ന്യൂദല്‍ഹി: ആര്‍ക്കും ചോര്‍ത്താന്‍ കഴിയാത്ത, ഇന്ത്യ തന്നെ വികസിപ്പിച്ച സംഭവ് ഫോണുകള്‍ കൂടുതല്‍ സൈനികര്‍ക്ക് നല്‍കി കേന്ദ്രസര്‍ക്കാര്‍. ‘സംഭവ്’ സ്മാർട്ട്ഫോണുകൾ ഇപ്പോള്‍ 30,000 സൈനിക ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചുകഴിഞ്ഞിരിക്കുന്നു.
രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് ഇത്. സുരക്ഷിതമായ ആശയവിനിമയം ഉറപ്പാക്കാൻ നേരത്തെ 2024 ഒക്ടോബറില്‍ ചൈനയുമായി നടന്ന അതിർത്തി ചർച്ചയിലാണ് സംഭവ് ആദ്യമായി ഇന്ത്യന്‍ സൈന്യം ഉപയോഗിച്ചത്.
എന്താണ് സംഭവ് സ്മാര്‍ട്ട് ഫോണ്‍?
ഇന്ത്യന്‍ സൈന്യം തദ്ദേശീയമായി വികസിപ്പിച്ച ‘സംഭവ്’ (Secure Army Mobile Bharat Version) സ്മാർട്ട്ഫോണുകൾ ചോര്‍ത്താന്‍ എളുപ്പമല്ല. പൂര്‍ണമായും എന്‍ക്രിപ്റ്റഡായ സ്മാര്‍ട്ട് ഫോണുകളാണ് സംഭവ്. ഇതില്‍ 5ജി സാങ്കേതികവിദ്യയാണുള്ളത്.
ഇന്ത്യന്‍ ആര്‍മി രാജ്യത്തെ വ്യവസായ-അക്കാദമിക് സമൂഹവുമായി ചേര്‍ന്ന് വികസിപ്പിച്ച സ്‌മാര്‍ട്ട്ഫോണാണ് സംഭവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ചൈനയുമായുള്ള അതിര്‍ത്തി ചര്‍ച്ചയില്‍ രഹസ്യസ്വഭാവം നിലനിര്‍ത്താന്‍ ഇന്ത്യന്‍ സൈന്യത്തെ സഹായിച്ചത് സംഭവ് ഫോണാണ്. തന്ത്രപ്രധാനമായ വിവരങ്ങളും രേഖകളും ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് പരസ്പരം കൈമാറാനുള്ള പ്രത്യേക ആപ്ലിക്കേഷനുകള്‍ ഈ ഫോണിലുണ്ട്. വളരെ നൂതനമായ എന്‍ക്രിപ്ഷന്‍ സാങ്കേതികവിദ്യയുള്ള സംഭവ് സ്മാര്‍ട്ട്‌ഫോണുകള്‍ സുരക്ഷിതമായ ആശയവിനിമയം ഉറപ്പുവരുത്തിയിരുന്നു.
തദ്ദേശീയമായ ഉപഗ്രഹ-മാപ്പിംഗ് സംവിധാനം ഉള്‍പ്പെടുന്ന സ്‌മാര്‍ട്ട്ഫോണുകളാണ് സംഭവ് . കിറുകൃത്യമായ നാവിഗേഷന്‍ ഉറപ്പുവരുത്തുന്നതിനൊപ്പം തന്ത്രപരമായ നീക്കങ്ങള്‍ക്ക് ഇന്ത്യന്‍ സൈന്യത്തിന് സഹായകമാവുകയും ചെയ്യുന്നു. വിവിധ നെറ്റ്‌വര്‍ക്കുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ തടസമില്ലാത്ത കണക്റ്റിവിറ്റി അതിര്‍ത്തി പ്രദേശങ്ങളിലും ഉള്‍ഗ്രാമങ്ങളിലും പോലും സംഭവ് ഫോണുകള്‍ ഉറപ്പാക്കും. സാധാരണ മൊബൈല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാല്‍ നിര്‍ണ്ണായക വിവരങ്ങള്‍ ചോരാന്‍ സാധ്യത കൂടുതലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: