പ്രയാഗ് രാജ് : മഹാകുംഭമേളയില്‍ പങ്കെടുക്കാന്‍ എത്തുന്ന ഒരു പ്രത്യേകവിഭാഗം ശൈവസന്യാസിമാരാണ് അഘോരികള്‍. ഭയമില്ലാത്തവര്‍ എന്നാണ് അഘോരി എന്ന വാക്കിന്റെ അര്‍ത്ഥം.
ലോകത്തിലെ ഏറ്റവും പുരാതന നഗരങ്ങളിലൊന്നായ 5000ത്തോളം വർഷങ്ങൾ പഴക്കമുള്ള വാരണാസി(ബനാറസ്-കാശി)യാണ് ഇവരുടെ പ്രധാന ആവാസ ഭൂമി. ഹിന്ദുമതത്തിലെ നാല് പ്രധാന വിഭാഗങ്ങളായ വൈഷ്ണവം, ശാക്തേയം, സ്മാർഥം, ശൈവസമ്പ്രദായം എന്നിവയിൽ ഏറ്റവും പഴക്കമേറിയ ശൈവസമ്പ്രദായം അനുവർത്തിച്ചുപോരുന്നവരാണ് അഘോരികൾ. ഇവരെ ശൈവർ എന്നും വിളിക്കുന്നുണ്ട്.
മുജ്ജന്മത്തില്‍ ഹിംസകള്‍ ചെയ്തവന്‍ ഈ ജന്മത്തില്‍ അഘോരി
മുജ്ജന്മത്തില്‍ അങ്ങേയറ്റം ഹിംസകള്‍ ചെയ്ത് ജീവിച്ചവരാണ് ഈ ജന്മത്തില്‍ അഘോരികളായി പിറക്കുന്നതെന്ന് വിശ്വാസം. അവര്‍ ലോകത്തിന് മുന്‍പില്‍ ചെയ്തുതീര്‍ത്ത ഹിംസകള്‍ മുഴുവന്‍ അവര്‍ക്കറിയാം. എന്നാല്‍ അതേ അക്രമങ്ങള്‍- ഘോര- വീണ്ടും ഈ ജന്മത്തില്‍ കാണിക്കാന്‍ അവര്‍ക്കാവില്ല. അതുകൊണ്ടാണ് അവര്‍ ഈ ജന്മത്തില്‍ അഘോരകളായി മാറുന്നത്. മുജ്ജന്മങ്ങളില്‍ തീരെ ഹിംസ ചെയ്യാത്തവര്‍ക്ക് ഈ ജന്മത്തില്‍ അഘോരികളായി മാറാന്‍ സാധിക്കില്ല. പക്ഷെ മുജ്ജന്മങ്ങളില്‍ യുദ്ധം ചെയ്യുകയും ഒരു പാട് പേരെ കൊല്ലുകയുമെല്ലാം ചെയ്യേണ്ടിവരുന്നവര്‍ക്ക് ഈ ജന്മത്തില്‍ സമാധാനത്തോടെ ജീവിക്കാനാവും.അവരാണ് അഘോരികള്‍.
മുജ്ജന്‍മത്തെ അറിയാം
നമ്മള്‍ ഈ ജന്മത്തില്‍ അഘോരികളായി മാറിക്കഴിഞ്ഞ് ധ്യാനവും മറ്റും തുടര്‍ച്ചയായി ചെയ്തുതുടങ്ങുമ്പോള്‍ കഴിഞ്ഞ ജന്മം മുഴുവന്‍ മുന്‍പില്‍ തെളിഞ്ഞുവരാന്‍ തുടങ്ങും. അപ്പോള്‍ നമുക്ക് അറിയാനാകും എത്രത്തോളം നമ്മള്‍ കഴിഞ്ഞ ജന്മത്തില്‍ ഹിംസകള്‍ ചെയ്തിരുന്നു എന്ന്.
അഘോരികളെ ശവം തിന്നുമോ?
അഘോരികളെപ്പറ്റി നിരവധിയായ തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അവര്‍ ദുര്‍മന്ത്രവാദികളാണ് എന്നതാണ് ഒരു തെറ്റിദ്ധാരണ. മറ്റൊന്ന് അവര്‍ ഗംഗയിലൂടെ ഒഴുകിവരുന്ന ശവത്തെ പാകം ചെയ്ത് തിന്നുന്നവരാണ് എന്നതാണ്. ശ്മശാനത്തില്‍ പൂജിക്കുന്ന മസാനികള്‍ ആണ് ശവം ഭക്ഷിക്കുന്നവര്‍. കറുത്തവസ്ത്രം ധരിച്ച് ശ്മശാനത്തില്‍ ശവപൂജ ചെയ്യുന്നവരാണ് മസാനികള്‍. അവര്‍ വേറെ സമ്പ്രദായക്കാരാണ്. അല്ലാതെ അഘോരികള്‍ അല്ല.
വാസ്തവത്തില്‍ മലത്തെപ്പോലും അവര്‍ പരിശുദ്ധമായി കാണുന്നവരാണ് അഘോരികള്‍. സകല ചരാചരങ്ങളെയും ഒന്നായി കാണുന്നവരുമാണ് അഘോരികള്‍. ഉള്ളിലെ ഭയം, കോപം, അത്യാസക്തി, അത്യാഗ്രഹം തുടങ്ങി എല്ലാ സങ്കീര്‍ണ്ണതകളും ലയിപ്പിച്ച് സ്വതന്ത്രരായവര്‍. അതാണ് അഘോരി. ഗുരുവാണ് അവര്‍ക്കെല്ലാം. ഗുരു പറയുന്നത് അണുവിട തെറ്റിക്കാതെ പാലിക്കുന്നവരാണ് അവര്‍. ഒന്നും ആഗ്രഹിക്കാത്തവരാണ് അഘോരികള്‍. നിരന്തരം ധ്യാനിച്ച് ഒരു തരം നിര്‍വ്വാണപദത്തിലെത്തിയവരാണവര്‍. അവര്‍ക്ക് പണമോ ആഡംബരങ്ങളോ ഒന്നും വേണ്ട.
ഹ്യൂയാൻസാങ്ങ് അഘോരികളെക്കുറിച്ച് പറഞ്ഞതെന്ത്?
പ്രാചീനകാലചൈനീസ് സഞ്ചാരിയായിയും പണ്ഡിതനുമായിരുന്ന ഹ്യൂയാൻസാങ്ങിന്റെ ഇന്ത്യയെക്കുറിച്ചുള്ള യാത്രാവിവരണങ്ങളിലാണ് അഘോരികളെക്കുറിച്ച് ആദ്യമായി പരാമർശമുണ്ടായിട്ടുള്ളതെന്ന് കരുതപ്പെടുന്നു. നഗ്നരായ ഈ സന്ന്യാസിമാർ ചിതാഭസ്മം ദേഹത്ത് പൂശിയിരുന്നതായും ഹ്യൂയാൻസാങ്ങ് രേഖപ്പെടുത്തിയിട്ടുണ്ട്.
ശൈവവിശ്വാസപ്രകാരം സംപൂർണ്ണ പ്രപഞ്ചത്തിലെ സർവ്വവും ശിവമയമാണ്. അഘോരമൂർത്തി എന്ന സങ്കല്പത്തിൽ ശിവനെയും കാളിദേവിയെയും ഭജിച്ചിരുന്ന ഇവർ അസാധാരണങ്ങളായ പല ആചാരങ്ങളും അനുഷ്ഠിച്ചിരുന്നു.ശിവനെപ്പോലെ ശ്മശാനത്തിലാണ് വാസം. ശരീരത്തെക്കുറിച്ചുളള ചിന്തകൾ ഇവരെ ബാധിക്കുന്നേയില്ല. തങ്ങൾക്ക് പുറത്തുളളതെല്ലാം മിഥ്യയാണെന്ന് ഇവർ വിശ്വസിക്കുന്നു. ആളുകൾ കടന്ന് വരാൻ മടിക്കുന്ന ശ്മശാന ഭൂമികയിൽ തങ്ങൾക്ക് ഏകാഗ്രതയോടെ ധ്യാനിക്കാൻ കഴിയുന്നതായി ഇവർ അവകാശപ്പെടുന്നു.
അമാനുഷിക ശക്തികൾ ഉള്ള അഘോരികൾ
ധാരാളം അമാനുഷിക ശക്തികൾ ഉള്ളവരാണ് അഘോരികൾ. വളരെ കഠിനമായ സാധനകൾ ഇവർ അനുഷ്ഠിച്ച് പോരുന്നു. സാധനകളിൽ ഏർപ്പെടുന്നത് പോലെയുള്ള ഇത്തരം അനുഷ്‌ഠാനങ്ങൾ അമാനുഷിക ശക്തികളെ ഉയർത്താൻ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. അഘോരികളുടെ മാനസികശക്തി അപാരമാണെന്ന് കരുതപ്പെടുന്നു. മന്ത്ര-തന്ത്ര സിദ്ധികൾ കൈവരിച്ച ഒരു സാധകനു ആകാശത്തിൽ നിന്നു സൂര്യകിരണങ്ങളെ ആവാഹിച്ച് അതുകൊണ്ടു അഗ്നികുണ്ഡം ജ്വലിപ്പിക്കാൻ സാധിക്കുമെന്നും ആകാശത്തിൽ മഞ്ഞുമഴപെയ്യിക്കാനും മൂടൽമഞ്ഞുകൊണ്ടു മറ സൃഷ്ടിക്കുവാനും ഇവർക്കു കഴിവുണ്ടെന്നും കരുതുന്നു. എരിയുന്നതീയിൽക്കൂടി നടക്കുക. ആളിക്കത്തുന്ന അഗ്നിയിൽ കിടക്കുക. ത്രിശൂലത്താൽ ആഞ്ഞുകുത്തിയാലും രക്തം വരാതിരിക്കുക തുടങ്ങിയ വിദ്യകൾ മിക്കവർക്കും അറിയാം. ഘടികാരം സ്തംഭിപ്പിക്കുക വസ്ത്രം തനിയെ കീറുക. അതു കത്തിക്കുക. ഒരാളുടെ ധമനികൾപൊട്ടിച്ച് രക്തം ഒഴുക്കുക തുടങ്ങിയ പ്രയോഗങ്ങളൊക്കെ ഏകാഗ്രമാക്കിയ മനസ്സിന്റെ അപാരമായ മന്ത്രസിദ്ധികളുടെ ഫലമാണെന്നും അഘോരികൾ സമർത്ഥിക്കുന്നു. പരകായപ്രവേശം അറിയുന്നവരും അഘോരികളിലുണ്ട്. ആത്മാക്കളോടു സംസാരിക്കുവാനും ഇവർക്കു സാധിക്കും. കുണ്ഡലിനീ ശക്തിയെ ഉണർത്തുന്നതിൽ അപാരമായ പ്രാവിണ്യം നേടിയവരാണു അഘോരികൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: