കൊല്‍ക്കത്തഃ ആര്.ജികാര്‍ കേസില്‍ കോടതിവിധി വന്നുവെങ്കിലും ബംഗാളില്‍ സ്ത്രീകളുടെ സുരക്ഷാകാര്യത്തില്‍ ഇനിയും ആശങ്കയൊഴിഞ്ഞിട്ടില്ലെന്ന് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്.
വര്‍ദ്ധിച്ചുവരുന്ന ബലാത്സംഗങ്ങള്‍, ആക്രമണങ്ങള്‍, കൊലപാതകങ്ങള്‍ എന്നിവയെല്ലാം സമൂഹത്തെ കടുത്ത ഭീതിയിലും ആശങ്കയിലും ആഴ്ത്തുന്നു, ഗവര്‍ണര്‍ പറഞ്ഞു.
ദേശീയതലത്തില്‍ത്തന്നെ സമൂഹമനഃസാക്ഷിയെ പിടിച്ചുലച്ച അതിദാരുണമായ സംഭവമാണിത്. ഇത്തരം ക്രൂരകൃത്യങ്ങളെ സര്‍ക്കാരും സമൂഹവും ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യുന്നത് ആശാസ്യമല്ല.ഈ നില മാറണം.
കേസിന്റെ എല്ലാ ഘട്ടത്തിലും രാജ്ഭവന് ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. അക്രമം നടന്ന ആശുപത്രിയില്‍ ഗവര്‍ണര്‍ എന്ന നിലയില്‍ താന്‍ പലവട്ടം പോയി. സമരപ്പന്തല്‍ സന്ദര്‍ശിച്ചു. മാതാപിതാക്കളെ അവരുടെ വീട്ടില്‍ചെന്നുകണ്ടു, ഡോക്ടര്‍മാരും നഴ്സുമാരും പൊതുപ്രവര്‍ത്തകരുമുള്‍പ്പെടെ നിരവധി സംഘങ്ങള്‍ നിവേദനങ്ങളുമായി വന്നു. അവരുടെ പരാതികള്‍ അപ്പപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. ഇതില്‍ നിന്നൊക്ക അറിയാന്‍ കഴിഞ്ഞ ഒരു കാര്യം സ്ത്രീസുരക്ഷ ഇവിടെ വളരെ മോശമായ അവസ്ഥയില്‍ തുടരുന്നു എന്നതാണ്.
ഇതിന് മാറ്റമുണ്ടാവണം. സര്‍ക്കാരും സമൂഹവും മുന്‍കൈയെടുക്കണം. സമൂഹത്തില്‍, വിശേഷിച്ച് ആശുപത്രികള്‍ അടക്കമുള്ള നിര്‍ണായക തൊഴിലിടങ്ങളില്‍, ഡോക്ടര്‍മാരും നഴ്സുമാരും പാരാമെഡിക്കല്‍ സ്റ്റാഫും അടക്കമുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സുശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും അതുസംബന്ധിച്ച റിപ്പോര്‍ട്ട് യഥാസമയം സമര്‍പ്പിക്കണമെന്നും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രശ്നത്തിന് സുസ്ഥിര പരിഹാരമാരായാന്‍ ബന്ധപ്പെട്ട എല്ലാവരുടെയും യോഗം രാജ്ഭവന് ഉടന്‍ വിളിച്ചുചേര്‍ക്കും. യോഗശുപാര്‍ശകള്‍ അടിയന്തരമായി നടപ്പാക്കുന്നതിന് സര്‍ക്കാരിന് നിര്‍ദേശം നല്‍കും. സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ വ്യക്തമായ ഒരു രൂപരേഖയുണ്ടാവണം. അതിന്റെയടിസ്ഥാനത്തില്‍ കര്‍മപദ്ധതി ഉണ്ടാക്കി പ്രാവര്‍ത്തികമാക്കണം. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ല ഗവര്‍ണര്‍ വ്യക്തമാക്കി.
ഇതിനിടയില്‍ സര്‍ക്കാര്‍ ഒരു ബില്‍ പാസാക്കി. എന്നാല്‍ അതില്‍ ഭരണഘടനാപരമായ ന്യൂനതകള്‍ ഉണ്ടായിരുന്നതിനാല്‍ രാഷ്ട്രപതിയുടെ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് രാജ്ഭവന്റെ പീസ് റൂമില്‍ ലഭിക്കുന്ന പരാതികള്‍ തത്സമയ മോണിറ്ററിംഗ് സെല്‍ പരിശോധിക്കുകയും ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യും. ഒപ്പം സ്ത്രീകള്‍ക്ക് സ്വയംപ്രതിരോധ പരിശീലനം നല്‍കുന്നതിനുള്ള അഭയ പ്ലസ് പരിപാടി ശക്തമാക്കുമെന്നും ഗവര്‍ണര്‍ ആനന്ദബോസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: