Kerala

ഘടകകക്ഷിയാക്കണം, ഒന്നിച്ച് പ്രവർത്തിക്കാൻ താത്പര്യമുണ്ട് ; യുഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കി പി വി അന്‍വര്‍

താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം , എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് കൈമാറിയത്

Published by

നിലമ്പൂര്‍: യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച്  നേതൃത്വത്തിന് കത്ത് നല്‍കി മുന്‍ എംഎല്‍എ പി വി അന്‍വര്‍. യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉന്നയിച്ചാണ് കത്ത് അയച്ചിരിക്കുന്നത്.

യുഡിഎഫ് കണ്‍വീനര്‍, ചെയര്‍മാന്‍ എന്നിവര്‍ക്ക് പുറമേ എല്ലാ ഘടകകക്ഷി നേതാക്കള്‍ക്കും കോണ്‍ഗ്രസിന്റെ ഏറ്റവും പ്രധാനപ്പെട്ട നേതാക്കള്‍ക്കും കത്ത് കൈമാറിയിട്ടുണ്ട്. താന്‍ ഉയര്‍ത്തുന്ന രാഷ്‌ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം , എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് കൈമാറിയത്.

അതേ സമയം രാഷ്‌ട്രീയ കാര്യ സമിതി യോഗം അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ചര്‍ച്ച നടത്തുന്നതിന് മുന്നോടിയാണ് കത്ത് കൈമാറ്റം. എംഎല്‍എ പദവിയൊഴിഞ്ഞ പി വി അന്‍വര്‍ നിലമ്പൂരിനെ പ്രതിനിധീകരിച്ച് ഇനി മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. മറിച്ച് യുഡിഎഫ് നിര്‍ത്തുന്ന സ്ഥാനാര്‍ത്ഥിക്ക് നിരുപാധികമായ പിന്തുണ നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

എന്നാൽ അന്‍വറിനെ അവഗണിക്കുന്നത് ഗുണകരമല്ലെന്നും പിന്തുണ അനിവാര്യമാണെന്നും കോണ്‍ഗ്രസിനുള്ളില്‍ പലതരത്തിലുള്ള വിലയിരുത്തലുകളുണ്ട്. വി ഡി സതീശനെതിരായ ആരോപണങ്ങളില്‍ അന്‍വര്‍ മാപ്പ് പറഞ്ഞതോടെ ഇക്കാര്യത്തില്‍ വി ഡി സതീശന്റെ നിലപാട് എന്താകുമെന്നും നിര്‍ണായകമാണ്. നിലവില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ നിലപാടും അന്‍വറിന് അനുകൂലമാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by