ന്യൂദല്‍ഹി: ഛത്തീസ് ഗഢിലെ ഗരിയാബന്ദില്‍ കഴിഞ്ഞ ദിവസം സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 20 നക്സലൈറ്റുകളില്‍ ഒരാള്‍ ചലപതി എന്ന പിടികിട്ടാ നക്സല്‍ നേതാവ്. ഇയാളുടെ തലയ്ക്ക് ഒരു കോടി രൂപയാണ് വിലയിട്ടിരുന്നത്. ചലപതി എന്നതിന് പുറമെ അപ്പ റാവു, ജയറാം റെഡ്ഡി എന്നും വിളിപ്പേരുണ്ടായിരുന്നു.
മാവോയിസ്റ്റുകള്‍ ഊര്‍ധശ്വാസം വലിക്കുന്നുവെന്ന് അമിത് ഷാ
ഇന്ത്യന്‍ സേന നക്സലൈറ്റുകള്‍ക്കെതിരെ നേടിയ വന്‍വിജയമായാണ് ഇതിനെ കണക്കാക്കുന്നത്. ‘നക്സലുകള്‍ക്ക് ഇന്ത്യന്‍ സേന നല്‍കിയ വന്‍ തിരിച്ചടി’ എന്നാണ് അമിത് ഷാ ഇതേക്കുറിച്ച് എക്സില്‍ പങ്കുവെച്ചത്. നക്സല്‍ മുക്ത ഭാരതത്തിലേക്കുള്ള ചുവടുവെയ്പില്‍ ഇന്ത്യന്‍ സേന വലിയൊരു വിജയമാണ് നേടിയതെന്നും അമിത് ഷാ കുറിച്ചു.
സിആര്‍പിഎഫ്, എസ്ഒജി ഒഡിഷ, ഛത്തീസ് ഗഢ് പൊലീസ് എന്നിവര്‍ ചേര്‍ന്നുള്ള സംയുക്തനീക്കത്തിലാണ് 20 നക്സലുകളെ വധിച്ചത്. ഒഡിഷ-ഛത്തീസ്ഗഢ് അതിര്‍ത്തിയിലുള്ള ഗരിയാബന്ദിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. “സുരക്ഷാസേനയുടെ സംയുക്തശ്രമവും നക്സല്‍ മുക്ത ഭാരതം സൃഷ്ടിക്കണമെന്ന നിശ്ചദാര്‍ഡ്യവും മൂലം നക്സലിസം അതിന്റെ അവസാനശ്വാസം വലിക്കുകയാണ്”- അമിത് ഷാ കുറിച്ചു
ചലപതി-പൊലീസ് പോലും ആ പേര് കേട്ടാല്‍ ഭയക്കും
നേരത്തെ ഛത്തീസ് ഗഢിലെ ബസ്തര്‍ മേഖലയിലുടനീളം ഭീതി വിതച്ചിരുന്ന നക്സല്‍ നേതാവാണ് ചലപതി. സൈന്യവും പൊലീസും തിരച്ചില്‍ ശക്തമാക്കിയതോടെ ഒഡിഷ മേഖലയിലേക്ക് നീങ്ങുകയായിരുന്നു.
ആന്ധ്രയിലെ ചിറ്റൂരില്‍ നിന്നുള്ള ചലപതി പത്താം ക്ലാസ് വരെ മാത്രമേ പഠിച്ചിട്ടുള്ളൂ. ഇപ്പോള്‍ വയസ്സ് 60. ദശകങ്ങളായി നക്സലൈറ്റ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്ത വ്യക്തിയാണ്. പലപ്പോഴും തന്ത്രപരമായ ആക്രമണങ്ങള്‍ പൊലീസിന് നേരെപ്പോലും ആസൂത്രണം ചെയ്യുന്ന വ്യക്തിയാണ്.
സാധാരണ പഠിപ്പേ ഉള്ളൂവെങ്കിലും പടിപടിയായി നക്സലൈറ്റ് പ്രസ്ഥാനത്തിന്റെ ഉയരങ്ങളിലേക്ക് ചുവടുവെച്ച വ്യക്തിയാണ്. പ്രവര്‍ത്തനങ്ങളില്‍ തീരുമാനം കൈക്കൊള്ളുന്ന സെന്‍ട്രല്‍ കമ്മിറ്റി അംഗമായിരുന്നു. എട്ട് മുതല്‍ 10 വരെയുള്ള മാവോയിസ്റ്റ് അംഗരക്ഷകര്‍ സുരക്ഷനല്‍കാന്‍ ഉണ്ടായിരുന്നു എന്നതും ചലപതിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടുന്നു.ആര്‍ക്കും എളുപ്പത്തില്‍ തുളച്ചുകയറാന്‍ പറ്റാത്ത നിബിഢമായ ബസ്തര്‍ കാടുകള്‍ കൈവെള്ളയിലെ രേഖകള്‍ പോലെ ചലപതിയ്‌ക്ക് അറിയാം. അതിനാലാണ് ഇവിടുത്തെ ഓപ്പറേഷനില്‍ പൊലീസ് പലപ്പോഴും തോല്‍ക്കുന്നത്.തന്ത്രപരമായ നീക്കങ്ങളിലെ മികവ്, നേതൃപാടവം, വെല്ലുവിളികളുയര്‍ത്തുന്ന ഭൂപ്രദേശത്ത് ആവശ്യമായ സാധനങ്ങളും മനുഷ്യശക്തിയും എത്തിക്കാനുള്ള കഴിവ്- ഇതെല്ലാമാണ് അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയത്. നക്സലൈറ്റ് ആക്രമണങ്ങളുടെ കുന്തമുനയായതിനാലാണ് സര്‍ക്കാര്‍ ഒരു കോടി രൂപ സര്‍ക്കാര്‍ ഒരു കോടി രൂപ ഇയാളുടെ തലയ്‌ക്ക് വിലയിട്ടത്.
എകെ 47, എല്‍ എല്‍ആര്‍ റൈഫിള്‍ എന്നിവ ഉപയോഗിച്ചിരുന്നു ചലപതി എന്നത് അദ്ദേഹത്തെ പൊലീസുകാര്‍ പോലും ഭയത്തോടെ നോക്കിക്കാണാന്‍ കാരണമായി. ഛത്തീസ്ഗഡ് പ്രദേശത്ത് മാത്രം 2024ല്‍ കേന്ദ്രസര്‍ക്കാര്‍ വധിച്ചത് 200 മാവോയിസ്റ്റുകളെയാണ്. 800 നക്സലുകളെ അറസ്റ്റു ചെയ്തു, 802 പേര്‍ കീഴടങ്ങി. പക്ഷെ ഈ ഏറ്റുമുട്ടലില്‍ 18 സുരക്ഷ ഉദ്യോഗസ്ഥരും 65 സാധാരണക്കാരും കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക