അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത് ആ രാജ്യത്തും ലോകത്തും പുതിയ മാറ്റങ്ങള്‍ക്ക് വഴിതുറക്കുമെന്ന കാര്യം അനിഷേധ്യമാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി നിര്‍ണായക ഭൂരിപക്ഷത്തോടെ മാസങ്ങള്‍ക്കു മുന്‍പ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ ഈ മാറ്റത്തിന്റെ വ്യക്തമായ സൂചന ലഭിച്ചിരുന്നു. പ്രസിഡന്റ് ജോ ബൈഡന്‍ നേതൃത്വം നല്‍കിയ നാലുവര്‍ഷത്തെ ഡെമോക്രാറ്റുകളുടെ ഭരണത്തില്‍ നിന്ന് പലതുകൊണ്ടും വ്യത്യസ്തമായിരിക്കും ട്രംപിന്റെ രണ്ടാമൂഴമെന്ന് ആര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. ഇതിനു മുന്‍പ് നാലുവര്‍ഷം ഭരിച്ചപ്പോള്‍ നടപ്പാക്കിയ നയപരിപാടികളുടെ തുടര്‍ച്ച, നാല്‍പ്പത്തിയേഴാമത് പ്രസിഡന്റായി തിരിച്ചെത്തിയിരിക്കുന്ന ട്രംപില്‍ നിന്ന് ഉണ്ടാകുമെന്ന് വ്യക്തം. ട്രംപ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതോടെ ലോകത്തിന്റെ പല കോണുകളില്‍ നിന്നും വൈകാരികമായ പ്രതികരണങ്ങളാണ് ഉണ്ടായത്. പ്രവചിക്കാന്‍ കഴിയാത്ത നടപടികളാവും ട്രംപ് നയിക്കുന്ന ഭരണകൂടത്തില്‍ നിന്ന് ഇനിയുണ്ടാവുകയെന്ന പ്രചാരണം, പരാജയം ഏറ്റുവാങ്ങിയ ഡെമോക്രാറ്റുകളില്‍ നിന്നും, അവരെ പിന്തുണയ്‌ക്കുന്ന ലെഫ്റ്റ് ലിബറലുകളില്‍ നിന്നും ഉണ്ടായത് വലിയ മുന്‍വിധികള്‍ക്ക് കാരണമായിട്ടുണ്ട്. ട്രംപിനെ എടുത്തുചാട്ടക്കാരനായ ഭരണാധികാരിയായി ചിത്രീകരിക്കുകയും, ആലോചനയില്ലാത്ത നടപടികളിലൂടെ ലോകത്തെ കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നയിക്കുമെന്നുമൊക്കെയുള്ള പ്രചാരണത്തിന് ഒരു കുറവുമില്ല. ഡെമോക്രാറ്റുകള്‍ അമേരിക്ക ഭരിച്ച കാലത്തും ലോകത്ത് സംഘര്‍ഷങ്ങള്‍ക്ക് കുറവൊന്നും ഇല്ലായിരുന്നുവെന്ന വസ്തുത സമര്‍ത്ഥമായി മറച്ചു പിടിക്കപ്പെടുകയാണ്. ട്രംപിന്റെ തിരിച്ചുവരവില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഇതിനോടകം ആശങ്കാജനകമായ ചില ആഖ്യാനങ്ങള്‍ ചമച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപിനെതിരെ നടന്ന വധശ്രമത്തെ ലളിതവല്‍ക്കരിച്ചു കണ്ടതും ഇതേ മാധ്യമങ്ങളാണ്. ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് വെടിയുണ്ടകളേറ്റ ട്രംപ് അത്ഭുതകരമായാണ് രക്ഷപെട്ടത്.
വളരെ ആസൂത്രിതമായ ആക്രമണമാണ് നടന്നതെന്നും, ഡെമോക്രാറ്റുകളെ പിന്തുണയ്‌ക്കുന്ന ഡീപ് സ്റ്റേറ്റ് ശക്തികളാണ് ഇതിന് പിന്നിലെന്നും ഏറെക്കുറെ വ്യക്തമായിരുന്നു. എന്നിട്ടും ട്രംപിനെ വില്ലനായി ചിത്രീകരിക്കുന്നത് ലിബറല്‍ മാധ്യമങ്ങള്‍ തുടര്‍ന്നു. ഒന്നിലധികം പ്രസിഡന്റുമാരെ കൊലചെയ്ത ചരിത്രം അമേരിക്കന്‍ രാഷ്‌ട്രീയത്തിലുണ്ടല്ലോ. സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ലിബറലുകളായ പല യൂറോപ്യന്‍ ഭരണാധികാരികള്‍ക്കും ക്ഷണം ലഭിക്കാതിരുന്നതും, ദേശീയതയില്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ നേതാക്കളെ ഇവിടങ്ങളില്‍ നിന്ന് ക്ഷണിച്ചതും ട്രംപിന്റ നയപ്രഖ്യാപനം തന്നെയാണ്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. മോദിയുടെ പ്രതിനിധിയായി വിദേശകാര്യ മന്ത്രിയും വലിയ നയതന്ത്രജ്ഞനുമായ എസ്. ജയശങ്കറാണ് പങ്കെടുത്തത്. പ്രധാനമന്ത്രി മോദി തന്റെ സുഹൃത്താണെന്നും, താന്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന നേതാവാണെന്നും ട്രംപ് ഒന്നിലധികം തവണ പ്രഖ്യാപിക്കുകയുണ്ടായി.
വലിയ അനുഭാവം ഒന്നും കാണിക്കാതിരുന്ന ഡെമോക്രാറ്റുകളുടെ പരാജയത്തില്‍ ദു:ഖിച്ച രാജ്യത്തെ ചില മാധ്യമങ്ങളും ഒരു ‘ഭാരതീയന്‍’ വൈറ്റ് ഹൗസിന് നേതൃത്വം നല്‍കാന്‍ പോകുന്നു എന്ന മട്ടിലാണ് പ്രതികരിച്ചത്.
ട്രംപ് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ത്തന്നെ ലോകം മാറിച്ചിന്തിക്കാന്‍ തുടങ്ങിയിരുന്നു. ഭാരതത്തോട് അനുഭാവം പുലര്‍ത്തിയ ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഭരണകൂടത്തെ ഡീപ് സ്റ്റേറ്റിന്റെ പിന്തുണയോടെ മതമൗലികവാദികള്‍ അട്ടിമറിക്കുകയും, ചൈനയുടെയും പാകിസ്ഥാന്റെയുമൊക്കെ കളിപ്പാവയായ മുഹമ്മദ് യൂനുസ് പ്രധാനമന്ത്രിയാവുകയും ചെയ്തത് അമേരിക്കന്‍ ഭരണകൂടത്തിന്റെ തിരക്കഥ അനുസരിച്ച് ആയിരുന്നു. ഇകൂട്ടര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ട്രംപ് നല്‍കിയത്.
ഡെമോക്രാറ്റ് നേതാക്കളായ ബരാക് ഒബാമയുടെയും ഹിലരി ക്ലിന്റന്റേയും സുഹൃത്തായ യൂനുസ്, ട്രംപ് ആദ്യം തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കറുത്ത ദിനം എന്നാണ് വിശേഷിപ്പിച്ചത്. ബംഗ്ലാദേശിലെ ഇപ്പോഴത്തെ സ്ഥിതിവിശേഷത്തോടും രൂക്ഷമായാണ് ട്രംപ് പ്രതികരിച്ചത്. താന്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുന്‍പ് ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുക്കള്‍ക്കും മറ്റുമെതിരായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നും, പശ്ചിമേഷ്യയിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നുമാണ് മുന്നറിയിപ്പു നല്‍കിയത്. ഇത് ഫലം കണ്ടു. സത്യപ്രതിജ്ഞയ്‌ക്ക് തൊട്ടുമുന്‍പുതന്നെ പശ്ചിമേഷ്യയില്‍ വെടി നിര്‍ത്തല്‍ നിലവില്‍ വന്നു. ‘അമേരിക്ക ഫസ്റ്റ്’ എന്ന നയമാണ് ട്രംപ് പിന്തുടരുകയെങ്കിലും തന്ത്രപരമായി ഭാരതത്തിന്റെ താല്‍പര്യങ്ങളെ പിന്തുണയ്‌ക്കുമെന്ന കാര്യം ഉറപ്പാണ്. ട്രംപ് അമേരിക്കയും ഭാരതം മോദിയും ഭരിക്കുമ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധങ്ങള്‍ ഊഷ്മളമാവുകയും, ലോകത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക