വഹിക്കണമെന്ന് തുടക്കത്തിലേ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചതാണെങ്കിലും അതിന് കിഫ്ബി വഴി വായ്പയെടുക്കാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്‌റെ നിലപാട്. കിഫ്ബി വഴി വായ്പയെടുക്കുന്നതില്‍ കേന്ദ്രം എതിരല്ലെങ്കിലും അത് സംസ്ഥാനത്തിന്‌റെ കടമെടുപ്പ് പരിധിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര ധനമന്ത്രാലയം ആദ്യമേ വ്യക്തമാക്കിയിരുന്നു. അതു പറ്റില്ലെന്ന് സംസ്ഥാനവും ശഠിക്കുന്നു. ഏറെക്കാലമായി ഈ തര്‍ക്കത്തില്‍ റെയില്‍പാതയുടെ സ്ഥലമെടുപ്പ് നിലച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ചയ്‌ക്ക് വന്നു. നിലവിലുള്ള സാമ്പത്തിക സാഹചര്യത്തില്‍ കിഫ്ബി വായ്പയില്‍ നിന്ന് മാത്രമേ ശബരി റെയിലിനു പണം കണ്ടെത്താന്‍ കഴിയൂ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തിന് ശേഷം സംസ്ഥാനത്ത് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദു റഹ്‌മാന്‍ കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടത് ഇക്കാര്യം വീണ്ടും ഉന്നയിക്കാനാണ് തീരുമാനം.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by