Kerala

വേതന പാക്കേജ് പരിഷ്‌കരിക്കണം അംഗീകരിച്ചില്ല; അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി

എന്നാല്‍ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രി അറിയിച്ചത്

Published by

തിരുവനന്തപുരം: ഈ മാസം 27 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുളള അനിശ്ചിതകാല പണിമുടക്കില്‍ മാറ്റമില്ലെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി.വേതന പാക്കേജ് നടപ്പിലാക്കണം എന്ന ആവശ്യം നിരാകരിച്ചതോടെയാണ് പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി അറിയിച്ചത്.

ഏഴ് വര്‍ഷമായി ഉന്നയിക്കുന്ന ആവശ്യമാണിതെന്ന് സമരസമിതി ജനറല്‍ കണ്‍വീനര്‍ ജോണി നെല്ലൂര്‍ പറഞ്ഞു.റേഷന്‍ കട അടച്ചിട്ട് സമരം ചെയ്യും.

അടിസ്ഥാന വേതനം 18000 രൂപയാണ് . എല്ലാ ചെലവും കഴിഞ്ഞാല്‍ തുച്ഛമായ തുകയാണ് വ്യാപാരികള്‍ക്ക് ലഭ്യമാകുക. വില്‍പ്പന പരിധി ഒഴിവാക്കണമെന്നും റേഷന്‍ വ്യാപാരി സംയുക്ത സമരസമിതി ആവശ്യപ്പെട്ടു.

റേഷന്‍ വ്യാപാരികളുടെ പണിമുടക്ക് ഒഴിവാക്കാന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ വ്യാപാരികളുമായി നടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചത്.

ക്ഷേമിനിധി പെന്‍ഷന്‍ വര്‍ദ്ധന,KTPDS ആക്ടിലെ ഭേദഗതി എന്നിവയിലെല്ലാം വ്യാപാരികളുടെ ആവശ്യം ഭക്ഷ്യവകുപ്പ് അംഗീകരിച്ചു. എന്നാല്‍ വേതന പാക്കേജ് പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം അംഗീകരിക്കാനാവില്ലെന്നാണ് മന്ത്രി അറിയിച്ചത്.

സംസ്ഥാനത്ത് 14248 റേഷന്‍ കടകളാണ് ഉളളത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by