India

സെയ്ഫ് അലിഖാനെ കുത്തിയ മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാമിനെ പിടികൂടാന്‍ സഹായിച്ചത് ഒരാഴ്ച മുമ്പത്തെ സിസിടിവി ദൃശ്യങ്ങള്‍

നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി ബംഗ്ലാദേശി യുവാവിനെ പിടികൂടാന്‍ സഹായിച്ചത് സംഭവത്തിന് ഒരാഴ്ച മുന്‍പേ മുംബൈയിലെ തെരുവിലൂടെ അയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍.

Published by

മുംബൈ: നടന്‍ സെയ്ഫ് അലിഖാനെ കുത്തിയ പ്രതി ബംഗ്ലാദേശി യുവാവിനെ പിടികൂടാന്‍ സഹായിച്ചത് സംഭവത്തിന് ഒരാഴ്ച മുന്‍പേ മുംബൈയിലെ തെരുവിലൂടെ അയാള്‍ നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍. ഈ ദൃശ്യങ്ങള്‍ എല്ലാ പൊലീസ് സ്റ്റേഷനുകളിലും അയച്ചുകൊടുക്കുകയും ഇതിന്റെ പോസ്റ്ററുകള്‍ വ്യാപകമായി പൊലീസ് പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. പ്രതിയുടെ വ്യക്തമായ മുഖവും ശരീരഭാഷയും എല്ലാം കൃത്യമായി സിസിടിവി ദൃശ്യത്തില്‍ പതിഞ്ഞിരുന്നു.

പ്രതിയായ ബംഗ്ലാദേശി മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദ് ജനവരി 9ന് മുംബൈയിലെ ദാദര്‍, പ്രഭാദേവി ഏരിയകളിലൂടെ നടന്നുപോകുന്ന ദൃശ്യമാണ് പൊലീസിന് കിട്ടിയത്. ദാദര്‍ റെയില്‍ വേ സ്റ്റേഷന്‍, പ്രഭാദേവിയെ ഒരു പ്രദേശം, വര്‍ളി കോളിവാഡ പ്രദേശം എന്നിവിടങ്ങളിലൂടെയാണ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ് സാദ് ചുറ്റിത്തിരിയുന്നത്. ഇദ്ദേഹത്തിന് മറ്റു പല പേരുകളും ഉണ്ടായിരുന്നതാണ് പൊലീസിനെ കുഴക്കിയത്. ബിജോയ് ദാസ്, വിജയ് ദാസ്, മുഹമ്മദ് ഇല്യാസ്, ബിജെ തുടങ്ങിയവയെല്ലാം പ്രതിയുടെ മറ്റ് വിളിപ്പേരുകളായിരുന്നു.

ഇയാളുടെ  പോസ്റ്ററുകള്‍ എല്ലായിടത്തും വ്യാപകമായി പതിച്ചിരുന്നു. ഇതാണ് മുഹമ്മദ് ഷെരിഫുള്‍ ഇസ്ലാം ഷെഹ്സാദിനെ പിടിക്കാന്‍ വേണ്ട സൂചനകള്‍ പൊലീസിന് കിട്ടാന്‍ സഹായിച്ചത്.

ജനവരി 16ന് പുലര്‍ച്ചെ 2.30നാണ് സെയ്ഫ് അലിഖാന് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ ബില്‍ഡിംഗില്‍ വെച്ച് കുത്തേറ്റത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക