India

ഉത്തരാഖണ്ഡിൽ സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ചു : ഭഗവാൻ ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം

Published by

ഡെറാഡൂൺ ; സംസ്ഥാനത്തെ ആദ്യത്തെ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിൽ പൊതുവിദ്യാഭ്യാസം നൽകുന്ന , അറബിക്ക് പുറമെ സംസ്‌കൃതവും ഐച്ഛിക വിഷയമായി എടുക്കാവുന്ന മദ്രസയാണിത് .

50 ലക്ഷം രൂപ ചെലവിൽ ഡോ.എ.പി.ജെ.അബ്ദുൾ കലാം മോഡേൺ മദ്രസ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മാർച്ചിൽ അടുത്ത അക്കാദമിക് സെഷൻ മുതൽ ക്ലാസുകൾ ആരംഭിക്കുമെന്നും ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. ഡെറാഡൂണിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള മുസ്ലീം കോളനിയിലാണ് മദ്രസ സ്ഥിതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംയോജിത വിദ്യാഭ്യാസത്തിനായി സമീപത്തെ മദ്രസകളിലെ വിദ്യാർഥികളെ ഇവിടെ എത്തിക്കുമെന്ന് ചെയർമാൻ പറഞ്ഞു. ഈ വർഷാവസാനത്തോടെ സംസ്ഥാനത്ത് എട്ട് മുതൽ 10 വരെ മദ്രസകൾ നവീകരിക്കാൻ വഖഫ് ബോർഡ് പദ്ധതിയിട്ടിട്ടുണ്ടെന്നും സമീപ പ്രദേശങ്ങളിൽ നിന്നുള്ള ചെറിയ മദ്രസകൾ മികച്ച സ്ഥലത്ത് ഒരു കേന്ദ്രമായി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

ഈ മദ്രസകളിലെ വിദ്യാർത്ഥികൾ രാവിലെ എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിലുള്ള പൊതു വിഷയങ്ങൾ പഠിക്കുമെന്നും വൈകുന്നേരം ഖുറാൻ, ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭഗവാൻ രാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ ആധുനിക മദ്രസകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകവും വഖഫ് ബോർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.സംസ്‌കൃത അധ്യാപകരെയും ഉടൻ നിയമിക്കും.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by