2025 ജനുവരി 18ന് 65 ലക്ഷത്തോളം സ്വാമിത്വ പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തത് ഗ്രാമീണ ശാക്തീകരണത്തിലേക്കും സാമ്പത്തിക പരിവർത്തനത്തിലേക്കുമുള്ള ഇന്ത്യയുടെ യാത്രയിലെ ചരിത്രപരമായ നാഴികക്കല്ലാണ്. സ്വത്തവകാശം ശക്തിപ്പെടുത്തുന്നതിനും ഏവരെയും ഉൾക്കൊള്ളുന്ന ഗ്രാമവികസനം പരിപോഷിപ്പിക്കുന്നതിനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധത അടിവരയിടുന്നതാണ് ഈ സംരംഭം. സമൃദ്ധവും വികസിതവുമായ ഇന്ത്യ അഥവാ വികസിത ഭാരതം എന്ന കാഴ്ചപ്പാടു മുന്നോട്ടു കൊണ്ടുപോകുന്നതിനൊപ്പം, പൗരന്മാരെ, പ്രത്യേകിച്ച് സ്ത്രീകളെയും സമൂഹത്തിലെ കരുതൽ വേണ്ട വിഭാഗങ്ങളെയും, ശാക്തീകരിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്‌പ്പു കൂടിയാണിത്.
ചരിത്രപരമായി, ഇന്ത്യയിലെ ഗ്രാമീണ വനിതകൾ കൃഷി, ഗൃഹപരിപാലനം, സാമൂഹ്യജീവിതം എന്നിവയുടെ കേന്ദ്രബിന്ദുവാണ്. ഗണ്യമായ സംഭാവനകൾ ഉണ്ടായിരുന്നിട്ടും, വ്യവസ്ഥാപരമായ തടസ്സങ്ങൾ മൂലം കൃഷി ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന ഭൂമിയുടെ നിയമപരമായ അംഗീകാരം അവർക്കു നിഷേധിച്ചു. ഈ അസമത്വം സ്ത്രീകൾക്ക് സാമ്പത്തിക സ്രോതസ്സുകളിലേക്കും അവസരങ്ങളിലേക്കും സ്വാതന്ത്ര്യത്തിലേക്കുമുള്ള പ്രവേശനം പരിമിതപ്പെടുത്തി. സാമ്പത്തികവും ലിംഗപരവുമായ അസമത്വങ്ങൾ നിലനിർത്തി.
സ്ത്രീകളെ ഭൂമിയുടെ സഹ-ഉടമകളായി ഔദ്യോഗികമായി അംഗീകരിച്ചുകൊണ്ട് സ്വാമിത്വ പദ്ധതി ഈ ആഖ്യാനം പുനർനിർമ്മിക്കുകയാണ്. കുടുംബസ്വത്തിൽ സ്ത്രീകൾക്കു തുല്യപങ്കു നൽകി, സാമ്പത്തികമായും സാമൂഹികമായും അവരെ ശാക്തീകരിക്കുന്നു. ലിംഗസമത്വം മുന്നോട്ടു കൊണ്ടുപോകുന്നതിനും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളിൽ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്‌പ്പാണിത്. ഗ്രാമീണ ഇന്ത്യയിൽ, ഭൂമിയുടെ ഉടമസ്ഥാവകാശം സാമ്പത്തിക മൂല്യത്തിനപ്പുറം വ്യാപിക്കുന്ന ഒന്നാണ്. ഇതു സാമൂഹ്യപദവിയെയും സുരക്ഷയെയും പ്രതിനിധാനം ചെയ്യുന്നു. സ്വത്തവകാശമില്ലാത്തതിനാൽ, സ്ത്രീകൾ പലപ്പോഴും സാമ്പത്തിക അസ്ഥിരത, കുടിയിറക്കം, ഗാർഹിക പീഡനം എന്നിവ നേരിടേണ്ടി വരുന്നു. നിയമപരമായ ഭൂഅവകാശങ്ങൾ നൽകുന്നതിലൂടെ, ഭൂവിനിയോഗം, പ്രവേശനം, വിഭവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് സുരക്ഷയും തീരുമാനമെടുക്കാനുള്ള അധികാരവും സ്വാമിത്വ പദ്ധതി സ്ത്രീകൾക്കു നൽകുന്നു.
പദ്ധതിയുടെ ഏറ്റവും സ്വാധീനം ചെലുത്തുന്ന ഫലങ്ങളിലൊന്ന് അത് സ്ത്രീകൾക്ക് നൽകുന്ന സാമ്പത്തിക സ്വാതന്ത്ര്യമാണ്. ഔപചാരികമായ ഭൂമിയുടെ ഉടമസ്ഥാവകാശമില്ലാതെ മുമ്പ് അപ്രാപ്യമായിരുന്ന വായ്പകൾ, ക്രെഡിറ്റ്, ഇൻഷുറൻസ് തുടങ്ങിയ സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കാൻ ഭൂമിയുടെ ഉടമസ്ഥാവകാശം പ്രാപ്തമാക്കുന്നു. ഈ പ്രവേശനം സ്ത്രീകളെ അവരുടെ കുടുംബങ്ങളുടെ ഭാവിയിൽ നിക്ഷേപിക്കാനും സാമ്പത്തിക സ്ഥിരത സ്ഥാപിക്കാനും അനുവദിക്കുന്നു. സ്വത്തിന്റെ ഉടമസ്ഥാവകാശത്തിൽ സ്ത്രീകൾക്കുകൂടി പങ്കാളിത്തം നൽകുന്നതിലൂടെ, ഗ്രാമീണ സ്ത്രീകൾക്ക് വായ്പകൾക്കായി അവരുടെ ഭൂമി ഈടായി ഉപയോഗിക്കാനുള്ള പ്രാപ്തി ഇപ്പോഴുണ്ട്. ഉദാഹരണത്തിന്, മഹാരാഷ്‌ട്രയിലെ പുണെ ജില്ലയിൽ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സ്ത്രീകളെ സ്വത്തുടമസ്ഥതയിലെ പങ്കാളിത്തത്തിനായി സജീവമായി പ്രോത്സാഹിപ്പിച്ചു. തൽഫലമായി, സ്ത്രീകൾകൂടി ഉൾപ്പെട്ടതോ ഒറ്റയ്‌ക്കുള്ളതോ ആയ നിലയിൽ ഉടമസ്ഥാവകാശമുള്ള പാർപ്പിടസ്വത്തുക്കളുടെ ശതമാനം 16ൽനിന്ന് 88 എന്ന നിലയിൽ ഗണ്യമായി ഉയർന്നു. വായ്പകൾ ലഭ്യമാക്കാനും വ്യവസായം ആരംഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും സ്വത്തുതർക്കങ്ങൾ കുറയ്‌ക്കാനും സാമ്പത്തിക സ്ഥിരത വർധിപ്പിക്കാനും ഈ മാറ്റം സ്ത്രീകളെ പ്രാപ്തരാക്കി. അതുപോലെ, മധ്യപ്രദേശിൽ, ലാൻഡ് റവന്യൂ കോഡിനു കീഴിൽ സ്ത്രീകൾക്ക് ഉടമസ്ഥാവകാശ പങ്കാളിത്തമേകിയതു പരിവർത്തനാത്മക ഫലങ്ങൾ ഉളവാക്കി. സ്വാമിത്വ പദ്ധതിയിലൂടെ പ്രോപ്പർട്ടി കാർഡുകൾ സ്വീകരിച്ചത് എങ്ങനെയാണു തങ്ങളുടെ ഭൂമി സുരക്ഷിതമാക്കിയതെന്നും അവകാശങ്ങൾ സംരക്ഷിക്കാൻ നിയമപരമായ പിന്തുണ നൽകിയതെന്നും ഹർദയിൽ നിന്നുള്ള ശ്രീമതി ഷാലിയ സിദ്ദിഖിയെപ്പോലുള്ള സ്ത്രീകൾ ചൂണ്ടിക്കാട്ടി. ഈ ശാക്തീകരണം വായ്പകൾ, കാർഷിക സഹായം, മറ്റു സാമ്പത്തിക സ്രോതസ്സുകൾ എന്നിവ ലഭ്യമാക്കുകയും അവരുടെ ജീവിതനിലവാരം ഗണ്യമായി മെച്ചപ്പെടുത്തുകയും ചെയ്തു.
മാത്രമല്ല, ഈ പദ്ധതി ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസനലക്ഷ്യങ്ങളുമായി (എസ്ഡിജി) യോജിക്കുന്നു; പ്രത്യേകിച്ച് ദാരിദ്ര്യം നിർമ്മാർജനത്തിനായുളള ലക്ഷ്യം1, സ്ത്രീകൾ ഉൾപ്പെടെയുള്ള കരുതൽ വേണ്ട വിഭാഗങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിന് ഊന്നൽ നൽകുന്ന ഉപ-ലക്ഷ്യം 1.4.2 എന്നിവയുമായി. സ്ത്രീകളെ സ്വത്തിന്റ ഉടമകളായി അംഗീകരിക്കുന്നതിലൂടെ, സ്വാമിത്വ പദ്ധതി ഈ ആഗോള ലക്ഷ്യങ്ങളിൽ ഗണ്യമായ സംഭാവനയേകുകയും സമഗ്രവും സുസ്ഥിരവുമായ വികസനം കെട്ടിപ്പടുക്കുകയും ചെയ്യുന്നു.
സുരക്ഷിതമായ ഭൂമി അവകാശങ്ങളുടെ നേട്ടങ്ങൾ സ്വന്തം വീടുകൾ എന്നതിനപ്പുറം, ഭൂമി സ്വന്തമാക്കിയ സ്ത്രീകൾക്കു സാമ്പത്തിക സേവനങ്ങൾ പ്രാപ്യമാക്കുന്നതിനും, കുടുംബങ്ങൾക്കു മെച്ചപ്പെട്ട വിദ്യാഭ്യാസവും ആരോഗ്യവും നൽകുന്നതിനും, ലിംഗാധിഷ്ഠിത അക്രമം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.
മഹാരാഷ്‌ട്ര, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ പദ്ധതിയുടെ വിജയം പ്രകടമാണ്. അവിടെ ഇതു നടപ്പാക്കിയതു വ്യക്തമായ നേട്ടങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. 13 സംസ്ഥാനങ്ങൾ ഇതിനകം സ്വത്തിന്റെ കാര്യത്തിൽ സ്ത്രീകളുടെ സഹഉടമസ്ഥാവകാശം എന്ന രീതി സ്വീകരിച്ചതോടെ, കൂടുതൽ സംസ്ഥാനങ്ങൾ ഇതു പിന്തുടരുമെന്നാണു പ്രതീക്ഷ. ഇതു ഗ്രാമീണ ഇന്ത്യയിലുടനീളം പദ്ധതിയുടെ പരിവർത്തനാത്മക സ്വാധീനം വ്യാപിപ്പിക്കും. 31 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പദ്ധതിയുടെ നടപ്പാക്കൽ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചു. 67,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള 3.17 ലക്ഷം ഗ്രാമങ്ങളിൽ ഡ്രോൺ സർവേകൾ പൂർത്തിയായി. ഈ സമഗ്രമായ ചിത്രീകരണം 132 ലക്ഷം കോടി രൂപയുടെ ഭൂമിയുടെ സാമ്പത്തിക മൂല്യം അനാവരണം ചെയ്തു. ഗ്രാമീണ സമ്പദ്‌വ്യവസ്ഥകളെ പരിവർത്തനം ചെയ്യാനുള്ള പദ്ധതിയുടെ സാധ്യതകളാണ് ഇതു വെളിപ്പെടുത്തുന്നത്.
2047 ഓടെ വികസിത രാഷ്‌ട്രമായി മാറാനുള്ള കാഴ്ചപ്പാടുമായി ഇന്ത്യ മുന്നേറുമ്പോൾ, ഗ്രാമീണ പരിവർത്തനത്തിന്റെ നിർണായക ഘടകമായി സ്വാമിത്വ പദ്ധതി വർത്തിക്കുന്നു. സ്വത്തവകാശം ഔപചാരികമാക്കുന്നതിലൂടെയും, വായ്പാ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം സാധ്യമാക്കുന്നതിലൂടെയും, സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും, പദ്ധതി ഏവരെയും ഉൾക്കൊള്ളുന്ന വളർച്ചയ്‌ക്കു കരുത്തുറ്റ അടിത്തറയിടുന്നു. ആധുനിക ജിഐഎസ് സാങ്കേതികവിദ്യയുടെയും കൃത്യമായ ഭൂരേഖകളുടെയും ഉപയോഗം വികസന പരിപാടികളെ കൂടുതൽ പിന്തുണയ്‌ക്കുകയും ഗ്രാമീണ ഭരണനിർവഹണത്തിനു കരുത്തേകുകയും ചെയ്യുന്നു.
ഒറ്റ ദിവസംകൊണ്ട് 65 ലക്ഷം പ്രോപ്പർട്ടി കാർഡുകൾ വിതരണം ചെയ്തത് രേഖകളുടെ കൈമാറ്റം മാത്രമല്ല, ഗ്രാമീണ ജനതയെ ശാക്തീകരിക്കുന്നതിനും ഇന്ത്യയുടെ വികസന യാത്രയിൽ അവരുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള ഗവണ്മെന്റിന്റെ പ്രതിജ്ഞാബദ്ധതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. വികസിതഭാരതമെന്ന കാഴ്ചപ്പാടിന് അർഥവത്തായ സംഭാവനയേകുന്നതിനാവശ്യമായ സങ്കേതങ്ങളും വിഭവങ്ങളും ഉപയോഗിച്ചു ഗ്രാമീണ സമൂഹങ്ങളെ സജ്ജമാക്കുന്നതിലൂടെ, വരും തലമുറകൾക്കായി കൂടുതൽ നീതിയുക്തവും സമൃദ്ധവുമായ ഗ്രാമീണ ഇന്ത്യ സൃഷ്ടിക്കുകയാണു സ്വാമിത്വ പദ്ധതി. ഈ പദ്ധതി വെറുമൊരു നയമല്ല; മറിച്ച്, പ്രതിബന്ധങ്ങൾ തകർക്കുകയും സ്ത്രീകളെ ശാക്തീകരിക്കുകയും സാമൂഹികവും സാമ്പത്തികവുമായ മാറ്റത്തിനു നേതൃത്വം നൽകുകയും ചെയ്യുന്ന പരിവർത്തനാത്മക സംരംഭം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക