പ്രയാഗ് രാജ് :മഹാകുംഭമേളയില്‍ രുദ്രാക്ഷം ഉള്‍പ്പെടെയുള്ള മാലകള്‍ വില്‍ക്കാന്‍ മധ്യപ്രദേശില്‍ നിന്നും എത്തിയ സുന്ദരിയായ പെണ്‍കുട്ടി ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബര്‍മാരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. പിന്നീടങ്ങോട്ട് സമൂഹമാധ്യമങ്ങളില്‍ എവിടെ നോക്കിയാലും ഈ പെണ്‍കുട്ടിയുടെ വീഡിയോകളും ഫോട്ടോകളും ആയിരുന്നു നിറഞ്ഞുനിന്നിരുന്നത്.
മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ രുദ്രാക്ഷ മാല വില്‍ക്കാന്‍ എത്തിയ പെണ്‍കുട്ടി യുട്യൂബര്‍മാരുടെ ശല്ല്യം മൂലം സ്ഥലം വിടുന്ന വീഡിയോ ഇതില്‍ നാണം കൊണ്ട് കൂമ്പുന്ന മിഴികളുള്ള പെണ്‍കുട്ടിയല്ല, ഒരു ഭദ്രകാളിയായി ഉറഞ്ഞുതുള്ളുന്ന പെണ്‍കുട്ടിയെയാണ് കാണുക. അപ്പോഴും തന്നെ ഷൂട്ട് ചെയ്യാന്‍ വരുന്ന ഒരു യൂട്യൂബറുടെ ഫോണ്‍ പെണ്‍കുട്ടി തട്ടിപ്പറിച്ചെടുത്ത് ദേഷ്യത്തോടെ വലിച്ചെറിഞ്ഞ് ഉടയ്‌ക്കുന്നതും ഈ വീഡിയോയില്‍ കാണാം. :
ഇതോടെ എന്തിന് വേണ്ടിയാണോ അവര്‍ അവിടെ എത്തിയത് അത് മാത്രം പെണ്‍കുട്ടിക്ക് ചെയ്യാന്‍ കഴിഞ്ഞില്ല. മാല വില്‍പന. പ്രയാഗ് രാജില്‍ കാലുകുത്തി മണിക്കൂറുകള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ താരമായതോടെ ഈ പെണ്‍കുട്ടിയെ തേടി കൂടുതല്‍ കൂടുതല്‍ വ്ളോഗര്‍മാരും യൂട്യൂബര്‍മാരും എത്തി അവരെ പൊതിയാന്‍ തുടങ്ങി. പിന്നെ വീഡിയോ എടുക്കലും ചോദ്യങ്ങള്‍ ചോദിക്കലും. പൊലീസിന് തടയാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു ഇവരുടെ ശല്യം.
അതോടെ മറ്റ് മാര്‍ഗ്ഗമില്ലാതെ ആ പെണ്‍കുട്ടിക്ക് മഹാകുംഭമേളയുടെ വേദി വിട്ട് ഓടിപ്പോകേണ്ടിവന്നു. പെണ്‍കുട്ടി മഹാകുംഭമേളയില്‍ നിന്നും മടങ്ങിപ്പോകുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. വലിയ കണ്ണുകളും നിഷ്കളങ്കമായ പുഞ്ചിരിയും ഉള്ള സൗന്ദര്യം വഴിയുന്ന ഈ കറുത്ത പെണ്‍കുട്ടിയുടെ മറ്റൊരു മുഖമായിരുന്നു ആ വീഡിയോയില്‍ കണ്ടത്. നാണം കൊണ്ട് കൂമ്പുന്ന പുഞ്ചിരിയല്ല, ആകെ രോഷം കൊണ്ട് കത്തിക്കാളുന്ന പെണ്‍കുട്ടിയെയാണ് കണ്ടത്. അപ്പോഴും ആ പെണ്‍കുട്ടിയെ ഷൂട്ട് ചെയ്യാന്‍ ശ്രമിക്കുന്ന ഒരു യൂട്യുബറുടെ ഫോണ്‍ വാങ്ങി പെണ്‍കുട്ടി തറയില്‍ എറിഞ്ഞുടയ്‌ക്കുന്നതും കാണാമായിരുന്നു. അത്രത്തോളം അവള്‍ സ്മാര്‍ട്ട് ഫോണുകളെ വെറുത്തുപോയിരുന്നു.
സമൂഹമാധ്യമങ്ങളുടെ കണ്ണൊന്നു പതിഞ്ഞുപോയാല്‍ ജീവിക്കാന്‍ കഴിയില്ലെന്നതിന്റെ മറ്റൊരു ഉദാഹരണമായി മാറി മഹാകുംഭമേളയിലെ മാലവില്‍പനക്കാരിയായ ഈ ഇരുണ്ട സുന്ദരിക്കുട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക