India

കേന്ദ്രസർക്കാരുമായുള്ള ചർച്ച: കർഷക സംഘടനകൾ തമ്മിൽ ഭിന്നത രൂക്ഷം

സ്ഥലം സംബന്ധിച്ചും തർക്കം

Published by

ന്യൂദെൽഹി:കേന്ദ്രസർക്കാരുമായുള്ള ചർച്ചകൾ സംബന്ധിച്ച് കർഷക സംഘടനകൾ തമ്മിൽ രൂക്ഷമായ ഭിന്നത. കേന്ദ്രസർക്കാരുമായി ചർച്ച നടത്താനായി കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാൾ നടത്തുന്ന നിരാഹാര സമരം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് കിസാൻ മസ്ദൂർ മോർച്ച ആവശ്യപ്പെടുമ്പോൾ ധൃതിവക്കാതെ ചർച്ച നേരത്തെ നിശ്ചയിച്ചത് പോലെ ദെൽഹി നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു ശേഷം ഫെബ്രുവരി 14 ന് നടത്താമെന്ന് സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) വ്യക്തമാക്കുന്നു. ചർച്ച നടക്കുന്ന സ്ഥലം സംബന്ധിച്ചും ഇരുവിഭാഗവും തമ്മിൽ അഭിപ്രായഭിന്നതയുണ്ട്. നേരത്തെ നിശ്ചയിച്ചത് പോലെ ആദ്യ റൗണ്ട് ചർച്ച ചാണ്ഡിഗഡിൽ നടക്കണമെന്നും രണ്ടാം റൗണ്ട് ദെൽഹിയിൽ നടത്താമെന്നുമാണ് സംയുക്ത കിസാൻ മോർച്ച പറയുന്നത്. എന്നാൽ ദെൽഹിയിൽ ചർച്ച നടക്കുന്നതുകൊണ്ട് എന്താണ് പ്രശ്നമെന്ന് കിസാൻ മസ്ദൂർ മോർച്ചയും ചോദിക്കുന്നു.

 

ചർച്ചകൾക്കായി നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗജിത് സിംഗ് ദല്ലേവാളിനോട് നിരാഹാര സമരം അവസാനിപ്പിക്കണമെന്ന് കർഷക സംഘടനയായ കിസാൻ മസ്ദൂർ മോർച്ച ആവശ്യപ്പെട്ടു. നേരത്തെ ഫെബ്രുവരി 14ന് ചാണ്ഡിഗഢിൽ വച്ച് ചർച്ച നടത്താൻ തീരുമാനിച്ചത് ചർച്ച നൽകിയിലേക്കു മാറ്റാനും ഫെബ്രുവരി 14ന് മുമ്പ് ചർച്ച സംഘടിപ്പിക്കാനും തീരുമാനിച്ചത് സംയുക്ത കിസാൻ മോർച്ചയെ (രാഷ്‌ട്രീയേതരം വിഭാഗം) ചൊടിപ്പിച്ചു. എന്നാൽ ദെൽഹിയിൽ നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഈ ചർച്ചയെ ബാധിക്കില്ലെന്നും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എട്ടാം ശമ്പള കമ്മീഷൻ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ഉദാഹരണമാണെന്നും കിസാൻ മസ്ദൂർ മോർച്ച നേതാവ് സർവേൻ സിംഗ് പന്ദേർ പറഞ്ഞു. ദെൽഹിയിൽ ചർച്ച നടത്തുന്നതിൽ എന്താണ് പ്രശ്നം? എന്തെങ്കിലും പ്രഖ്യാപനം നടത്തേണ്ടതുണ്ടെങ്കിൽ ദെൽഹി തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫെബ്രുവരി 9 ശേഷം നടത്താമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാൽ ഇതിന് വിഭിന്നമായ അഭിപ്രായപ്രകടനമാണ് സംയുക്ത കിസാൻ മോർച്ച (രാഷ്‌ട്രീയേതര വിഭാഗം) നേതാവ് അഭിമന്യു കൊഹാദ് നടത്തിയത്. കേന്ദ്ര സർക്കാരുമായുള്ള കൂടിക്കാഴ്‌ച്ച മുൻ നിശ്ചയിച്ച തീയതി പ്രകാരം ആദ്യ റൗണ്ട് ചാണ്ഡിഗഢിൽ നടക്കട്ടെയേന്നും ആവശ്യമെങ്കിൽ അടുത്ത ഘട്ടം ദെൽഹിയിൽ നടത്താമെന്നും കിസാൻ മസ്ദൂർ മോർച്ചയോട് അദ്ദേഹം ആവശ്യപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by