പ്രയാഗ് രാജ് : സനാതനധര്‍മ്മമെന്നാല്‍ മുക്തിക്കുവേണ്ടിയുള്ള അന്വേഷണമാണെന്ന് സദ്ഗുരു ജഗ്ഗിവാസുദേവ്. ഭാരതമെന്നാല്‍ വിശ്വാസത്തിന്റെ നാടല്ല, ആത്മീയഅന്വേഷണത്തിന്റെ നാടാണെന്നും സദ്ഗുരു. മഹാകുംഭമേള കാണാനെത്തിയ അദ്ദേഹം ചില ജേണലിസ്റ്റുകളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു.
“വിശ്വാസം എന്നത് അന്ധമായ ഭക്തിയാണ്. ചിലര്‍ കല്ലിനെ ആരാധിക്കുന്നു. ചിലര്‍ നായകളെ ആരാധിക്കുന്നു. ചിലര്‍ പാമ്പിനെ ആരാധിക്കുന്നു, ചിലര്‍ പശുവിനെ ആരാധിക്കുന്നു, ചിലര്‍ ഒന്നിനെയും ആരാധിക്കുന്നില്ല. പകരം അവര്‍ നോക്കിക്കൊണ്ടേയിരിക്കുന്നു. ഒരു വസ്തുവിനെയല്ല, അതിനപ്പുറം എന്താണെന്നാണ് നോക്കുന്നത്. നിങ്ങള്‍ എന്തിനെ ആരാധിക്കുന്നു എന്നത് പ്രശ്നമല്ല. ആത്മീയ അനുഭവത്തിന്റെ ആഴമാണ് നിങ്ങള്‍ തേടുന്നത്. അതാണ് സനാതനധര്‍മ്മം.”- സദ്ഗുരു പറയുന്നു.
“അടുത്ത തലമുറകള്‍ സ്വര്‍ഗ്ഗത്തിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. സ്വര്‍ഗ്ഗത്തിലേക്ക് ടിക്കറ്റെടുക്കാന്‍ നാളത്തെ തലമുറയില്‍ ക്യൂ ഉണ്ടാകില്ല. എല്ലാവരും മനപൂര്‍വ്വമായോ അല്ലാതെയോ ആഗ്രഹിക്കുന്നത് മുക്തിയാണ്. സനാതന്‍ ഒരു മതമല്ല. സനാതന്‍ എന്നാല്‍ ശാശ്വതമായ, അനന്തമായ എന്നാണ് അര്‍ത്ഥം. സനാതനധര്‍മ്മം എന്നത് ഒരു മതമല്ല, പകരം അത് ഉള്ളിലേക്ക് നോക്കുന്ന, ആഴത്തിലുള്ള അന്വേഷണമാണ്.” – സദ്ഗുരു അഭിപ്രായപ്പെട്ടു.
“നിശ്ചലതത്വം ജീവന്മുക്തി -ഇത് ആദിശങ്കരന്‍ പറഞ്ഞതാണ്. അതായത് നിങ്ങള്‍ അചഞ്ചലമായി ഒന്നില്‍ തന്നെ പിടിമുറുക്കിയാല്‍ അതാണ് മുക്തി. അത് ഭാര്യ, ഭര്‍ത്താവ്, മകന്‍, കല്ല്, പാമ്പ്, ദൈവം- ഏതില്‍ വേണമെങ്കിലും അചഞ്ചലമായി നോക്കിക്കൊണ്ടേയിരുന്നാല്‍ അതാണ് ജീവന്മുക്തി. അതാണ് ഈ മഹാകുംഭമേളയില്‍ കാണുന്നത്. അതാണ് നാഗസാധുക്കളില്‍ കാണുന്നത്. “- സദ്ഗുരു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക