Sports

പി.ആര്‍. ശ്രീജേഷിന്റെ അമ്മയുള്‍പ്പെടെ ആറ് പേര്‍ക്ക് ആദരം കായികതാരങ്ങള്‍ അഭിമാനത്തിന്റെ പതാകാവാഹകര്‍: ദത്താത്രേയ ഹൊസബാളെ

Published by

ഭോപാല്‍(മധ്യപ്രദേശ്): സൈനികരും കായികതാരങ്ങളുമാണ് ദേശീയാഭിമാനത്തിന്റെ പതാക ഏന്തുന്നതെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. ഭാഷയുടെയോ പ്രദേശത്തിന്റെയോ ഭേദമില്ലാതെ അവര്‍ രാജ്യത്തിന്റെയാകെ അഭിമാനവും സ്വത്തുമാണ്.  സൈനികരോടും കായികതാരങ്ങളോടും  രാജ്യത്തെ പൗരന്മാര്‍ കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഭോപ്പാലിലെ രവീന്ദ്ര ഭവനില്‍ ക്രീഡാഭാരതി സംഘടിപ്പിച്ച ജീജാബായ് സമ്മാന്‍ സമാരോഹില്‍ സംസാരിക്കുകയായിരുന്നു സര്‍കാര്യവാഹ്.
ഭാരത ഹോക്കി ടീമിന്റെ മുന്‍നായകന്‍ പി.ആര്‍. ശ്രീജേഷിന്റെ അമ്മ ഉഷാകുമാരി, ജാവലിന്‍ ഇതിഹാസം നീരജ് ചോപ്രയുടെ അമ്മ സരോജ് ദേവി, ഭാരതത്തിലെ ആദ്യ വനിതാ ജിംനാസ്റ്റ് ദീപാ കര്‍മാകറിന്റെ അമ്മ ഗൗരി കര്‍മാകര്‍, ഒളിമ്പിക് ബോക്‌സിങ് താരം ലോവ്ലിന ബോര്‍ഗോഹെയ്നിന്റെ അമ്മ മോണി ദേവി, ഹോക്കി താരം വിവേക് സാഗറിന്റെ അമ്മ കമലാദേവി, 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഷൂട്ടിംഗില്‍ പാരാലിമ്പിക് സ്വര്‍ണ മെഡല്‍ ജേതാവ് അവനി ലേഖരയുടെ അമ്മ ശ്വേത ലേഖര എന്നിവര്‍ക്ക് സര്‍കാര്യവാഹ് ജീജാബായ് സമ്മാന്‍ നല്കി ആദരിച്ചു.
പ്രതികൂല സാഹചര്യങ്ങള്‍ മറികടന്നാണ് ശിവാജിയെ അമ്മ ജീജാബായ് ഛത്രപതിയാക്കിയതെന്ന് ദത്താത്രേയ ഹൊസബാളെ ചൂണ്ടിക്കാട്ടി. ജീജാമാത മികച്ച ഭരണാധികാരി കൂടിയായിരുന്നു. ശിവാജി മഹാരാജ് ഔറംഗസീബിന്റെ തടവിലായിരുന്നപ്പോള്‍, അമ്മയാണ് രാജ്യഭരണം നടത്തിയത്. തന്റെ മകന്‍ ആര്‍ക്കും അടിമയാകില്ലെന്നും ഒരു ഭരണാധികാരിയായി സമൂഹത്തെ സേവിക്കുമെന്ന ജീജാമാതാവിന്റെ നിശ്ചയദാര്‍ഢ്യമാണ് അദ്ദേഹത്തായ ഛത്രപതിയാക്കി മാറ്റിയത്, സര്‍കാര്യവാഹ് പറഞ്ഞു.
കായികമേഖലയില്‍ എല്ലാ രംഗത്തും രാജ്യം മുന്നേറണം. ഒന്നോ രണ്ടോ കായിക ഇനങ്ങളില്‍ മാത്രമല്ല പുരോഗതി ഉണ്ടാകേണ്ടത്. ഇപ്പോള്‍ ദല്‍ഹിയില്‍ ആദ്യ ഖോ-ഖോ ലോകകപ്പ് നടക്കുകയാണ്.
ആഗോള മത്സരങ്ങളില്‍ നമ്മള്‍ ഇപ്പോള്‍ മെഡല്‍ പട്ടികയില്‍ മുന്നേറുന്നത് സന്തോഷകരമാണ്.  പാരമ്പര്യവും രാഷ്‌ട്രാഭിമാനവും ഉയര്‍ത്തുന്ന കായികസംസ്‌കാരം വളര്‍ത്തുകയാണ് ക്രീഡാഭാരതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ, മുഖ്യമന്ത്രി ഡോ. മോഹന്‍ യാദവ്, മധ്യപ്രദേശ് കായിക യുവജനക്ഷേമ മന്ത്രി വിശ്വാസ് സാരംഗ്, ക്രീഡ ഭാരതി ദേശീയ വര്‍ക്കിങ് പ്രസിഡന്റ് ചേതന്‍ കശ്യപ് എന്നിവര്‍ പങ്കെടുത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by